Flash News

News


06/09/2023 178

പുതുപ്പള്ളി തെരഞ്ഞെടുപ്പും എം വി ഗോവിന്ദനും

MV Govindan on Puthuppally by Election:  പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം സംസ്ഥാന അധ്യക്ഷന്‍ എംവി ഗോവിന്ദന്‍. ബിജെപി വോട്ട് വാങ്ങിയിട്ടുണ്ടെങ്കില്‍ മാത്രമേ ചാണ്ടി ഉമ്മന് വിയിക്കാനാകൂ എന്നാണ് അദ്ദേഹം പറഞ്ഞത്. പുതുപ്പള്ളിയില്‍ ബിജെപിക്ക് 19,000 ഓളം വോട്ടുണ്ട്. അത് യുഡിഎഫ് വാങ്ങിയോ എന്ന് കാര്യത്തില്‍ നല്ല സംശയമുണ്ട്. ബിജെപി വോട്ട് വാങ്ങിയിട്ടുണ്ടെങ്കില്‍ മാത്രമേ ചാണ്ടി ഉമ്മന്‍ ജയിക്കൂ, വാങ്ങിയില്ലെങ്കില്‍ ഞങ്ങള്‍ ജയിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. 

പുതുപ്പള്ളിയില്‍ ആര് ജയിച്ചാലും വലിയ ഭൂരിപക്ഷമുണ്ടാകില്ല. പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ ആണിക്കല്ലിളക്കുമെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്കും ഗോവിന്ദന്‍ മറുപടി നല്‍കി. സര്‍ക്കാരിന്റെ ആണിക്കല്ല് ഉറപ്പിക്കുന്ന വിധിയായിരിക്കും പുതുപ്പള്ളിയിലേതെന്നും വോട്ടിങ് വൈകിപ്പിച്ചെന്ന ആരോപണം വെറുതെയാണെന്ന് കലക്ടര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ എട്ടിനാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍. 



പുതുപ്പള്ളി വിധിയെഴുതി; പോളിംഗ് 72.91 %, ഇനി ഫലമറിയാന്‍ കാത്തിരിപ്പ്

 

Puthuppally by Election: രാഷ്ട്രീയ കേരളം ഏറെ ആകാഷയോടെ ഉറ്റുനോക്കിയ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാനിച്ചു. മണ്ഡലത്തില്‍ 72.91  % പോളിംഗ് രേഖപ്പെടുത്തി. രാവിലെ മുതല്‍ കനത്ത പോളിംഗാണ് മണ്ഡലത്തില്‍ ഉടനീളം ദൃശ്യമായത്. പോളിംഗ് ബൂത്തുകളിലെ തിരക്ക് അവസാന മണിക്കൂറുകളിലേക്കും നീണ്ടതോടെ പലയിടത്തും പോളിംഗ് സമയം നീണ്ടു. ഏറ്റവുമൊടുവില്‍ മണര്‍കാട് 88 ബൂത്തിലെ വരിയില്‍ ഉണ്ടായിരുന്ന അവസാന വോട്ടറും വോട്ട് ചെയ്തതോടെയാണ് ഉപതിരഞ്ഞെടുപ്പ് അവസാനിച്ചത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 74. 84 ശതമാനം എന്നതായിരുന്നു പോളിംഗ് നിരക്ക്.  സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. 

എട്ടു പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി ആകെ ഒന്നേമുക്കാല്‍ ലക്ഷത്തിലേറെ വോട്ടര്‍മാരാണ് മണ്ഡലത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്താനുണ്ടായിരുന്നത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും, 4 ട്രാന്‍സ്‌ജെന്‍ഡറുകളും അടക്കം മണ്ഡലത്തില്‍ 1,76,417 വോട്ടര്‍മാരാണ് ഉമ്മന്‍ ചാണ്ടിയുടെ പകരക്കാരനായുളള വിധിയെഴുതിയത്. 

അതിനിടെ, പോളിംഗ് വൈകിയതിനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ പരാതിയുമായി രംഗത്തെത്തി. 27ാം ബൂത്തില്‍ വോട്ടിംഗ് മന്ദഗതിയില്‍ ആണെന്ന് ചാണ്ടി ഉമ്മന്‍ ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ പ്രശ്‌നം ആരാഞ്ഞപ്പോള്‍ ഗുണ്ടകള്‍ വന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു. പലരും വോട്ട് ചെയ്യാതെ തിരിച്ചു പോയെന്നും സമാധാനപരമായി വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.  സമയം കൂട്ടണം എന്ന് ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ല. പരാതി നല്‍കിയിട്ടും കൂടുതല്‍ മെഷീന്‍ അനുവദിച്ചില്ല. ഉദ്യോഗസ്ഥരെ മാത്രം കൂടുതലായി അനുവദിക്കുകയായിരുന്നു. അവരെ വിടുന്നത് 4 മണിക്ക് മാത്രമായിരുന്നു. എന്ത് കൊണ്ട് ഔക്‌സിലറി ബൂത്ത് അനുവദിച്ചില്ല. ഇങ്ങനെ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ ആകാത്തത് ചരിത്രത്തില്‍ ആദ്യമാണ്. ആ ഗുണ്ടകള്‍ ആരാണ് എന്ന് പറയുന്നില്ലെന്നും എല്ലാവര്‍ക്കും അറിയാമെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. ചില ബൂത്തുകളില്‍ പോളിംഗ് വേഗത കുറഞ്ഞതില്‍ അന്വേഷണം വേണമെന്ന് ചാണ്ടി ഉമ്മന്‍ വരണാധികാരിയോട് ആവശ്യപ്പെട്ടിരുന്നു. 

രാവിലെ പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലെ 126-ാം നമ്പര്‍ ബൂത്തിലെത്തിയാണ് ചാണ്ടി ഉമ്മന്‍ വോട്ട് ചെയ്‌തത്. അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാരും ഒപ്പമുണ്ടായിരുന്നു. പുതുപ്പളളി പളളിയിലും പിതാവ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലുമെത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് ചാണ്ടി ഉമ്മന്‍ പോളിങ് ബൂത്തിലെത്തിയത്. അമ്മയുടെ കൈയില്‍ നിന്നും സ്ലിപ്പ് കൈപ്പറ്റിയാണ് ചാണ്ടി ഉമ്മന്‍ വോട്ട് ചെയ്യാനെത്തിയത്. നേരത്തെ ഭാര്യ മറിയാമ്മയില്‍ നിന്ന് വോട്ടിങ് സ്ലിപ്പ് കൈപ്പറ്റിയാണ് ഉമ്മന്‍ ചാണ്ടി വോട്ട് ചെയ്‌തിരുന്നത്. ഈ പതിവാണ് മകന്‍ പിന്തുടര്‍ന്നത്.

ഒരു മണിക്കൂര്‍ ക്യൂവില്‍ നിന്നാണ് മണര്‍കാട് ഗവ. എല്‍പി സ്‌കൂളിലെ 72-ാം നമ്പര്‍ ബൂത്തില്‍ ജെയ്ക് സി തോമസ് വോട്ട് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പില്‍ വിവാദങ്ങള്‍ക്കോ വ്യക്തിപരമായ ന്യൂനതകള്‍ക്കോ മഹത്വങ്ങള്‍ക്കോ അല്ല സ്ഥാനമെന്ന് ജെയ്‌ക് പറഞ്ഞു. മാറ്റമുള്ള പുതിയ പുതുപ്പള്ളിക്ക് വേണ്ടി ജനങ്ങള്‍ വര്‍ധിത വീര്യത്തോടെയും ആവേശത്തോടെയും വോട്ട് ചെയ്യുന്ന കാഴ്‌ചയാണ് കാണാന്‍ കഴിയുന്നത്. വികസനത്തേയും പുതുപ്പള്ളിയുടെ ജീവിതപ്രശ്‌നങ്ങളേയും സംബന്ധിച്ചാണ് ഈ തിരഞ്ഞെടുപ്പ്. വികസന സംവാദത്തില്‍ നിന്ന് ഒളിച്ചോടിയത് യുഡിഎഫാണ്. ഈ വോട്ടെടുപ്പ് പുതിയ പുതുപ്പള്ളി സൃഷ്‌ടിക്കുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി കൂട്ടിച്ചേര്‍ത്തു.