News
13/09/2023 172
സംസ്ഥാനത്ത് കടുത്ത സാമ്പത്തികപ്രതിസന്ധി ആരോപിച്ച് പ്രതിപക്ഷം
Financial Crisis Kerala: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സഭയിൽ ചർച്ച ചെയ്യും. സംസ്ഥാനത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് ആരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതിലാണ് സഭ നിർത്തിവച്ച് ചർച്ച ചെയ്യാൻ തീരുമാനിച്ചത്. ഉച്ചയ്ക്ക് ഒരു മണിക്ക് ചർച്ച ആരംഭിക്കും. രണ്ട് മണിക്കൂറാണ് സമയപരിധി.
അതേസമയം, സര്‍ക്കാരിനെതിരായ മാസപ്പടി, എഐ ക്യാമറ, കെ-ഫോണ്‍ എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങളും കഴിഞ്ഞ ദിവസം സഭയില്‍ എത്തിയിരുന്നു. ആലുവയില്‍ കുട്ടികള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളും ചോദ്യമായി സഭയില്‍ എത്തിയിരുന്നു. വളരെ ചൂടേറിയ വാദപ്രതിവാദങ്ങളാണ് സോളാര്‍ ലൈംഗിക പീഡന ആരോപണ വിഷയത്തില്‍ ഉള്‍പ്പെടെ സഭയില്‍ നടന്നത്. ആകെ നാലുദിവസമാണ് സഭ സമ്മേളിക്കുക.
മാസപ്പടി വിവാദത്തില്‍ ആദ്യമായി മുഖ്യമന്ത്രി മറുപടി പറഞ്ഞെന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ട്. മാസപ്പടി എന്ന് പേരിട്ടുള്ള പ്രചാരണം പ്രത്യേക മനോനിലയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു. മകള്‍ നടത്തിയത് സംരംഭക എന്ന നിലയിലുള്ള ഇടപാടുകളാണ്. നികുതി റിട്ടേണ്‍ തുക എങ്ങനെ കള്ളപ്പണമാകുമെന്ന് ചോദിച്ച മുഖ്യമന്ത്രി നടന്നതെല്ലാം നിയമപരമായ ഇടപാടുകളായിരുന്നെന്നും വിശദീകരിച്ചു.