Flash News

News


08/09/2023 181

ചാണ്ടിഉമ്മൻ റെക്കോർഡ് ഭൂരിപക്ഷം നേടുമെന്ന് തിരുവഞ്ചൂർ

Puthuppally by Election: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വോട്ടെണ്ണൽ ദിവസവും പതിവ് തെറ്റിക്കാതെ രാവിലെ തന്നെ പുതുപ്പള്ളി പള്ളിയും, ഉമ്മൻ ചാണ്ടിയുടെ കല്ലറയും സന്ദര്‍ശിച്ച ശേഷമാണ് ചാണ്ടി ഉമ്മന്‍ കൗണ്ടിങ്ങ് സെന്ററിലേക്ക് പോയത്. എല്ലാം വോട്ടിംഗ് മെഷീന്‍ പറയുമെന്നും, ശുഭ പ്രതീക്ഷയാണുള്ളതെന്നും ചാണ്ടി ഉമ്മൻ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. 

അതേസമയം ശുഭപ്രതീക്ഷയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസും, വിജയം തന്നെയാണ് പ്രതീക്ഷയെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാലും പ്രതികരിച്ചു. ചാണ്ടി ഉമ്മൻ തറവാടായ കരോട്ട് വള്ളക്കാലിൽ വീട്ടിൽ ഇരുന്നാകും ഫലം കാണുക. പ്രവർത്തകരും നേതാക്കളും ഇവിടെയെത്തും. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ ഇരുന്നാണ് ജെയ്ക് സി തോമസ് ഫലം അറിയുന്നത്. ബിജെപി സ്ഥാനാർഥി ലിജിൻ ലാലും ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ഉണ്ടാകും.

ആകെയുള്ള 182 ബൂത്തുകളിലെ വോട്ടുകൾ, 20 മേശകളിലായാണ് എണ്ണുക. അതിൽ 14 മേശകളിൽ യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽവോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ് (ഇലക്‌ട്രോണിക്കലി ട്രാൻസ്‌മിറ്റഡ് പോസ്റ്റൽബാലറ്റ് സിസ്റ്റം) വോട്ടുകളും എണ്ണും. തപാൽവോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണിത്തുടങ്ങുക. ഇടിപിബിഎസ് വോട്ടുകളിലെ ക്യൂ ആർ കോഡ് സ്‌കാൻചെയ്‌ത് കൗണ്ടിങ് ഉദ്യോഗസ്ഥർക്ക്‌ നൽകിയ ശേഷമായിരിക്കും വോട്ടെണ്ണൽ നടക്കുക. 13 റൗണ്ടുകളായി വോട്ടിങ് മെഷീനിലെ വോട്ടെണ്ണൽ പൂർത്തിയാക്കും.

മണ്ഡലത്തില്‍ 72.91% പോളിംഗ് രേഖപ്പെടുത്തി. ആകെ 1,28,535 പേർ വോട്ട് ചെയ്തു. പുരുഷൻമാർ 64,078, സ്ത്രീകൾ 64,455, ട്രാൻസ്ജെൻഡർ 2, പോസ്റ്റൽ ബാലറ്റ് മുഖേന 2491 അസന്നിഹിത വോട്ടർമാർ എന്നിങ്ങനെയാണ് കണക്ക്. സർവീസ് വോട്ടർമാരുടെ എണ്ണം ഇന്ന് അറിയാം. 2021ൽ 74.84% ആയിരുന്നു പോളിങ്. 

വോട്ടെടുപ്പ് ദിവസം രാവിലെ മുതല്‍ കനത്ത പോളിംഗാണ് മണ്ഡലത്തില്‍ ഉടനീളം ദൃശ്യമായത്. പോളിംഗ് ബൂത്തുകളിലെ തിരക്ക് അവസാന മണിക്കൂറുകളിലേക്കും നീണ്ടതോടെ പലയിടത്തും പോളിംഗ് സമയം നീണ്ടു. ഏറ്റവുമൊടുവില്‍ മണര്‍കാട് 88 ബൂത്തിലെ വരിയില്‍ ഉണ്ടായിരുന്ന അവസാന വോട്ടറും വോട്ട് ചെയ്തതോടെയാണ് ഉപതിരഞ്ഞെടുപ്പ് അവസാനിച്ചത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 74. 84 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു