Flash News

News


14/09/2023 180

ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി അഭിഷേക് ബാനർജി

Abhishek Banerjee ED case: ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജി. രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തവര്‍ ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബംഗാള്‍ സ്‌കൂള്‍ അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായതിന് പിന്നാലെയാണ് അഭിഷേകിന്റെ വിമര്‍ശനം.

പ്രതിപക്ഷ സഖ്യം 'ഇന്ത്യ'യുടെ ഏകോപന സമിതി യോഗത്തിന്റെ അന്നു തന്നെ ഹാജരാരാകാന്‍ വിളിപ്പിച്ച കേന്ദ്ര ഏജന്‍സി തീരുമാനത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ഇന്ത്യ സഖ്യ യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ച്, സെപ്തംബര്‍ 12 നോ 15 നോ ഇഡിക്ക് തന്നെ വിളിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

പ്രതിപക്ഷ ഐക്യത്തില്‍ പ്രധാന പങ്കുവഹിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നാണ് ഇതിലൂടെ തെളിയുന്നത്. എന്ത് വിലകൊടുത്തും തൃണമൂല്‍ കോണ്‍ഗ്രസിനെ തടയാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കേന്ദ്ര ഏജന്‍സികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത അഭിഷേക് ബാനര്‍ജി, ബിജെപി നേതാക്കള്‍ പ്രതികളാകുന്ന കേസുകളില്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും ചോദിച്ചു. നാരദ അഴിമതിയില്‍ കഴിഞ്ഞ 7 വര്‍ഷമായി പുരോഗതിയൊന്നുമില്ലാതെ സിബിഐ അന്വേഷണം തുടരുകയാണ്. ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് സമന്‍സ് അയക്കുന്നില്ല, പണം വാങ്ങുന്നതായി ക്യാമറയില്‍ കണ്ടവരെ അന്വേഷണ ഏജന്‍സികള്‍ വിളിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇഡിയും സിബിഐയും പോലുള്ള കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍, ആദ്യം കുറ്റവാളികളെ തിരഞ്ഞെടുക്കുകയും അതിനുശേഷം കുറ്റകൃത്യം തീരുമാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ അവര്‍ ഞങ്ങളെ ഉപദ്രവിക്കുന്നുവെന്നും ബാനര്‍ജി പറഞ്ഞു.  ഈ പോരാട്ടത്തില്‍ ഐക്യത്തോടെ നില്‍ക്കാന്‍ പാര്‍ട്ടി അംഗങ്ങളോട് അഭ്യര്‍ത്ഥിച്ച അദ്ദേഹം, ഇരട്ട എഞ്ചിന്‍
സര്‍ക്കാരിന്റെ പേരില്‍, ബിജെപി രാജ്യത്തെ കൊള്ളയടിക്കുകയാണെന്നും ആരോപിച്ചു. 

പശ്ചിമ ബംഗാളിലെ സ്‌കൂള്‍ അധ്യാപക നിയമന തട്ടിപ്പിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച്ച രാവിലെ 11:30 മുതല്‍ രാത്രി 8:40 വരെ ഏജന്‍സി ഉദ്യോഗസ്ഥര്‍ ബാനര്‍ജിയെ ചോദ്യം ചെയ്തു. ഇഡി ഉദ്യോഗസ്ഥരുമായി താന്‍ സഹകരിച്ചുവെന്നും കോടതിയില്‍ എന്റെ മൊഴി സമര്‍പ്പിക്കാന്‍ ഏജന്‍സിയോട് അഭ്യര്‍ത്ഥിച്ചുവെന്നും ബാനര്‍ജി പറഞ്ഞു. പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ ഏകോപന സമിതി അംഗങ്ങളില്‍ ഒരാളാണ് അഭിഷേക് ബാനര്‍ജി.