Flash News

News


30/08/2023 137

സമാജ്‌വാദി പാർട്ടി നേതാവിന്റെ നാവിന് പത്തുലക്ഷമോ?

Hindutwa Controversy: ഹിന്ദുത്വം ഒരു തട്ടിപ്പാണെന്ന പ്രസ്‌താവനയിലൂടെ വിവാദമുണ്ടാക്കിയ സമാജ്‌വാദി പാർട്ടി (എസ്‌പി) നേതാവ് സ്വാമി പ്രസാദ് മൗര്യയുടെ നാവ് മുറിക്കുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് യുപി മൊറാദാബാദിലെ കോൺഗ്രസ് നേതാവ്.

മൊറാദാബാദിലെ കോൺഗ്രസിന്റെ മനുഷ്യാവകാശ വകുപ്പ് ചെയർമാൻ പണ്ഡിറ്റ് ഗംഗാ റാം ശർമ്മ, എസ്‌പി  നേതാവ് ഹിന്ദുമതത്തെ അപമാനിക്കുകയും മതഗ്രന്ഥമായ രാമചരിതമനസിനെ അപകീർത്തിപ്പെടുത്തുകയും ചെയ്‌തുവെന്ന് ആരോപിച്ചു. പാരിതോഷികം പ്രഖ്യാപിച്ച് അദ്ദേഹം എഴുതിയ കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഈ ആഴ്‌ച ആദ്യമാണ് മൗര്യ, തന്റെ എക്‌സ് പോസ്‌റ്റിൽ ഹിന്ദുത്വത്തെ തട്ടിപ്പ് എന്ന് വിശേഷിപ്പിച്ചത്. സമൂഹത്തിലെ എല്ലാ അസമത്വങ്ങൾക്കും കാരണം ബ്രാഹ്മണിസമാണെന്നും അദ്ദേഹം പറഞ്ഞു.

"ബ്രാഹ്മണിസത്തിന്റെ വേരുകൾ വളരെ ആഴമുള്ളതാണ്, എല്ലാ അസമത്വങ്ങൾക്കും കാരണം ബ്രാഹ്മണിസമാണ്. ഹിന്ദു എന്നൊരു മതമില്ല; ഹിന്ദുത്വം വെറും തട്ടിപ്പാണ്. ഈ രാജ്യത്തെ ദളിതരെയും ആദിവാസികളെയും പിന്നോക്കക്കാരെയും കുടുക്കാനുള്ള ഗൂഢാലോചനയാണ്. ഹിന്ദു മതം ഉണ്ടായിരുന്നെങ്കിൽ ആദിവാസികൾക്ക് ബഹുമാനം ലഭിക്കുമായിരുന്നു, ദളിതർക്ക് ബഹുമാനം ലഭിക്കുമായിരുന്നു, പിന്നോക്കക്കാർക്ക് ബഹുമാനം ലഭിക്കുമായിരുന്നു, എന്നാൽ എന്തൊരു വിരോധാഭാസം..." അദ്ദേഹം എഴുതി.

ഈ വർഷം ജനുവരിയിൽ എസ്‌പി നേതാവ് ഹിന്ദു മതഗ്രന്ഥമായ രാമചരിതമനസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു, അതിനെ "വിഡ്ഢിത്തം" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാംചരിതമനസ്സ് താഴ്ന്ന ജാതിയായാണ് ശൂദ്രരെ കാണിച്ചതെന്നും തുളസീദാസ് തന്റെ സ്വന്തം സന്തോഷത്തിനാണ് ഈ വാചകം എഴുതിയതെന്നും അദ്ദേഹം പറഞ്ഞു.

പിന്നാലെ ഈ പരാമർശങ്ങൾ വ്യാപകമായ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. എന്നാൽ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടിയാവട്ടെ മൗര്യയുടെ അഭിപ്രായത്തിൽ നിന്ന് അകലം പാലിക്കുകയായിരുന്നു. അതേസമയം, മൗര്യയുടെ പ്രസ്‌താവന പാർട്ടി നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് എസ്‌പി നേതാവ് മനോജ് കുമാർ പാണ്ഡെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.