Flash News

News


13/09/2023 185

മാളികപ്പുറം മേൽശാന്തി നിയമനത്തിൽ ഹൈക്കോടതി ഇടപെടൽ

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ ഇടപെട്ട് ഹൈക്കോടതി. മേല്‍ശാന്തി നിയമന നടപടികള്‍ വീഡിയോയില്‍ ചിത്രീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. രണ്ടിടത്തേയും നടപടിക്രമങ്ങള്‍ നിരീക്ഷിക്കുന്നതിനായി മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ പദ്മനാഭന്‍ നായരെ ഹൈക്കോടതി നിയമിച്ചു. മേല്‍ശാന്തി നിയമനങ്ങളുമായി ബന്ധപ്പെട്ട് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ഹര്‍ജിയിലാണ് നടപടി. അനില്‍. കെ. നരേന്ദ്രന്‍, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വിഷയം പരിഗണിച്ചത്. 

ഇന്റര്‍വ്യൂവില്‍ നിന്ന് മികച്ചവരെ കണ്ടെത്തി ചുരുക്കപ്പട്ടിക തയ്യാറാക്കി ഈ പേരില്‍ നിന്ന് നറുക്കെടുത്താണ് മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നത്. ഈ മാസം 14, 15 തീയതികളിലാണ് ശബരിമലയിലും മാളികപ്പുറത്തും മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തൊട്ടടുത്ത പ്രവൃത്തി ദിവസം ശബരിമല കമ്മീഷണര്‍ കോടതിക്ക് നല്‍കണം. ഇന്റര്‍വ്യൂവിന്റെ മാര്‍ക്ക് ബോള്‍പോയിന്റ് പേന ഉപയോഗിച്ച് രേഖപ്പെടുത്തണം. മാര്‍ക്ക് ഷീറ്റ് ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്‍ ഒപ്പു വെയ്ക്കണം. ഇത് ദേവസ്വം കമ്മീഷണറുടെ കസ്റ്റഡിയില്‍ സൂക്ഷിക്കണം. സിഡിയും മാര്‍ക്ക് ലിസ്റ്റും മുദ്ര വെച്ച കവറില്‍ ഒക്ടോബര്‍ 15നുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.