Flash News

News


06/09/2023 185

പാർലമെന്റ് സമ്മേളനത്തിന്റെ അജണ്ട ആവശ്യപ്പെട്ടു മോദിക്ക് സോണിയയുടെ കത്ത്

Parliament Special Session: സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ അജണ്ട ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ഇതിൽ ഒമ്പത് വിഷയങ്ങൾ അവർ പട്ടികപ്പെടുത്തുകയും, അവയിൽ ചർച്ചയ്ക്ക് സമയം അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്‌.

"2023 സെപ്റ്റംബർ 18ന് ആരംഭിക്കുന്ന പാർലമെന്റിന്റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനം നിങ്ങൾ വിളിച്ചുകൂട്ടി. മറ്റ് രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിക്കാതെയാണ് ഈ പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നതെന്ന് ഞാൻ ചൂണ്ടിക്കാണിക്കുന്നു. ഞങ്ങൾക്ക് ആർക്കും അതിന്റെ അജണ്ടയെക്കുറിച്ച് ഒരു ധാരണയുമില്ല" മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.

"ഈ വിഷയങ്ങളിൽ ഒരു ചർച്ചയ്ക്കും സംവാദത്തിനും ഉചിതമായ ചട്ടങ്ങൾക്ക് കീഴിൽ സമയം അനുവദിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു." പ്രത്യേക സെഷനിൽ ചർച്ചയ്ക്ക് എടുക്കേണ്ട ഒമ്പത് വിഷയങ്ങൾ പട്ടികപ്പെടുത്തി കൊണ്ട് സോണിയ ഗാന്ധി പറഞ്ഞു.

താഴെ പറയുന്ന ഒൻപത് വിഷയങ്ങളാണ് പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് സോണിയ ഗാന്ധി പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തിലൂടെ ആവശ്യപ്പെട്ടത്:

1. അവശ്യസാധനങ്ങളുടെ വർദ്ധിച്ചുവരുന്ന വിലക്കയറ്റം, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, അസമത്വങ്ങളുടെ കൂടുന്നത്, എംഎസ്എംഇകളുടെ ദുരിതം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിലവിലെ സാമ്പത്തിക സ്ഥിതി.

2. കർഷകരോടും കർഷക സംഘടനകളോടും എംഎസ്‌പിയും അവർ ഉന്നയിച്ച മറ്റ് ആവശ്യങ്ങളിലുമുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധത.

3. വിവിധ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അദാനി ബിസിനസ് ഗ്രൂപ്പിന്റെ ഇടപാടുകൾ അന്വേഷിക്കാൻ ജെപിസി വേണമെന്ന ആവശ്യം.

4. മണിപ്പൂരിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന തുടർച്ചയായ ബുദ്ധിമുട്ടുകളും സംസ്ഥാനത്തെ ഭരണഘടനാ സംവിധാനങ്ങളുടെയും സാമൂഹിക ഐക്യത്തിന്റെയും തകർച്ച.

5. ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വർഗീയ സംഘർഷം വർദ്ധിക്കുന്നു.

6. ഇന്ത്യൻ പ്രദേശത്തെ ചൈനയുടെ തുടർച്ചയായ അധിനിവേശവും ലഡാക്കിലെയും അരുണാചൽ പ്രദേശിലെയും അതിർത്തികളിൽ നമ്മുടെ പരമാധികാരത്തിനെതിരായ വെല്ലുവിളികളും.

7. ജാതി സെൻസസ് എന്ന അടിയന്തിര ആവശ്യം.

8. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ വരുന്ന വിള്ളലുകൾ.

9. ചില സംസ്ഥാനങ്ങളിൽ അതിരൂക്ഷമായ വെള്ളപ്പൊക്കവും, മറ്റിടങ്ങളിൽ വരൾച്ചയും മൂലമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ ആഘാതം.

വനിതാ സംവരണ ബിൽ നേരത്തെ പാസാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും, സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ അജണ്ടയിൽ സർക്കാർ സുതാര്യത പാലിക്കണമെന്ന് ഇന്ത്യ സഖ്യത്തിലെ പ്രതിപക്ഷ പാർട്ടികൾ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.