News
30/08/2023 152
രാജ്യത്തെ വിനോദസഞ്ചാരമേഖലയിൽ വമ്പൻ കുതിച്ചുകയറ്റം
Indian Tourism: രാജ്യത്തെ ടൂറിസം മേഖലയിൽ വൻ കുതിപ്പ്. ഈ വർഷം ജനുവരി-ജൂൺ കാലയളവിൽ ഇന്ത്യയിലെത്തിയ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 2022ലെ ഇതേകാലയളവിലെ കണക്കിനേക്കാൾ 106 ശതമാനം കൂടുതലാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടാതെ, അവർ പങ്കിട്ട ഡാറ്റ അനുസരിച്ച്, 2023ലെ ഈ കാലയളവിലെ വിദേശനാണ്യ വരുമാനത്തിൽ കഴിഞ്ഞ വർഷത്തെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കാര്യമായ വളർച്ചയുണ്ടായി.
കോവിഡ് പകർച്ചവ്യാധിയുടെ ആഘാതത്തിന് ശേഷം, ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരികളുടെ വരവ് ഉയർത്താൻ ലക്ഷ്യമിട്ട്, ടൂറിസം മേഖലയിൽ ഇന്ത്യ നിരന്തരമായി പദ്ധതികൾ നടപ്പിലാക്കിവരികയാണ്. കോവിഡ് വ്യാപനത്തിന് ശേഷം ഇന്ത്യയിലേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ വരവ് (എഫ്‌ടിഎ) വർദ്ധിച്ചതായി അധികൃതർ നേരത്തെ പറഞ്ഞിരുന്നു.
“ജനുവരി-ജൂൺ കാലയളവിൽ ഈ വർഷം ഇന്ത്യയിലെത്തിയ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 43.80 ലക്ഷമാണ്, ഇത് 2022ലെ ഇതേ കാലയളവിലെ കണക്കിനേക്കാൾ (21.24 ലക്ഷം) 106 ശതമാനം കൂടുതലാണ്” കണക്കുകൾ വ്യക്തമാക്കുന്നു. ആഭ്യന്തര ടൂറിസത്തെ സംബന്ധിച്ചിടത്തോളം, ഈ കണക്ക് 2021 ൽ 677 ദശലക്ഷമായിരുന്നു, 2022ൽ ഇത് 1,731 ദശലക്ഷമായി വർദ്ധിച്ചു.
ജമ്മു കശ്‌മീരിലെ വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചതിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുമ്പോൾ, 2022ൽ ഇത് 1.8 കോടി കവിഞ്ഞപ്പോൾ 2023 ജനുവരി-ജൂൺ കാലയളവിലെ കണക്കുകൾ 1.09 കോടിയാണ്. വാരണാസിയിലെ കാശി വിശ്വനാഥ് ഇടനാഴിയുടെ നിർമ്മാണം ക്ഷേത്രനഗരത്തിലെ ടൂറിസത്തിന്റെ വളർച്ചയ്ക്ക് കാരണമായെന്ന് അധികൃതർ പറഞ്ഞു.
2021 ഡിസംബർ 13നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, 500,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന, ക്ഷേത്ര പരിസരത്തെ ഗംഗാ നദിയുമായി ബന്ധിപ്പിക്കുന്ന കാശി വിശ്വനാഥ് ഇടനാഴിയുടെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്‌തത്. വാരണാസിയിലെ വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടം സാംസ്‌കാരിക പുനരുജ്ജീവനത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അടുത്തിടെ മൻ കി ബാത്ത് പ്രസംഗത്തിൽ മോദി പറഞ്ഞിരുന്നു.
2022ൽ 7.16 കോടി ആളുകളും 2023ൽ (ജനുവരി-മെയ്) 2.29 കോടി ആളുകളും ക്ഷേത്രം സന്ദർശിച്ചതായി ചൊവ്വാഴ്‌ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇടനാഴിയുടെ ഉദ്ഘാടനത്തിനു ശേഷം ഏകദേശം 10 കോടി ഭക്തർ ക്ഷേത്രം സന്ദർശിച്ചതായി കാശി വിശ്വനാഥ ക്ഷേത്ര ട്രസ്‌റ്റ് സിഇഒ സുനിൽ വർമ അടുത്തിടെ പറഞ്ഞിരുന്നു.