News
14/09/2023 202
അയോധ്യയിൽ രാമക്ഷേത്രം ജനുവരിയിൽ തുറക്കും
അയോധ്യയില്‍ പുതുതായി നിര്‍മ്മിച്ച രാമക്ഷേത്രത്തിലെ ശ്രീരാമവിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് അടുത്ത വര്‍ഷം ജനുവരി 22 ന് നടക്കും. പിന്നാലെ ആരാധനക്കായി ക്ഷേത്രം ഭക്തര്‍ക്കായി തുറക്കും. തീയതി പ്രഖ്യാപിച്ചത് രാജ്യത്തെ ഒരു പ്രമുഖ ജ്യോതിഷിയും സഹോദരനും ചേര്‍ന്നാണെന്നാണ് വിവരം. ജനുവരി 22 ന് ഉച്ചയ്ക്ക് 12 മുതല്‍ 1 മണിവരെയാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുക. അതേസമയം, ചടങ്ങിനുള്ള ഒരുക്കങ്ങള്‍ അഞ്ച് ദിവസം മുമ്പേ തുടങ്ങും.
ഇതിനിടെ രാജ്യത്തുടനീളമുള്ള പ്രശസ്തമായ ക്ഷേത്രങ്ങളുടെ ചരിത്രം പ്രദര്‍ശിപ്പിക്കുന്ന ഒരു മ്യൂസിയം അയോധ്യയില്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തുടക്കമിട്ടു. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന മഹത്തായ ക്ഷേത്രങ്ങളും ചരിത്രവും സന്ദര്‍ശകര്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയുന്ന ഈ പദ്ധതിക്കായി സര്‍ക്കാര്‍ വിശദമായ രൂപരേഖ തയ്യാറാക്കുകയാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ ക്ഷേത്ര മ്യൂസിയത്തിനുള്ള സ്ഥലം ഇതുവരെ തിരഞ്ഞെടുത്തിട്ടില്ലെന്ന് അയോധ്യ കമ്മീഷണര്‍ ഗൗരവ് ദയാല്‍ അറിയിച്ചു. ഹിന്ദു മതത്തെക്കുറിച്ച് യുവതലമുറയില്‍ അവബോധം വളര്‍ത്തുക എന്നതാണ് മ്യൂസിയത്തിന്റെ പിന്നിലെ പ്രധാന ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി.