Flash News

News


06/09/2023 183

ഭാരതത്തിന്റെ കലാവൈഭവസാക്ഷ്യം ; നടരാജപ്രതിമയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

Nataraja Statue: പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലെ സ്ഥാപിച്ച നടരാജ പ്രതിമ ഇന്ത്യയുടെ പുരാതന കലാവൈഭവത്തിന്റെയും പാരമ്പര്യത്തിന്റെയും തെളിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 ഉച്ചകോടിയ്ക്ക് എത്തുന്ന വിദേശ പ്രതിനിധികളെ സ്വാഗതം ചെയ്യുന്നതിനാണ് 27 അടി ഉയരമുള്ള നടരാജ പ്രതിമ ഭാരത് മണ്ഡപത്തിൽ സ്ഥാപിച്ചിരിക്കുന്നത്.

“ഭാരത് മണ്ഡപത്തിലെ ഗംഭീരമായ നടരാജ പ്രതിമ നമ്മുടെ സമ്പന്നമായ ചരിത്രത്തെയും സംസ്‌കാരത്തിനെയും ജീവസുറ്റതാക്കുന്നു. ജി20 ഉച്ചകോടിക്കായി ലോകം ഒത്തുകൂടുമ്പോൾ, ഇന്ത്യയുടെ പുരാതന കലാവൈഭവത്തിന്റെയും പാരമ്പര്യത്തിന്റെയും തെളിവായി അത് നിലകൊള്ളും" പ്രധാനമന്ത്രി ട്വീറ്റിലൂടെ അറിയിച്ചു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 'അഷ്‌ട-ലോഹ' (ചെമ്പ്, സിങ്ക്, ലെഡ്, ടിൻ, വെള്ളി, സ്വർണ്ണം, മെർക്കുറി, ഇരുമ്പ് എന്നിവയുടെ മിശ്രിതം) പ്രതിമ പരമ്പരാഗത ശിൽപ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണ്. 

ചോള കാലത്തെ കാസ്റ്റിംഗ് രീതിയാണ് ഇതിന് അവലംബിച്ചിരിക്കുന്നതെന്ന് മുഖ്യ ശിൽപി രാധാകൃഷ്‌ണ സ്ഥപതി പറഞ്ഞു. ഈ കാസ്റ്റിംഗ് രീതി ഉപയോഗിച്ച് ഒറ്റ കഷ്‌ണ ശിൽപങ്ങൾ നിർമ്മിക്കുന്നു. അതായത് നടരാജ പ്രതിമയിൽ കൂട്ടിച്ചേർക്കപ്പെട്ട ഭാഗങ്ങളില്ല. 

കോസ്‌മിക് എനർജി, സർഗ്ഗാത്മകത, ശക്തി എന്നിവയുടെ ഒരു മുഖ്യ പ്രതീകമാണ് നടരാജ പ്രതിമയെന്നും ജി20 ഉച്ചകോടിയിൽ ഇതൊരു ആകർഷണമാകുമെന്ന് ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്‌സിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ട്വീറ്റ് ചെയ്‌തു.