Flash News

News


08/09/2023 182

റെക്കോർഡ് വിജയം, പ്രതികരണവുമായി അച്ചു ഉമ്മൻ

പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി സഹോദരി അച്ചു ഉമ്മന്‍. 53 കൊല്ലം ഉമ്മന്‍ചാണ്ടി എന്ത് ചെയ്തുവെന്ന ചോദ്യം ചോദിച്ചവര്‍ക്കുളള മറുപടിയാണ് ഈ വിജയം. ഉമ്മന്‍ചാണ്ടിയെ അതിക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടിയാണിത്. ഉമ്മന്‍ചാണ്ടി ഇവിടെ ചെയ്യതതെല്ലാം മതിയെന്ന മറുപടിയാണ് ജനം നല്‍കിയത്. 53 കൊല്ലം ഉമ്മന്‍ചാണ്ടി ഉള്ളം കയ്യില്‍ വെച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടിയുടെ കയ്യില്‍ ഭദ്രമാണ്. ഉമ്മന്‍ചാണ്ടി പിന്നില്‍ നിന്നും നയിച്ച തിരഞ്ഞെടുപ്പാണിതെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.

അപ്പയോടൊപ്പം ചാണ്ടി ഉമ്മനേയും പുതുപ്പള്ളിക്കാര്‍ സ്വീകരിച്ചുകഴിഞ്ഞെന്നായിരുന്നു സഹോദരി മറിയം ഉമ്മന്റെ പ്രതികരണം. ഏറ്റവും മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് തന്നെയാണ് കുടുംബവും പാര്‍ട്ടിയും പ്രതീക്ഷിച്ചിരുന്നതെന്നും 
മറിയ മാധ്യമങ്ങളോട് പറഞ്ഞു.

പുതുപ്പള്ളിയില്‍ വമ്പന്‍ ലീഡുയര്‍ത്തി ചാണ്ടി ഉമ്മന്‍ വിജയം ഉറപ്പിച്ചുകഴിഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കി ഭൂരിപക്ഷം 40,000 കടന്നു. സിപിഎം ശക്തികേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ചാണ്ടി ഉമ്മന്റെ തേരോട്ടമാണ് കാണാന്‍ കഴിഞ്ഞത്. ജയം ഉറപ്പിച്ചതോടെ പുതുപ്പള്ളിയിലും സംസ്ഥാനമൊട്ടാകെയും യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം ആരംഭിച്ചു. ഉമ്മന്‍ചാണ്ടിയുടെയും ചാണ്ടി ഉമ്മന്റേയും കൂറ്റന്‍ ഫ്‌ളക്‌സുകള്‍ പലയിടത്തും ഉയര്‍ന്നു.