News
06/09/2023 182
പുതുപ്പള്ളിയിൽ എക്സിറ്റ്പോൾ പ്രവചനം
Puthuppally By Election: കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞടുപ്പിൽ യുഡിഎഫിന് മികച്ച ജയമുണ്ടാകുമെന്ന് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. ആകെ പോൾ ചെയ്‌തതിന്റെ 53 ശതമാനം വോട്ട് നേടി ചാണ്ടി ഉമ്മൻ ജയിക്കുമന്നാണ് സർവേ ഫലത്തിൽ പറയുന്നത്.
എൽഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്‌ക് സി തോമസിന് 39 ശതമാനം വേട്ടും ബിജെപി സ്ഥാനാര്‍ത്ഥി ലിജിൻ ലാലിന് അഞ്ച് ശതമാനം വോട്ടും കിട്ടുമെന്നാണ് സർവേ പ്രവചിക്കുന്നത്. മറ്റുള്ളവര്‍ 3 ശതമാനം വോട്ട് നേടുമെന്നും ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. യുഡിഎഫിന് 69,490 വോട്ടും എൽഡിഎഫിന് 51,134 വോട്ടും ബിജെപി 6555 വോട്ടും ലഭിക്കുമെന്നാണ് എക്‌സിറ്റ് പോളിലെ ശതമാന കണക്കുകള്‍ പറയുന്നത്.
ചാണ്ടി ഉമ്മന് 18,000 ല്‍ അധികം ഭൂരിപക്ഷം കിട്ടാന്‍ സാധ്യയുണ്ടെന്ന് സർവേ പ്രവചിക്കുന്നു. പുരുഷ വോട്ടര്‍മാരില്‍ 50 ശതമാനം പേരും സ്ത്രീ വോട്ടര്‍മാരില്‍ 56 ശതമാനം പേരും യുഡിഎഫിന് വോട്ട് ചെയ്തെന്നാണ് എക്‌സിറ്റ് പോള്‍ കണ്ടെത്തൽ.
ഇടത് മുന്നണിക്ക് പുരുഷ വോട്ടര്‍മാരില്‍ 41 ശതമാനത്തിന്റെയും സ്ത്രീ വോട്ടര്‍മാരില്‍ 37 ശതമാനത്തിന്റെയും പിന്തുണ കിട്ടിയെന്നും എക്‌സിറ്റ് പോള്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. വിവിധ ബൂത്തുകളിൽ വോട്ട് ചെയ്‌തിറങ്ങിയ 509 വോട്ടര്‍മാരെ നേരിട്ട് കണ്ടാണ് സർവേ തയ്യാറാക്കിയത്. അതേസമയം, പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം സെപ്റ്റംബർ എട്ട് വെള്ളിയാഴ്‌ച പ്രഖ്യാപിക്കും.