Flash News

News


17/10/2024 208

സുരക്ഷിതമായ പോഷകാഹാരം സാധാരണക്കാർക്ക് ലഭ്യമാക്കുവാൻ ശാസ്ത്ര സമൂഹം മുന്നോട്ടു വരണം- മന്ത്രി പി പ്രസാദ്

വെള്ളായണി കാർഷിക കോളേജിൽ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ കൃഷിവകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പകുതിയിലധികം രോഗങ്ങൾക്ക് കാരണം അനാരോഗ്യകരമായ ഭക്ഷണക്രമമാണെന്നും സുരക്ഷിതമായ പോഷകാഹാരം സാധാരണക്കാർക്ക് ഉറപ്പുവരുത്തുവാൻ ആവശ്യമായ സംഭാവന നൽകേണ്ടത് നമ്മുടെ ശാസ്ത്ര സമൂഹത്തിൻറെ ഉത്തരവാദിത്വമാണ് എന്ന് മന്ത്രി ഓർമിപ്പിച്ചു. ആഗോള പോഷകാഹാര സുരക്ഷയ്ക്കുള്ള നൂതന മാർഗ്ഗങ്ങൾ- ഭക്ഷ്യ സമ്പുഷ്ടീകരണത്തിലൂടെ’ എന്ന വിഷയത്തെ അധികരിച്ച് യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ (യു.എൻ ഡബ്ല്യു.എഫ്.പി) പ്രോജക്റ്റായ റൈസ് ഫോർട്ടിഫിക്കേഷനായുള്ള സാങ്കേതിക സഹായയൂണിറ്റും, വെള്ളായണി കാർഷിക കോളേജിലെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രവും സംയുക്തമായാണ് രണ്ടു ദിവസത്തെ സെമിനാർ സംഘടിപ്പിക്കുന്നത്. യു.എൻ ഡബ്ല്യു.എഫ്.പി ഇന്ത്യയുടെ ഡെപ്യൂട്ടി കൺട്രി ഡയറക്ടർ ഡോ. നോസോമി ഹാഷിമോട്ടോ മുഖ്യപ്രഭാഷണം നടത്തി. കാർഷിക സർവകലാശാലയുമായി ചേർന്നുകൊണ്ട് അരിയുടെ പോഷക സമ്പുഷ്ടീകരണയൂണിറ്റുകൾ വഴി പോഷകാഹാര സുരക്ഷയ്ക്കും അതിൻറെ പ്രചാരണത്തിനും ആവശ്യമായ സാങ്കേതിക സഹായം തുടർന്നും നൽകുന്നതിന് ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ സഹകരണം ഉണ്ടാകുമെന്ന് അറിയിച്ചു. കൂടാതെ, കാർഷിക സർവ്വകലാശാല ഡീൻ ഓഫ് ഫാക്കൽറ്റി ഡോ. റോയ് സ്റ്റീഫൻ, പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. അനിത് കെ എൻ., ഗവേഷണ വിഭാഗം മേധാവി ഡോ. ഫൈസൽ എം എച്ച്, സർവകലാശാല ജനറൽ കൗൺസിൽ അംഗം ഡോ. തോമസ് ജോർജ്, അക്കാഡമിക് കൗൺസിൽ അംഗം ഡോ. റഫീക്കർ എം, സെമിനാർ സെക്രട്ടറി - ഡോ. ബീല. ജി. കെ, എന്നിവർ സംസാരിച്ചു. രണ്ടുദിവസമായി നടത്തുന്ന സെമിനാറിൽ ദേശീയ അന്തർദേശീയവൈജ്ഞാനിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.