Flash News

News


13/09/2023 173

മോദിയെ പ്രശംസിച്ച് പുടിൻ

എട്ടാമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തിന്റെ (ഇഇഎഫ്) വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതി പ്രോത്സാഹിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് പ്രശംസ. മോദി ശരിയായ കാര്യങ്ങള്‍ ചെയ്യുന്നുവെന്ന് പുടിന്‍ പറഞ്ഞു. ആഭ്യന്തര ഉല്‍പന്നങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കവെയാണ് മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ നയങ്ങളെ അദ്ദേഹം പ്രശംസിച്ചത്. 

 പുടിന്‍ പറഞ്ഞു, 'നിങ്ങള്‍ക്കറിയാമോ, മുമ്പ് ഞങ്ങള്‍ നമ്മുടെ രാജ്യത്ത് കാറുകള്‍ നിര്‍മ്മിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ അത് ചെയ്യുന്നു.1990 കളില്‍ നമ്മള്‍ വന്‍തോതില്‍ വാങ്ങിയ മെഴ്സിഡസ്/ ഔഡി കാറുകളേക്കാള്‍ ഞങ്ങള്‍ നിര്‍മ്മിച്ച കാറുകള്‍ വളരെ ഒതുക്കമുള്ളതാണെന്നത് ശരിയാണ്. എന്നാല്‍ അത് ഒരു പ്രശ്‌നമല്ല. റഷ്യയില്‍ നിര്‍മ്മിച്ച വാഹനങ്ങള്‍ ഉപയോഗിക്കുന്നത് തികച്ചും നല്ലതാണ്. ഞങ്ങളുടെ സഹപ്രവര്‍ത്തകരില്‍ പലരും കാണിച്ച പാത പിന്തുടരണമെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യയെ നോക്കിയാല്‍ മതി.അവിടെയുള്ളവര്‍ ഇന്ത്യയില്‍ തന്നെ കാറുകള്‍ നിര്‍മ്മിക്കുന്നതിലും അവ ഉപയോഗത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതി പ്രകാരം നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രധാനമന്ത്രി മോദി ശരിയായ കാര്യമാണ് ചെയ്യുന്നതെന്ന് ഞാന്‍ കരുതുന്നു', പുടിന്‍ പറഞ്ഞു.

ഇന്ത്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് സാമ്പത്തിക ഇടനാഴി

ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ മിഡില്‍ ഈസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇസി) പ്രഖ്യാപിച്ചിരുന്നു.ഈ ഇടനാഴിയിലൂടെ ഇന്ത്യ, അമേരിക്ക, സൗദി അറേബ്യ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങി നിരവധി രാജ്യങ്ങളെ സാമ്പത്തിക സഹകരണത്തിനായി പരസ്പരം ബന്ധിപ്പിക്കും.ഈ ഇടനാഴി ഇന്ത്യയെ പശ്ചിമേഷ്യയുമായും യൂറോപ്പുമായും ബന്ധിപ്പിക്കും.ഇന്ത്യയ്ക്കും മിഡില്‍ ഈസ്റ്റിനും യൂറോപ്പിനും ഇടയിലുള്ള സാമ്പത്തിക സഹകരണത്തിനുള്ള പ്രധാന മാധ്യമമായിരിക്കും ഇടനാഴി.

ഈ സാമ്പത്തിക ഇടനാഴി റഷ്യയെ ഒരു തരത്തിലും ബാധിക്കില്ലെന്നും അത് രാജ്യത്തിന് ഗുണം ചെയ്യുമെന്നും ഇഇഎഫ് വേദിയില്‍ പുടിന്‍ പറഞ്ഞു. 'ഞങ്ങള്‍ക്ക് ഇതില്‍ നിന്ന് പ്രയോജനം ലഭിക്കുമെന്നാണ് വിശ്വാസം. എന്നാല്‍ ലോജിസ്റ്റിക്സ് വികസിപ്പിക്കുന്നതിന് മാത്രമേ ഇത് ഞങ്ങളെ സഹായിക്കൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു.ഈ പദ്ധതി വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യപ്പെടുകയായിരുന്നു എന്നതാണ് വലിയ കാര്യം.', പുടില്‍ കൂട്ടിച്ചേര്‍ത്തു.

പുടിന്‍ മുമ്പും മേക്ക് ഇന്‍ ഇന്ത്യയെ പുകഴ്ത്തി

ഇതാദ്യമായല്ല പുടിന്‍ റഷ്യയുടെ ആഭ്യന്തര ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനിടയില്‍ ഇന്ത്യയുടെ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയെ പുകഴ്ത്തുന്നത്.ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ മോദിയെ തന്റെ സുഹൃത്ത് എന്ന് വിളിച്ച് പുടിന്‍ ഒരുപാട് പ്രശംസിച്ചിരുന്നു.'മേക്ക് ഇന്‍ ഇന്ത്യ'യെ പുകഴ്ത്തിയ പുടിന്‍, അതിന്റെ നേട്ടം ഇന്ത്യക്കാണെന്നും പറഞ്ഞിരുന്നു. നരേന്ദ്ര മോദിയുടെ 'മേക്ക് ഇന്‍ ഇന്ത്യ' ആശയം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയില്‍ വ്യക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍.