News
13/09/2023 174
വിവാദങ്ങൾക്ക് തിരികൊളുത്തി നന്ദകുമാറിന്റെ പത്രസമ്മേളനം
കേരളത്തിൽ വീണ്ടും ചർച്ചാ വിഷയമായ സോളാർ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ടി ജി നന്ദകുമാർ രംഗത്ത്. ഉമ്മൻചാണ്ടിയെ വേട്ടയാടിയത് കോൺഗ്രസിനുള്ളിൽ തന്നെയുള്ളവരാണെന്ന് സൂചന നൽകിക്കൊണ്ടാണ് സനന്ദകുമാർ പത്രസമ്മേളനം ആരംഭിച്ചത്. രണ്ട് മുൻ ആഭ്യന്തരമന്ത്രിമാർ കേസ് കലാപത്തിൽ കലാശിക്കണമെന്ന് ആഗ്രഹിച്ചുവെന്നും, പിണറായി വിജയൻ തന്നോട് കടക്ക് പുറത്തെന്ന് പറഞ്ഞിട്ടില്ലെന്നും നന്ദകുമാർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. എ കെ ജി സെന്ററിന് മുന്നിലുള്ള ഫ്ലാറ്റിൽവച്ചാണ് പിണറായിയെ കണ്ടത്. ഒരു ചാനലിന് കത്ത് കൈമാറിയത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണെന്നും അതിജീവിതയുമായി സംസാരിച്ച് വ്യക്തത വരുത്തിയ ശേഷമാണ് ചാനൽ കത്ത് പുറത്തുവിട്ടതെന്നും നന്ദകുമാർ പറഞ്ഞു.50 ലക്ഷം രൂപ വാങ്ങി ഒരു ചാനലും കത്ത് വാങ്ങില്ലെന്നും ഒരു മൊഴിയിലും ഞാൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും നന്ദകുമാർ പറഞ്ഞു. ചാനലിനെ ഞാൻ അങ്ങോട്ടാണ് ബന്ധപ്പെട്ടതെന്നും കത്തിൻ്റെ ഒറിജിനൽ വേണമെന്ന് അവർ പറഞ്ഞു. . അത് പ്രകാരം ഒറിജിനൽ നൽകി. 25 പേജുള്ള കത്താണ് ഒറിജിനലെന്നാണ് വിശ്വാസം. യാതൊരു സാമ്പത്തിക ഇടപാടും നടന്നിട്ടില്ലെന്നും നന്ദകുമാർ പറഞ്ഞു.
പത്രസമ്മേളനത്തിൻ്റെ പൂർണ്ണരൂപം:
മഹാനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് മാനഹാനി ഉണ്ടാക്കുന്ന വിധത്തിൽ സോളാർ കേസിൽ ഞാൻ ഇടപെട്ടതായാണ് മുഖ്യധാര മാധ്യമങ്ങളും പത്രങ്ങളുമൊക്കെ എഴുതുന്നത്. ആ സാഹചര്യത്തിലാണ് ഈ പത്രസമ്മേളനം വിളിക്കുവാനുള്ള കാരണം. 2011 മുതൽ 2016 വരെ കേരളം ഭരിച്ച ഉമ്മൻചാണ്ടി എനിക്കെതിരെ രണ്ടു സിബിഐ അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു. രണ്ടും പരാതിക്കാരിൽ നിന്നും പരാതി എഴുതി വാങ്ങിയാണ് ഉത്തരവിട്ടത്. ഒരു അന്വേഷണത്തിൽ ഞാൻ മാത്രം പ്രതിയായിരുന്നു. മറ്റൊരു അന്വേഷണം ഞാനും വിഎസ് അച്യുതാനന്ദനും അടങ്ങുന്ന ഡാറ്റാ സെൻറർ ഇടപാടിലായിരുന്നു. രണ്ട് അന്വേഷണങ്ങളും സിബിഐ ഇതുപോലെ റഫർ ചെയ്തു കളഞ്ഞതുമാണ്.
2016 ഫെബ്രുവരിയിൽ സോളാർ അഴിമതിയുമായി ബന്ധപ്പെട്ട് പരാതിക്കാരി ഉമ്മൻചാണ്ടിക്ക് എതിരെ എഴുതിയ കത്തിനെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ വിഎസ് അച്യുതാനന്ദൻ എന്നോട് ആവശ്യപ്പെട്ടിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ ഞാൻ ശരണ്യ മനോജിനെ ഫോണിൽ ബന്ധപ്പെട്ടു. ശരണ്യ മനോജ് എറണാകുളത്ത് വന്ന്, ആദ്യപേജിൽ തന്നെ ഉമ്മൻചാണ്ടിയുടെ പേര് പറയുന്ന 25 പേജുള്ള ആ കത്തടക്കം സോളാർ ഇര എഴുതിയെന്ന് പറയുന്ന ഒരു ഡസൻ കത്തുകൾ എന്നെ ഏൽപ്പിച്ചു. ഈ കത്തുകൾ ഞാൻ വിഎസ് അച്യുതാനന്ദനെ കാണിക്കുകയും അദ്ദേഹം അവ പലകുറി വായിക്കുകയും ചെയ്തു. തുടർന്ന് അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ഞാൻ ഇക്കാര്യം സംസാരിച്ചു. 2016ലെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച സമയത്താണ് ഞാൻ ഈ വിഷയവുമായി ബന്ധപ്പെട്ട് പിണറായി വിജയനോട് സംസാരിച്ചത്. അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞത് എന്നെ ഇറക്കി വിട്ടു എന്നാണ്. എന്നാൽ കടക്കു പുറത്ത് എന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടില്ല.
പിണറായി വിജയനുമായി ഇക്കാര്യം സംസാരിച്ച ശേഷമാണ് ഈ കത്ത് ഞാൻ ഒരു മുഖ്യധാര മാധ്യമത്തിൻ്റെ ഭാഗമായ ജോഷി കുര്യനെ ഏൽപ്പിക്കുന്നത്. എന്നാൽ നിലവിൽ ആരോപിക്കുന്നത് പോലെ ഒരു സാമ്പത്തികവും വാങ്ങിയല്ല ആ കത്ത് മാധ്യമത്തിന് കൈമാറിയത്. സോളാർ ഇര എനിക്ക് തന്ന ഈ കത്തിന് പ്രതിഫലമായി ഒരു 1,25,000 രൂപ സോളാർ ഇര കൈപ്പറ്റിയിരുന്നു. ആ പണം നൽകിയതിനു കാരണമുണ്ട്. സോളാർ ഇരയും ശരണ്യ മനോജും എന്നെക്കാണാൻ എറണാകുളം ശിവക്ഷേത്ര കോമ്പൗണ്ടിൽ വരുമ്പോൾ സോളാർ ഇര എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. ബെന്നി ബഹനാനും തമ്പാനൂർ രവിയും അമ്മയുടെ ചികിത്സയ്ക്കായി അമ്പതിനായിരം രൂപ കൊടുക്കാം എന്നു പറഞ്ഞ് തന്നെ മണിക്കൂറുകളോളം നിർത്തി കഷ്ടപ്പെടുത്തി എന്നാണ് സോളാർ ഇര പറഞ്ഞത്. അതുകൊണ്ടാണ് അന്ന് 1,25,000 രൂപ ഞാൻ സോളാർ ഇരയ്ക്ക് കൊടുത്തത്. ഈ പണം നൽകിയതല്ലാതെ അതിനപ്പുറം ഒരു സാമ്പത്തിക ഇടപാടും ഈ കത്തുമായി ബന്ധപ്പെട്ട് നടന്നിട്ടില്ല. മാധ്യമ റിപ്പോർട്ടർ ജോഷി കുര്യനോട് താനാണ് തൻ്റെ കയ്യിൽ രണ്ട് കത്തുകൾ ഉണ്ടെന്നും അതിൽ 25 പേജുള്ള കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞത്. ആ കത്തിൻ്റെ തുടക്കത്തിൽത്തന്നെ എന്നെ ശാരീരികമായി ഉമ്മൻചാണ്ടി ബുദ്ധിമുട്ടിച്ചിട്ടുണ്ട് എന്നാണ്. ഇക്കാര്യം ഇരയോട് ചോദിച്ചു വെരിഫൈ ചെയ്തതിനുശേഷം മാത്രമേ പുറത്തു വിടാവുള്ളു എന്നു താൻ പറഞ്ഞിരുന്നു. അതിൻപ്രകാരം ഇരയോടും മറ്റ് എഡിറ്റർമാരോടും ചർച്ച ചെയ്ത ശേഷമാണ് ജോഷി കുര്യൻ ഈ വാർത്ത പുറത്തുവിട്ടത്.
എന്നാൽ ഇപ്പോൾ ഞാൻ ഗൂഢാലോചന നടത്തി കത്ത് കൃത്രിമമായി നിർമ്മിച്ചു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. 2016ൽ പിണറായി വിജയൻ കേരളത്തിലെ മുഖ്യമന്ത്രിയായി. അതിനുശേഷം മൂന്നുമാസം കഴിഞ്ഞ് സോളാർ കേസിലെ ഇര പിണറായി വിജയനെ കണ്ടു പരാതി നൽകിയിരുന്നു. ആ കൊടുത്ത പരാതി തൻ്റെ കെെയിലുണ്ട്. അതിലൊരു പേജിൽ ഉമ്മൻചാണ്ടിയെ കുറിച്ചുള്ള ആരോപണങ്ങളുമുണ്ട്. തന്നെ സാമ്പത്തികമായും ശാരീരികമായും ഉമ്മൻചാണ്ടി ചൂഷണം ചെയ്തു എന്നാണ് ഇര ആ പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഈ പരാതി നൽകുന്നതുമായി ബന്ധപ്പെട്ട് പരാതിക്കാരിക്ക് എൻ്റെ ഭാഗത്തുനിന്നും യാതൊരു സഹായങ്ങളും ഉണ്ടായിട്ടില്ല. തുടർന്ന് ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നടക്കുന്നുണ്ടായിരുന്നു. 2021ൽ കേരള നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് വീണ്ടും ഇര സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി. ഇക്കാര്യവുമായും എനിക്ക് യാതൊരു ബന്ധവുമില്ല.
മറ്റൊരു കാര്യം, സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട 35 ശതമാനം പ്രയോജനം 2016ലെ തിരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടായി എന്നാണ് എൽഡിഎഫ് വിലയിരുത്തൽ. 2016ലെ തിരഞ്ഞെടുപ്പ് സമയത്ത് ഞാൻ കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുമ്പോൾ അതേ ഫ്ലൈറ്റിൽ ഉമ്മൻചാണ്ടിയും ഉണ്ടായിരുന്നു. തിരിഞ്ഞെടുപ്പ് സ്ഥിതി എന്താണെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ ഹേമചന്ദ്രൻ പറഞ്ഞ ഇൻ്റലിജൻസ് റിപ്പോർട്ട് അനുസരിച്ച് 74 സീറ്റിൽ യുഡിഎഫ് ജയിക്കും എന്നാണ് ഉമ്മൻചാണ്ടി പറഞ്ഞത്. അത്രത്തോളം യുഡിഎഫിന് പ്രതീക്ഷയുണ്ടായിരുന്ന തിരഞ്ഞെടുപ്പിൽ 2016ലെ സോളാർ വിവാദവും പെരുമ്പാവൂർ ജിഷ കൊലക്കേസും കേരളത്തിലെ കോൺഗ്രസിനുള്ളിൽ ഉണ്ടായ കലാപവും സുധീരൻ ഉണ്ടാക്കിയ പ്രശ്നങ്ങളും തകർക്കുകയായിരുന്നു. 2014 തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ എത്തുകയും ചെയ്തു. സോളാർ കേസുമായി ബന്ധപ്പെട്ട യുഡിഎഫിൻ്റെ ഭാഗമായിരുന്ന രണ്ട് മുൻ ആഭ്യന്തരമന്ത്രിമാർ മുഖ്യമന്ത്രിയാകാൻ ശ്രമിച്ചതും കൂടി യുഡിഎഫിന് തോൽവിയിലേക്ക് തള്ളിയിട്ടു. അല്ലാതെ ദല്ലാൽ നന്ദകുമാർ ഇടപെട്ട് ഉമ്മൻചാണ്ടിയെ തേജോ വധം ചെയ്തിട്ടില്ല.