News
30/08/2023 139
ചൈനയുടെ പുതിയ ഭൂപടം ;പ്രതികരണവുമായി രാഹുൽഗാന്ധി
Rahul Gandhi on china map: ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ചൈന പുതിയ ഭൂപടം പ്രസിദ്ധീകരിച്ചതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ലഡാക്കില്‍ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത് നുണയാണെന്ന് വര്‍ഷങ്ങളായി ഞാന്‍ പറയുന്നുണ്ട്. ചൈന അതിക്രമിച്ചുകയറിയെന്ന് ലഡാക്കിന് മുഴുവന്‍ അറിയാം. ഈ ഭൂപട വിഷയം വളരെ ഗൗരവമുള്ളതാണ്. അവര്‍ ഭൂമി തട്ടിയെടുത്തു. പ്രധാനമന്ത്രി ഇതിനെക്കുറിച്ച് എന്തെങ്കിലും സംസാരിക്കണം' കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
അരുണാചല്‍ പ്രദേശ്, അക്സായി ചിന്‍ മേഖല, തായ്വാന്‍, തര്‍ക്കം നിലനില്‍ക്കുന്ന ദക്ഷിണ ചൈനാ കടല്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ചൈന 'സ്റ്റാന്‍ഡേര്‍ഡ് മാപ്പിന്റെ' പുതിയ പതിപ്പ് പുറത്തിറക്കിയിത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇതില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ചൈനയുടെ ഈ നടപടികള്‍ അതിര്‍ത്തി പ്രശ്‌ന പരിഹാരം സങ്കീര്‍ണ്ണമാക്കുകയാണെന്നും പ്രതികരിച്ചു.
'അവരുടേതല്ലാത്ത ഭൂപ്രദേശങ്ങളുള്ള ഉള്‍പ്പെടുത്തി ചൈന ഭൂപടങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. അതൊരു പഴയ ശീലമാണ്. ഇന്ത്യയുടെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം ഇറക്കിയെന്നു കരുതി ഒരു മാറ്റവും ഉണ്ടാകില്ല. നമ്മുടെ അതിര്‍ത്തി എന്താണെന്ന് സര്‍ക്കാരിന് വളരെ വ്യക്തമായി അറിയാം. അസംബന്ധമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിവൂടെ മറ്റുള്ളവരുടെ പ്രദേശങ്ങള്‍ നിങ്ങളുടേതാക്കില്ല' ചൈനീസ് നടപടിയോട് പ്രതികരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കര്‍ എന്‍ഡിടിവിയോട് പറഞ്ഞു.
ചൈനയുടെ പുതിയ ഭൂപടം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സംഘര്‍ഷം വര്‍ധിപ്പിച്ചിരിക്കുകയാണിപ്പോള്‍. അതേസമയം അടുത്തയാഴ്ച ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി20 നേതാക്കളുടെ ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പങ്കെടുത്തേക്കുമെന്ന് സൂചനയുണ്ട്.
അരുണാചല്‍ പ്രദേശിനെ ഉള്‍പ്പെടുത്തി പുതിയ ചൈനീസ് ഭൂപടം; പ്രതിഷേധമറിയിച്ച് ഇന്ത്യ
China map with Arunachal Pradesh: അരുണാചല്‍ പ്രദേശിനെയും അക്‌സായി ചിന്നിന്റെയും ഉള്‍പ്പെടുത്തി പുതിയ ഭൂപടം പ്രസിദ്ധീകരിച്ച ചൈനീസ് നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ.
ചൈനയുടെ ഇത്തരം നടപടികള്‍ അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നത് കൂടുതല്‍ സങ്കീര്‍ണ്ണമാക്കയാണെന്നും വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു.
അരുണാചല്‍ പ്രദേശ്, അക്സായ് ചിന്‍ മേഖല, തായ്‌വാന്‍, തര്‍ക്കത്തിലുള്ള ദക്ഷിണ ചൈന കടല്‍ എന്നിവ ഉള്‍പ്പെടുന്ന ഭൂപടത്തിന്റെ പുതിയ പതിപ്പ് തിങ്കളാഴ്ച്ചയാണ് ചൈന പുറത്തിറക്കിയത്.
'ഇന്ത്യന്‍ പ്രദേശത്തിന് അവകാശവാദമുന്നയിക്കുന്ന ചൈനയുടെ 'സ്റ്റാന്‍ഡേര്‍ഡ് മാപ്പ് 2023 ' നെതിരെ നയതന്ത്ര മാര്‍ഗങ്ങളിലൂടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അവകാശവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലാത്തതിനാല്‍ തന്നെ ഈ ഭൂപടം നിഷേധിക്കുന്നു. ചൈനയുടെ ഇത്തരം നടപടികള്‍ അതിര്‍ത്തി പ്രശ്‌ന പരിഹാരത്തെ സങ്കീര്‍ണ്ണമാക്കുകയേ ഉള്ളൂ' വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി മാധ്യമങ്ങളോട് പറഞ്ഞു. അരുണാചല്‍ പ്രദേശ് എല്ലായ്പ്പോഴും രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അത് അങ്ങനെ തുടരുമെന്നും ഇന്ത്യ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ചൈനീസ് സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് സോഷ്യല്‍ മീഡിയയില്‍ ചൈനയുടെ ഭൂപടത്തിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയതായി പ്രഖ്യാപിച്ചത്. ഭൂപടത്തില്‍ തായ്‌വാന്‍ ദ്വീപും ദക്ഷിണ ചൈന കടലിന്റെ വലിയൊരു ഭാഗവും ചൈനീസ് പ്രദേശത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിയറ്റ്നാം, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രൂണെ, തായ്‌വാന്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ദക്ഷിണ ചൈന കടല്‍ പ്രദേശങ്ങളില്‍ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.