News
13/09/2023 187
ജി20നു ശേഷം പ്രധാനമന്ത്രിയുടെ ആദ്യ യോഗം ഡൽഹിയിൽ
ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാത്തിരിക്കുന്നത് ഊഷ്മളമായ സ്വീകരണം. പ്രധാന ലോക നേതാക്കള്‍ പങ്കെടുത്ത ജി 20 നേതാക്കളുടെ ഉച്ചകോടിക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ യോഗമാണിത്. വരാനിരിക്കുന്ന സംസ്ഥാന-ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കള്‍ അവലോകനം ചെയ്യാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരുന്നത്.
ഈ വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കുള്ള സ്ഥാനാര്‍ത്ഥികളെ കുറിച്ച് ബിജെപി യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഛത്തീസ്ഗഢിലും മധ്യപ്രദേശിലും കേന്ദ്രീകരിച്ചായിരിക്കും യോഗത്തിന്റെ അജണ്ട. ഇരു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ യോഗത്തില്‍ തീരുമാനിച്ചേക്കും. പ്രധാനമന്ത്രി മോദിയെ കൂടാതെ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരും സിഇസിയിലെ അംഗങ്ങളാണ്.
സിഇസിയുടെ അവസാന യോഗം ഓഗസ്റ്റിലായിരുന്നു. അന്ന് മധ്യപ്രദേശിലെ 39 സീറ്റുകളിലേക്കും ഛത്തീസ്ഗഡിലെ 21 സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തു. ബിജെപിക്ക് നിലവില്‍ എംഎല്‍എമാരില്ലാത്ത സീറ്റുകളിലേക്കായിരുന്നു ഇത്.
മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍-ഡിസംബറിലാണ് നടക്കേണ്ടത്. 2024 ലെ ലോക്സഭാ മത്സരത്തിന് മുമ്പുള്ള സംസ്ഥാന തിരഞ്ഞെടുപ്പിന്റെ അവസാന പോരാട്ടമായാണ് ഇതിനെ കാണുന്നത്. ഇതില്‍ മധ്യപ്രദേശില്‍ ബിജെപിയും മിസോറാമില്‍ സഖ്യകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടുമാണ് ഭരിക്കുന്നത്.