News
08/09/2023 190
ചാണ്ടിഉമ്മന്റെ വിജയം സമാനതകളില്ലാത്തത്, എൽഡിഎഫിൽ ആശങ്ക
ഉമ്മൻ ചാണ്ടിക്കു ശേഷം പുതുപ്പള്ളിയിലെ പുതിയ നായകനെ കണ്ടെത്താനുള്ള ഉപ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റവുമായി ചാണ്ടി ഉമ്മൻ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തകർന്നടിഞ്ഞപ്പോൾ കഴിഞ്ഞ തവണ നേടിയ വോട്ടുകളുടെ പകുതിപോലും എത്താൻ കഴിയാതെ ബിജെപി വിയർക്കുകയാണ്. യുഡിഎഫ് മുന്നേറ്റത്തിൽ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ പോലും യുഡിഎഫിന് വലിയ ലീഡാണ് കാണാൻ സാധിക്കുന്നത്. അയര്‍കുന്നം പഞ്ചായത്തിലെ മാത്രം വോട്ടുകള്‍ എണ്ണുമ്പോള്‍ ചാണ്ടി ഉമ്മൻ്റെ ഭൂരിപക്ഷം 6000 ന് മുകളിലേക്ക് ഉയർന്നത് അതിനു തെളിവാണെന്ന് രാഷ്ട്രീയ നിരവീക്ഷകരും ചൂണ്ടിക്കാണിക്കുന്നു. നേരത്തെ അയർകകുന്നം പഞ്ചായത്തിൽ ഉമ്മൻചാണ്ടി നേടിയ ഭൂരിപക്ഷത്തേയും കടത്തിവെട്ടിയാണ് ചാണ്ടി ഉമ്മൻ മുന്നോട്ടു കുതിക്കുന്നതെന്നുള്ളത് മറ്റൊരു യാഥാർത്ഥ്യം.
അതേസമയം എൽഡിഎഫ് ക്യാമ്പിൽ വോട്ടുകൾ കുറഞ്ഞു എന്നതിനേക്കാൾ അവരെ ആശങ്കപ്പെടുത്തുന്നത് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ്റെ ഭൂരിപക്ഷം സമാനതകളില്ലാത്ത വിധം വർദ്ധിച്ചു എന്നുള്ളതാണ്. എൽഡിഎഫിൻ്റെ ഈ ആശങ്കയ്ക്ക് കാരണം അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് തന്നെയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 ൽ 19 സീറ്റും നേടി യുഡിഎഫ് വൻ ആധിപത്യമാണ് കേരളത്തിൽ സ്ഥാപിച്ചത്. അതേ രീതിയിൽ തന്നെ ഇത്തവണയും ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മേൽക്കൈ നേടിയാൽ ദേശീയതലത്തിൽ അത് തങ്ങളുടെ ചരമക്കുറിപ്പാകും എന്ന തിരിച്ചറിവാണ് സിപിഎമ്മിൻ്റെ ഈ ആശങ്കകൾക്കു കാരണം.
ഒരർത്ഥത്തിൽ പുതുപ്പള്ളിയിൽ എൽഡിഎഫിന് സംബന്ധിച്ച് വിജയം എന്ന ലക്ഷ്യം ഇല്ലായിരുന്നു എന്ന് പറയുന്നതിൽ തെറ്റൊന്നുമില്ല. മറിച്ച് ചാണ്ട ഉമ്മൻ്റെ ഭൂരിപക്ഷം കുറയ്ക്കുക എന്നുള്ളതായിരുന്നു എൽഡിഎഫ് ലക്ഷ്യം. ഉമ്മൻചാണ്ടി എന്ന അതികായകനൊപ്പം നിൽക്കാൻ കഴിവുള്ള വ്യക്തിയല്ല ചാണ്ടി ഉമ്മനെന്ന് തിരഞ്ഞെടുപ്പിലൂടെ വരുത്തി തീർക്കണം എന്നുള്ളതായിരുന്നു എൽഡിഎഫ് ലക്ഷ്യം. എന്നാൽ ജനങ്ങൾ അത് സമ്മതിച്ചില്ല എന്ന് പറയുന്നതാണ് ശരി. പക്ഷേ അപ്പോഴും ചാണ്ടി ഉമ്മന് സഹതാപ വോട്ടുകളാണ് ലഭിച്ചത് എന്ന വാദം എൽഡിഎഫ് ഉയർത്തും. പക്ഷേ അത് വാദത്തിനു വേണ്ടി ഉയർത്തുന്ന വെറും വാദം മാത്രമാകുമോ എന്ന ആശങ്കയിലാണ് യഥാർത്ഥത്തിൽ എൽഡിഎഫ്. ഉമ്മൻചാണ്ടി മരണപ്പെട്ടതിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ സ്വാഭാവികമായും ഉമ്മൻചാണ്ടിയോടുള്ള സഹതാപം മണ്ഡലത്തിൽ പ്രതിഫലിക്കും എന്ന് ഉറപ്പാണ്. എന്നാൽ നിലവിൽ ആ പ്രതിഫലനത്തെക്കാളും വളരെയധികം ചാണ്ടി ഉമ്മൻ മുന്നേറിയിരിക്കുന്നു എന്നുള്ളതാണ് യാഥാർത്ഥ്യം. മണ്ഡലത്തിൽ പ്രതിഫലിച്ചത് സഹതാപമാണോ അതോ ഭരണവിരുദ്ധ വികാരമാണോ എന്ന ചിന്ത എൽഡിഎഫിൽ ഉയർത്തുന്നതും ഈ തിരിച്ചറിവാണ്.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ല എന്ന് തെളിയിക്കുന്നതാകും പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം എന്ന് നേരത്തെ എൽഡിഎഫ് നേതാക്കൾ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും ജനങ്ങൾക്ക് ഭരണാനുകൂല സമീപനമാണ് ഉള്ളതെന്നും എൽഡിഎഫ് ഉയർത്തുന്ന വാദം പക്ഷേ പുതുപ്പള്ളി തിരഞ്ഞെടുപ്പോടെ പൊളിഞ്ഞു വീഴുകയാണ് ചെയ്തിരിക്കുന്നത്. ഭരണവിരുദ്ധ വികാരം ഇല്ലെങ്കിൽ പിന്നെങ്ങനെ ഇത്രയധികം വോട്ടുകൾ ചാണ്ടി ഉമ്മന് ലീഡ് നേടാനാകും എന്ന ചോദ്യമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ സ്വാഭാവികമായും ഉയരുന്നത്. സഹതാപതരംഗത്തിലൂടെ മാത്രം ഇത്രയധികം വോട്ടുകൾ ചാണ്ടി ഉമ്മന് ലഭിക്കില്ലെന്ന് തന്നെ രാഷ്ട്രീയ നിരീക്ഷകരും കരുതുന്നു. എന്തൊക്കെ വാദങ്ങൾ ഉയർത്തി ഈ തെരഞ്ഞെടുപ്പ് ഫലത്തെ എൽഡിഎഫ് നേരിട്ടാലും ഭരണവിരുദ്ധ വികാരം എന്ന വസ്തുതയിൽ മാത്രം അവസാനം ചെന്നെത്തി നിൽക്കും എന്നുള്ളതാണ് ഇപ്പോഴത്തെ സാഹചര്യം. അതിൽ കുറേയേറേ വസ്തുതയുണ്ടെന്നുള്ളതും യാഥാർത്ഥ്യമാണ്.