News
06/09/2023 164
ഗഗൻയാനുമായി ISRO ; വിക്ഷേപണം ഒക്ടോബറിൽ
ഐഎസ്ആർഒയുടെ രണ്ട് അഭിമാന ദൗത്യങ്ങളാണ് തുടർച്ചയായി വൻ വിജയമായി മാറിയിരിക്കുന്നത്. ചന്ദ്രയാൻ മൂന്നിന് പുറമെ കഴിഞ്ഞ ദിവസം ആദിത്യ എൽ1 ഉം വിജയകരമായി വിക്ഷേപിച്ചു. ഇപ്പോഴിതാ രാജ്യത്തിന്റെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്ര വിജയകരമാക്കാനുള്ള ഒരുക്കത്തിലാണ് ഐഎസ്ആർഒ. അതിന് മുന്നോടിയായുള്ള ഗഗൻയാന്റെ ആദ്യ ആളില്ലാ പറക്കലിന് ഐഎസ്ആർഒ തയ്യാറെടുക്കുകയാണ്. ഒക്ടോബറിൽ വിക്ഷേപണം നടത്താനാണ് ഐഎസ്ആർഒ പദ്ധതിയിട്ടിരിക്കുന്നത്.
ഐഎസ്ആർഒയുടെ കൈവശമുള്ള ഭാരമേറിയ റോക്കറ്റായ എൽവിഎം 3, ക്രൂ മോഡ്യൂളിനെ വഹിക്കാനുള്ള ശേഷി ഇതുവരെ കൈവരിച്ചിട്ടില്ല. അതിനായുള്ള തയ്യാറെടുപ്പിലാണ് ഇസ്രോയെന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ ഡയറക്ടർ എ. രാജരാജൻ പറഞ്ഞു. ഇന്ത്യാ ടുഡേയുമായുള്ള പ്രത്യേക സംഭാഷണത്തിനിടെയാണ് ഗഗൻയാനിന്റെ ഒരുക്കങ്ങളെ കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.
എൽവിഎം-3യെ എച്ച്-എൽവിഎം 3 ആക്കി മാറ്റുന്നതാണ് ഏറ്റവും പ്രധാനമെന്ന് രാജരാജൻ പറഞ്ഞു. എച്ച് എന്നാൽ ഹ്യൂമൻ റേറ്റഡ് എന്നാണ് വ്യക്തമാക്കുന്നത്. ഇതിനെ പിന്നീടെ എച്ച് ആർഎൽവി എന്ന് പേരിടും. ഹ്യൂമൻ റേറ്റഡ് ലോഞ്ച് വെഹിക്കിൾ എന്നാണ് ഇത് അർത്ഥമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരക്ഷയ്ക്ക് മുൻതൂക്കം
ഗനൻയാൻ ദൗത്യത്തിൽ പരാജയത്തെക്കാൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സുരക്ഷയ്ക്ക് ആണ്. ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. ഒരു ക്രൂ മോഡ്യൂളും ക്രൂ എസ്‌കേപ്പ് സംവിധാനവും ആവശ്യമാണ്. ഏതെങ്കിലും തരത്തിലുള്ള അപകടമുണ്ടായാൽ ക്രൂ മോഡ്യൂൾ നമ്മുടെ ബഹിരാകാശ യാത്രികർക്കൊപ്പം സുരക്ഷിതമായി മടങ്ങും. എന്തെങ്കിലും തകരാർ സംഭവിച്ചാൽ ക്രൂ മോഡ്യൂൾ ബഹിരാകാശ യാത്രികരെ വഹിച്ച് കടലിൽ വീഴും.
പരിശോധനകൾ ഇനിയും ബാക്കി.
ഐഎസ്ആർഒ നിലവിൽ ഗഗൻയാന്റെ ക്രൂ മൊഡ്യൂളിന്റെ ഹൈ ആൾട്ടിറ്റിയൂഡ് ഡ്രോപ്പ് ടെസ്റ്റ് നടത്തുകയാണ്. ഇതിൽ ക്രൂ എസ്‌കേപ്പ് സിസ്റ്റം റോക്കറ്റിൽ നിന്ന് വേർപെട്ട് 2 കിലോമീറ്റർ അകലെ വീഴും. നിലവിൽ പ്രോജക്ട് ബിയാണ് പരീക്ഷണ വാഹനം. ഇതിൽ GSLV ബൂസ്റ്റർ അതായത് L-40 എഞ്ചിനുകളാണ് പരീക്ഷിക്കേണ്ടത്. ഈ എഞ്ചിൻ ക്രൂ മൊഡ്യൂളിനെ 10 കിലോമീറ്റർ ഉയരത്തിൽ നിന്ന് സുരക്ഷിതമായി തിരികെ കൊണ്ടുവരും. ഇതിൽ പരീക്ഷണം തുടരുകയാണ്. ഇതിന് ശേഷം മാത്രമേ ഗഗൻയാന്റെ രണ്ട് വിക്ഷേപണ ദൗത്യങ്ങൾ ഉണ്ടാകൂ.
ഗഗൻയാനിനായി പ്രത്യേക സൗകര്യം
ഗഗൻയായിനിനായി അസംബ്ലിങ് ഏരിയയിൽ പ്രത്യേകം വൃത്തിയുള്ള മുറിയും സൗകര്യങ്ങളും നിർമിക്കുന്നുണ്ട്. അതിനാൽ ക്രൂ മൊഡ്യൂളിന്റെ അവസ്ഥ നിരീക്ഷിക്കാൻ കഴിയും. പ്രത്യേക നിയന്ത്രണ സൗകര്യം നിർമ്മിക്കുന്നുണ്ട്. ഇത് എല്ലാ യാത്രികരുടേയും ക്രൂ മൊഡ്യൂളിന്റെയും വിക്ഷേപണ വാഹനത്തിന്റെയും ആരോഗ്യം നിരീക്ഷിക്കുകയും മെച്ചപ്പെടുത്തലുകൾ വരുത്തുകയും ചെയ്യും. ഇതിനായി പഴയ ലോഞ്ച് വെഹിക്കിൾ സൗകര്യം നന്നാക്കുന്നുണ്ട്. എൽസിസി എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ക്രൂ മൊഡ്യൂളിനായി പരിസ്ഥിതി നിയന്ത്രണ സംവിധാനവും എത്തിയിട്ടുണ്ട്.