News
14/09/2023 180
സനാതന ധർമ്മ പരാമർശത്തിൽ പുതിയ വിവാദം
Sanatana remark row: സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി ഗുജറാത്തിലെ പ്രമുഖ ഹിന്ദു സംഘടന സ്വാമിനാരായണ്‍ വഡ്താല്‍ വിഭാഗം. പുതിയ ധര്‍മ്മം വേണമെന്ന സംഘടനാംഗത്തിന്റെ പരമാര്‍ശമാണ് വിവാദമായത്. 'ക്ഷേത്രങ്ങളില്‍ നിന്ന് ദേവീദേവന്മാരുടെ വിഗ്രഹങ്ങള്‍ നീക്കം ചെയ്യണം. നമുക്ക് പുതിയ ഒരു ധര്‍മ്മം സൃഷ്ടിക്കേണ്ടതുണ്ട്' ഹിന്ദു സംഘടനയുടെ സന്യാസിയായ ആചാര്യ ദിനേശ് പ്രസാദ് സ്വാമി പറഞ്ഞു. ഓഗസ്റ്റ് 28ന് നടത്തിയ ഈ പരാമര്‍ശത്തിന് പിന്നാലെ ഗുജറാത്തിലെ 'സനാതന ധര്‍മ്മ' ഗ്രൂപ്പുകളില്‍ നിന്ന് വന്‍ വിമര്‍ശനമാണ് ഇവര്‍ക്ക് ലഭിച്ചത്.
പരാമര്‍ശത്തിന് പിന്നാലെ, സ്വാമിനാരായണ്‍ വിഭാഗത്തിന്റെ സ്ഥാപകനായ, പത്തൊന്‍പതാം നൂറ്റാണ്ടിലെ ദര്‍ശകനായ സഹജാനന്ദ് സ്വാമിയുടെ മുന്നില്‍ ഹനുമാന്‍ കൂപ്പുകൈകളോടെ മുട്ടുകുത്തി നില്‍ക്കുന്നതായുളള ചുവര്‍ചിത്രങ്ങള്‍ നീക്കം ചെയ്തു. സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തെ വലിയ തോതില്‍ വിവാദമാക്കിയിട്ടും ബിജെപി ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതാണ് ശ്രദ്ധേയമായ കാര്യം.
സനാതന ഗ്രന്ഥങ്ങളിലും രാമായണത്തിലും പരാമര്‍ശിച്ചിരിക്കുന്നതുപോലെയല്ലാതെ ഹനുമാന്‍, ശ്രീരാമന്‍ അല്ലാതെ മറ്റാരുടെയെങ്കിലും മുന്നില്‍ മുട്ടുകുത്തുന്നതില്‍ 'സനാതന ധര്‍മ്മം' പിന്തുടരുന്ന സംഘടനയായ ഹിന്ദു ധര്‍മ്മ ആചാര്യ സഭയിലെ അംഗങ്ങള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. അതിനാല്‍ തന്നെ സ്വാമിനാരായണ്‍ വിഭാഗവും സനാതന ധര്‍മ്മ ഗ്രൂപ്പുകളും തമ്മില്‍ ഇതിനുമുമ്പും സംഘര്‍ഷം നിലനിന്നിരുന്നു.
ഇതിന് പിന്നാലെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, സ്വാമിനാരായണ്‍ വഡ്താള്‍ വിഭാഗത്തിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും (വിഎച്ച്പി) നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയില്‍ ഹിന്ദു മതത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കായി വിവാദം അവസാനിപ്പിക്കേണ്ടതുണ്ടെന്ന് എല്ലാവരും ആഗ്രഹിക്കുന്നതായി ഹിന്ദു ധര്‍മ്മ ആചാര്യ സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. തിങ്കളാഴ്ച നടന്ന യോഗത്തില്‍, ദ്വാരകാപീഠം ശങ്കരാചാര്യരുടെയും വഡ്താലിലെ ആചാര്യ രാകേഷ് പ്രസാദ് മഹാരാജിന്റെയും സാനിധ്യത്തില്‍, എല്ലാ സന്യാസിമാരും വിവാദം അവസാനിപ്പിക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചതായി സംഘടന പ്രസ്താവനയിലൂടെ അറിയിച്ചു.
അതിനിടെ മറ്റൊരു വിവാദ സംഭവം കൂടി പുറത്തുവന്നിരുന്നു. സ്വാമിനാരായണ്‍ വിഭാഗത്തിലെ മറ്റൊരു സന്യാസിയായ ബ്രഹ്‌മസ്വരൂപദാസ്, ഗുജറാത്തിലെ പട്ടീദാര്‍മാരുടെ ഉപജാതിയായ ലേവ പട്ടേല്‍ സമുദായത്തിലെ 'കുലദേവി'ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി. 'മഹാരാജ് തന്റെ നനഞ്ഞ വസ്ത്രത്തിലെ വെള്ളം കുലദേവി ഖോഡിയാര്‍ മാതാജിയുടെ മേല്‍ തളിച്ചു. അങ്ങനെയാണ് നിങ്ങളുടെ കുല്‍ദേവി സത്‌സംഗി ആയത്'എന്നാണ് ബ്രഹ്‌മസ്വരൂപദാസ് ആരോപിച്ചത്. സ്വാമിനാരായണ്‍ വിഭാഗത്തെ സ്വീകരിക്കുന്നവരെ ദേവി വണങ്ങുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. 'ഒരിക്കല്‍ നിങ്ങള്‍ സ്വാമിനാരായണ്‍ വിഭാഗത്തിലേക്ക് മാറിയാല്‍ നിങ്ങള്‍ക്ക് പിന്നെ കുലദേവിയിലോ കുലദേവതയിലോ വിശ്വസിക്കേണ്ടതില്ല. സ്വാമിനാരായണന്‍ ഭഗവാന്‍ എല്ലാവരിലും പരമോന്നതനാണ്' അദ്ദേഹം പറഞ്ഞു. അതേസമയം ബ്രഹ്‌മസ്വരൂപദാസിന്റെ പരാമര്‍ശത്തില്‍ അദ്ദേഹം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തിലെ മോര്‍ബിയിലുള്ള ഭക്തരും സന്യാസിമാരും ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി.