News
07/09/2023 181
പേര് മാറ്റ തർക്കത്തിൽ ഇന്ത്യക്ക് ചൈനയുടെ ഉപദേശം
China on India-Bharat naming row: ഇന്ത്യ-ഭാരത് പേരുമാറ്റ തര്‍ക്കത്തിനിടയില്‍ ഇന്ത്യയ്ക്ക് ഉപദേശവുമായി ചൈന. രാജ്യത്തിന്റെ അന്താരാഷ്ട്ര സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവസരമായി ഇന്ത്യ ജി 20 ഉച്ചകോടിയെ ഉപയോഗിക്കണമെന്നും പേരിനേക്കാള്‍ പ്രാധാന്യമുളള കാര്യങ്ങളില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആഗ്രഹിക്കുന്നതായി ചൈന പറഞ്ഞു. ഇന്ത്യയ്ക്ക് അതിന്റെ സാമ്പത്തിക വ്യവസ്ഥയെ സമഗ്രമായി പരിഷ്‌കരിക്കാന്‍ കഴിയുമോ എന്നതാണ് പ്രധാനമെന്നും ചൈന, അതിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസിലൂടെ പറഞ്ഞു. വിപ്ലവകരമായ പരിഷ്‌കാരങ്ങളില്ലാതെ ഇന്ത്യക്ക് വിപ്ലവകരമായ വികസനം കൈവരിക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജി 20 അത്താഴ വിരുന്നിനുളള ക്ഷണക്കത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ 'ഇന്ത്യയുടെ രാഷ്ട്രപതി' എന്നതിന് പകരം 'ഭാരതത്തിന്റെ രാഷ്ട്രപതി' എന്ന് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് രാജ്യത്ത് പേരുമാറ്റ വിവാദം പൊട്ടിപ്പുറപ്പെട്ടത്.
'ഇന്ത്യയ്ക്ക്, വര്‍ദ്ധിച്ചുവരുന്ന ആഗോള സ്വീകാര്യത നന്നായി ഉപയോഗിക്കാനും ഈ സ്വാധീനം അതിന്റെ വളര്‍ച്ചയ്ക്കായി മാറ്റാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു' ചൈന പറഞ്ഞു. വരാനിരിക്കുന്ന ജി 20 ഉച്ചകോടിയിലേക്ക് ആഗോള ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്ത്, ന്യൂ ഡല്‍ഹി ലോകത്തോട് എന്താണ് പറയാന്‍ ആഗ്രഹിക്കുന്നതെന്നും ചൈന ചോദിച്ചു. കൊളോണിയല്‍ കാലഘട്ടത്തിലെ പേരുകളെ ഇല്ലാതാക്കാനുളള ശ്രമമാണ് ഈ പേരുമാറ്റമെന്നും ചൈനീസ് മാധ്യമങ്ങള്‍ പറയുന്നു.
'1991 ലെ സാമ്പത്തിക പരിഷ്‌കരണത്തിന് ശേഷം നിരവധി പദ്ധതികളുമായി ഇന്ത്യയില്‍ നിലവില്‍ വന്ന ഏറ്റവും വലിയ സര്‍ക്കാരാണ് മോദി സര്‍ക്കാര്‍. നിര്‍ഭാഗ്യവശാല്‍, ഇന്ത്യ ഇപ്പോള്‍ വ്യാപാര സംരക്ഷണവാദത്തിലേക്ക് (ട്രേഡ് പ്രൊട്ടക്ഷണലിസം) മാറിക്കൊണ്ടിരിക്കുകയാണ്' റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ പേര് മാറ്റണമോ എന്നതിനെക്കാള്‍ പ്രധാനമാണ് ഇവയെല്ലാമെന്നും ചൈന നിര്‍ദ്ദേശിച്ചു.
ചൈനീസ് കമ്പനികള്‍ക്കെതിരായ ഇന്ത്യയുടെ സമീപകാല നടപടികളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 'പൂര്‍ണ്ണമായി വിപണികള്‍ തുറന്നുകൊടുക്കുന്നതില്‍ ഇന്ത്യയുടെ മടി മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ 1947 ന് ശേഷമുള്ള ചരിത്രം നമ്മോട് പറയുന്നത് എപ്പോഴെല്ലാം ഇന്ത്യ സാമ്പത്തിക പരിഷ്‌കരണവും ഉദാരവല്‍ക്കരണവും പ്രോത്സാഹിപ്പിച്ചുവോ അത് സാമ്പത്തിക വളര്‍ച്ചയെ പ്രചോദിപ്പിക്കും'
'ഇന്ത്യ അതിന്റെ സമ്പദ്വ്യവസ്ഥയെ പരിഷ്‌കരിക്കുന്നതിനും വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനും വിദേശ നിക്ഷേപകര്‍ക്ക് നല്ല ബിസിനസ്സ് അന്തരീക്ഷം ഒരുക്കുന്നതിനുമായി ഈ ജി 20 പ്രസിഡന്‍സി ഉപയോഗിക്കണം' ചൈന നിര്‍ദ്ദേശിച്ചു.
പേര് മാറ്റാന്‍ അപേക്ഷ ലഭിക്കുമ്പോള്‍ പരിഗണിക്കും: വിവാദത്തിനിടെ യുഎന്‍ വക്താവ്
രാജ്യങ്ങളുടെ പേര് മാറ്റുന്നത് സംബന്ധിച്ച അപേക്ഷകള്‍ ലഭിച്ച ശേഷം അവ പരിഗണിക്കുമെന്ന് യുഎന്‍. സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ അഭ്യര്‍ഥന നടത്തിയാല്‍ മാത്രമേ തീരുമാനമെടുക്കൂവെന്നും യുഎന്‍ വക്താവ് ഫര്‍ഹാന്‍ ഹഖ് പറഞ്ഞു. തുര്‍ക്കിയുടെ പേര് തുര്‍ക്കിയെ എന്നാക്കിയത് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് പ്രതികരണം. ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ ഡെപ്യൂട്ടി വക്താവായ ഫര്‍ഹാന്‍ ഹഖിന്റെ പ്രതികരണം.
'തുര്‍ക്കിയുടെ കാര്യത്തില്‍, സര്‍ക്കാര്‍ ഞങ്ങള്‍ക്ക് കൈമാറിയ ഒരു ഔപചാരിക അപേക്ഷ പരിഗണിക്കുകയാണ് ചെയ്തത്. ഞങ്ങള്‍ക്ക് അത്തരത്തിലുള്ള അഭ്യര്‍ത്ഥനകള്‍ ലഭിക്കുകയാണെങ്കില്‍ അവ വരുന്നതുപോലെ പരിഗണിക്കും, ''ഇന്ത്യയുടെ പേര് ഭാരത് എന്നാക്കാന്‍ കഴിയുമെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ജി20 അത്താഴ ക്ഷണത്തെച്ചൊല്ലിയുള്ള വിവാദത്തിനിടെയാണ് പ്രതികരണം.
ചൊവ്വാഴ്ച ജി 20 വിരുന്നിനുള്ള രാഷ്ട്രപതിയുടെ ക്ഷണക്കത്തിന് പിന്നാലെയാണ് പേര് മാറ്റം സംബന്ധിച്ച അഭ്യൂഹം ശക്തമായത്. 'ഇന്ത്യയുടെ രാഷ്ട്രപതി' എന്നതിന് പകരം 'ഭാരതത്തിന്റെ പ്രസിഡന്റ്' എന്നാണ് കത്തില്‍ എഴുതിയിരുന്നത്. ഇതോടെ ഇന്ത്യ ഒഴിവാക്കി രാജ്യത്തിന്റെ പേര് ഭാരതമാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പദ്ധതിയിടുന്നതായി പ്രതിപക്ഷം ആരോപിച്ചു.
ഇതിനിടെ ഈ വിഷയത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ തര്‍ക്കം ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി സഹമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത് രാജ്യത്തിന്റെ പുരാതന നാമമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന ജി 20 ഉച്ചകോടിയില്‍ പാലിക്കേണ്ട കാര്യങ്ങളും ചെയ്യരുതാത്ത കാര്യങ്ങളും കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ മോദി സംസാരിച്ചു. ഉച്ചകോടി നടക്കുമ്പോള്‍ ഡല്‍ഹിയില്‍ തുടരാനും സന്ദര്‍ശിക്കുന്ന വിശിഷ്ട വ്യക്തികള്‍ക്ക് ഒരു അസൗകര്യവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്ന ഏതെങ്കിലും ചുമതല നിര്‍വഹിക്കാനും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.
ഇന്ത്യയുടെ അദ്ധ്യക്ഷതയില്‍ സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ന്യൂഡല്‍ഹിയിലാണ് ജി20 ഉച്ചകോടി നടക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി രാഷ്ട്രത്തലവന്മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.