Flash News

News


05/09/2023 172

സെന്തിൽബാലാജിയുടെ മന്ത്രിസ്ഥാന തീരുമാനം മുഖ്യമന്ത്രിക്ക് ; കോടതി

Senthil Balaji ED Case: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുന്ന ഡിഎംകെ മന്ത്രി സെന്തിൽ ബാലാജി മന്ത്രിസഭയുടെ ഭാഗമായി തുടരണമോയെന്ന് തീരുമാനിക്കേണ്ടത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനാണെന്ന് മദ്രാസ് ഹൈക്കോടതി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സെന്തിൽ ബാലാജിയുടെ ക്യാബിനറ്റ് മന്ത്രി സ്ഥാനം ചോദ്യം ചെയ്‌ത്‌ മുൻ എഐഎഡിഎംകെ എംപി ജെ ജയവർദ്ധൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികളിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാൽ ബാലാജി മന്ത്രിസഭയിൽ തുടരുന്നത് ഭരണത്തിന്റെ സംശുദ്ധിയുടെ കാര്യത്തിൽ നല്ല സൂചനയല്ലെന്നും കോടതി പ്രസ്‌താവനയിൽ പറഞ്ഞു. എങ്കിലും, ഭരണഘടനാപരവും നിയമപരവുമായ വ്യവസ്ഥകൾ അനുസരിച്ച് അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതാണെന്ന് കോടതി ഊന്നിപ്പറഞ്ഞു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) രജിസ്‌റ്റർ ചെയ്‌ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂൺ 14ന് അറസ്‌റ്റിലായ സെന്തിൽ ബാലാജി ഇപ്പോൾ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്. അറസ്‌റ്റും നിയമനടപടികളും നടന്നിട്ടും ബാലാജി തമിഴ്‌നാട് സർക്കാരിൽ വകുപ്പില്ലാ മന്ത്രിയായി ഇപ്പോഴും തുടരുകയാണ്.

ബാലാജി തമിഴ്‌നാട് ഗതാഗത വകുപ്പിൽ പ്രവർത്തിച്ചിരുന്ന കാലത്ത്, മന്ത്രി എന്ന നിലയിലുള്ള തന്റെ ഔദ്യോഗിക ശേഷി അഴിമതിയും നിയമവിരുദ്ധവുമായ മാർഗ്ഗങ്ങളിലൂടെ വ്യക്തിപരമായ നേട്ടങ്ങൾക്കായി ഉപയോഗിച്ചുവെന്ന് ഇഡി കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.