Flash News

News


30/08/2023 141

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; നാളെ ഇ ഡി ഓഫീസിൽ ഹാജരാകാൻ അസൗകര്യമെന്നു എ സി മൊയ്തീൻ

Karuvannur Bank Fraud: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിക്ക് മുന്നിൽ എസി മൊയ്‌തീൻ നാളെ ഹാജരാകില്ല. അസൗകര്യം അറിയിച്ച് മൊയ്‌തീൻ മറുപടി നൽകി. നാളെ ഹാജരാകണമെന്ന് കാണിച്ച് 28ന് സ്‌പീഡ് പോസ്‌റ്റായി അറിയിപ്പ് ലഭിച്ചിരുന്നു. തനിക്ക് അസൗകര്യം ഉണ്ടെന്നും, അതിനാൽ നാളെ ഹാജരാകാനാവില്ലെന്ന് മറുപടി നൽകിയതായി എസി മൊയ്‌തീൻ പറഞ്ഞു. മറ്റൊരു ദിവസം ഹാജരാകുമെന്നും അറിയിച്ചതായി മൊയ്‌തീൻ പറഞ്ഞു. 

അതേസമയം, കേസിലെ ബിനാമി ഇടപാടുകാർ ഇഡി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരായി. മുൻ മാനേജർ ബിജു കരീം, പിപി കിരൺ, അനിൽ സേട്ട് എന്നിവരാണ് ചോദ്യം ചെയ്യലിന് ഹാജരായത്. കഴിഞ്ഞയാഴ്‌ച മുൻ മന്ത്രിയും എംഎൽഎയുമായ എസി മൊയ്‌തീന്റെ വീട്ടിൽ ഇഡി റെയ്‌ഡ്‌ നടത്തിയിരുന്നു. 23 മണിക്കൂറോളം നീണ്ട പരിശോധനയിൽ എസി മൊയ്‌തീന്റെ ഭാര്യയുടേയും മകളുടേയും അക്കൗണ്ടുകൾ ഇഡി പരിശോധിച്ചു.

കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കോടികളുടെ ബിനാമി ലോണുകൾക്ക് പിന്നിൽ എസി മൊയ്തീനാണെന്ന് എൻഫോഴ്സ്മെന്റ് പറഞ്ഞിരുന്നു. ബാങ്ക് അംഗങ്ങൾ അല്ലാത്തവർക്കാണ് കൂടുതലായും ലോൺ അനുവദിച്ചത്. പാവപ്പെട്ടവരുടെ ഭൂമി അവർ അറിയാതെ ബാങ്കിൽ പണയപ്പെടുത്തിയെന്നും അന്വേഷണ സംഘം പുറത്ത് വിട്ട വാർത്താക്കുറിപ്പിലുണ്ട്. 

എസി മൊയ്‌തീൻ അടക്കമുള്ളവർക്കെതിരെ കൂടുതൽ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ റെയ്‌ഡിൽ 36 ഇടങ്ങളിലെ സ്വത്ത്‌ കണ്ടെത്തി. ഈ സ്വത്തുക്കൾക്ക് 15 കോടി രൂപയുടെ മൂല്യമാണുള്ളതെന്ന് ഇഡി റിപ്പോർട്ടിൽ പറയുന്നു. 

കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് മതിയായ ഈടില്ലാതെയാണ് വലിയ തുകകൾ വായ്‌പയായി അനുവദിച്ചത്. ബാങ്ക് സാമ്പത്തികമായി തകർന്നതോടെ നിക്ഷേപം നടത്തിയ നിരവധി സാധുക്കൾ പ്രതിസന്ധിയിലായി. പലരുടെയും വീടുകൾ ലോണെടുക്കാതെ ബാങ്കിൽ ഈട് വെച്ചതിൽ ജപ്‌തി നോട്ടീസും നൽകിയിരുന്നു. ഇതേ തുടർന്ന് ആത്മഹത്യകളടക്കം ഉണ്ടായി. ഈ സംഭവത്തെ കേന്ദ്രീകരിച്ചാണ് ഇഡിയുടെ അന്വേഷണം പുരോഗമിക്കുന്നത്.