Flash News

Entertainment


30/05/2024 351

പുതു ചരിത്രം സൃഷ്ടിക്കാൻ കൽക്കി 2898 എ.ഡി

വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് – നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘കല്‍ക്കി 2898 എ.ഡി’യുടെ ഏറ്റവും പ്രധാനപ്പെട്ട അപ്ഡേറ്റ് പുറത്ത്. റിലീസിന് മുന്‍പ് തന്നെ ചരിത്രങ്ങള്‍ സൃഷ്ടിക്കുന്ന ചിത്രം പുതു ചരിത്രം സൃഷ്ടിക്കുന്നു. ഇന്ത്യയില്‍ തന്നെ ആദ്യത്തെ ആനിമേഷന്‍ സീരീസിന്റെ തിയേറ്റര്‍ സ്‌ക്രീനിങ്ങ് ആരംഭിക്കുകയാണ് ടീം കല്‍ക്കി 2898 എ.ഡി. ആദ്യ എപ്പിസോഡ് ബുജി ആന്‍ഡ് ഭൈരവ മെയ് 30 ന് തിരഞ്ഞെടുക്കപ്പെട്ട തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും.

മെയ് 31 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ഗ്ലിമ്പ്സ് വീഡിയോ പ്രദര്‍ശനം ആരംഭിക്കും. ഹൈദരാബാദ് ഐ.എം.ബി സിനിമാസ്, സിനിപോളിസ് അന്ധേരി മുംബൈ, ഡി.എല്‍.എഫ് സാകേത് ഡല്‍ഹി, ഒറിയോണ്‍ മാള്‍ ഹൈദരാബാദ്, റീല്‍ സിനിമാസ് ദുബായ് എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട തീയേറ്ററുകളില്‍ ചിലത്.

ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അഷ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സിന് വലിയ പ്രതികരണമാണ് ലഭിച്ചത്. ലോകപ്രശസ്തമായ സാന്‍ ഡിയാഗോ കോമിക് കോണ്‍ ഇവന്റില്‍ ലോഞ്ച് ചെയ്ത ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് കല്‍ക്കി.

ദീപിക പദുകോണാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കമല്‍ ഹാസന്‍ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും കല്‍ക്കിക്ക് ഉണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, ദിഷ പഠാനി, പശുപതി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം. ജൂണ്‍ 27ന് ചിത്രം തിയേറ്ററുകളിലെത്തും. പിആര്‍ഒ: ആതിര ദില്‍ജിത്ത്