Flash News

News


30/08/2023 182

മുതലാളിത്ത നയങ്ങളുള്ള പാർട്ടികളോട് സഖ്യത്തിനില്ലെന്നു മായാവതി

Mayawati statement on INDIA alliance: എൻഡിഎയുമായോ ഇന്ത്യാ ബ്ലോക്കുമായോ സഖ്യത്തിനില്ലെന്ന് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) മേധാവിയും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി പറഞ്ഞു. 2024 ൽ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും തന്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും മായാവതി വ്യക്തമാക്കി. 

എൻഡിഎയും ഇന്ത്യ സഖ്യവും ദരിദ്ര വിരുദ്ധ, ജാതി, വർഗീയ, ബിസിനസ് അനുകൂല, മുതലാളിത്ത നയങ്ങളുള്ള പാർട്ടികളാണെന്നും മായാവതി ട്വീറ്റ് ചെയ്തു.

"ഇത്തരം നയങ്ങൾക്കെതിരെ ബിഎസ്പി നിരന്തരം കലഹത്തിലാണ്, അതിനാൽ ഇവരുമായി സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യം പോലും ഉയരുന്നില്ല.

"എതിരാളികളുടെ കുതന്ത്രങ്ങൾക്ക് അതീതമായി ബിഎസ്പി, 2007ൽ ദശലക്ഷക്കണക്കിന് പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളെ പരസ്‌പര സാഹോദര്യത്തിന്റെ അടിസ്ഥാനത്തിൽ ഒന്നിപ്പിച്ച്  സഖ്യമുണ്ടാക്കി. 2007-ൽ ചെയ്‌ത അതേ രീതിയിൽ തന്നെ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിലും മത്സരിക്കും." മായാവതി ട്വിറ്ററിൽ കുറിച്ചു.

"എല്ലാവരും ബിഎസ്പിയുമായി സഖ്യത്തിന് താല്പര്യമുള്ളവരാണ്. ബിജെപിയുമായി കൂട്ടുനിൽക്കുമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പ്രതിപക്ഷവുമായി യോജിച്ചാൽ സെക്യുലർ എന്ന് വിളിക്കുന്നു. യോജിച്ചില്ലെങ്കിൽ ബിജെപി അനുഭാവികൾ എന്ന് വിളിക്കുന്നു." -ബിഎസ്പി നേതാവ് പറഞ്ഞു.

"ബിഎസ്പിയിൽ നിന്ന് പുറത്തുപോയ സഹറൻപൂരിലെ മുൻ എംഎൽഎ, കോൺഗ്രസിനെയും പാർട്ടിയുടെ ഉന്നത നേതാക്കളെയും പുകഴ്ത്തുന്നു. എന്തുകൊണ്ടാണ് അദ്ദേഹം പാർട്ടി വിട്ടതെന്ന ചോദ്യം സ്വാഭാവികമായും ആളുകൾക്കിടയിൽ ഉയരുന്നു. പൊതുജനങ്ങൾക്ക് എങ്ങനെയാണ് ഇത്തരം വ്യക്തികളെ വിശ്വസിക്കാൻ കഴിയുക?." മായാവതി ഹിന്ദിയിൽ എക്‌സിൽ എഴുതി.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും അച്ചടക്കരാഹിത്യവും ആരോപിച്ച് പടിഞ്ഞാറൻ ഉത്തർപ്രദേശിലെ പാർട്ടിയുടെ പ്രമുഖ മുഖമായ മുതിർന്ന നേതാവ് ഇമ്രാൻ മസൂദിനെ പുറത്താക്കിയതായി ബിഎസ്പി അറിയിച്ചിരുന്നു.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിലും അച്ചടക്കരാഹിത്യത്തിലും ഏർപ്പെടരുതെന്ന് മുൻ സ്വതന്ത്ര എംഎൽഎ കൂടിയായ മസൂദിന് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കാര്യമുണ്ടായില്ലെന്നും ബിഎസ്പി സഹാറൻപൂർ ജില്ലാ യൂണിറ്റ് പ്രസിഡന്റ് ജനേശ്വർ പ്രസാദ്  പുറത്താക്കിയ പ്രസ്താവനയിൽ പറഞ്ഞു.

എൻഡിഎയെ നയിക്കുന്നത് ഭാരതീയ ജനതാ പാർട്ടി (ബിജെപി) ആണ്. കൂടാതെ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ), ലോക് ജൻ ശക്തി പാർട്ടി (രാം വിലാസ് പാസ്വാൻ), നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) തുടങ്ങിയ പാർട്ടികളും ഇതിൽ ഉൾപ്പെടുന്നു.

ബിജെപിയെ വെല്ലുവിളിക്കാൻ രൂപീകരിച്ച നിരവധി പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയാണ് ഇന്ത്യൻ സഖ്യം.  കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് (ടിഎംസി), ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), ആം ആദ്മി പാർട്ടി (എഎപി) തുടങ്ങിയ പാർട്ടികൾ സഖ്യത്തിൽ ഉൾപ്പെടുന്നു.