Flash News

News


14/09/2023 203

നിപക്കായുള്ള ആന്റിബോഡി കേരളത്തിൽ ;ആരോഗ്യമന്ത്രി വീണാജോർജ്

Nipah virus: നിപക്കായുള്ള മോണോക്‌ലോൺ ആന്റിബോഡി സംസ്ഥാനത്തെത്തിയതായി ആരോഗ്യ മന്ത്രി വീണ ജോർജ്. നിപ ബാധിച്ച് മുപ്പതിന് മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കത്തിലുള്ള എല്ലാവരുടെയും പരിശോധന ഉറപ്പാക്കുമെന്ന് വീണാ ജോർജ്ജ് പറഞ്ഞു. നിപ റിപ്പോർട്ട് ചെയ്ത ആശുപത്രികളിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. നിപ പരിശോധനയ്ക്ക് കൂടുതൽ സംവിധാനങ്ങൾ കൊണ്ടുവരും. രാജീവ് ഗാന്ധി ബയോടെക്നോളജി സജ്ജീകരിച്ച മൊബൈൽ വൈറോളജി ലാബ് നേരെ കോഴിക്കോട്ടേക്ക് പോകുമെന്നും മന്ത്രി വ്യക്തമാക്കി. 

ബി എസ് എൽ  ലെവൽ 2 ലാബുകളാണ് കോഴിക്കോട്ടേക്ക് എത്തിക്കുന്നത്. നിപയുമായി ബന്ധപ്പെട്ട് കേന്ദ്ര എക്സ്പേർട്ട് കമ്മിറ്റിയുമായി ചർച്ച നടത്തുകയാണെന്നും മന്ത്രി അറിയിച്ചു. അതേസമയം, നിപ ജാഗ്രത മുൻകരുതലിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറ്റന്നാളും (16-9-23) അവധി പ്രഖ്യാപിച്ചു.

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) അവധി ബാധകമായിരിക്കും. ആദ്യ അറിയിപ്പിൽ ജില്ലയില്‍ ഇന്നും നാളെയുമാണ് (14.09.2023, 15.09.2023) അവധി പ്രഖ്യാപിച്ചിരുന്നത്. ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്ക്കാലികമായി നിർത്തിവയ്ക്കുവാനും ജില്ലാ കളക്ടർ എ ഗീത ഉത്തരവിട്ടിട്ടുണ്ട്.

 

ആശങ്കയൊഴിഞ്ഞു: തിരുവനന്തപുരത്തെ മെഡിക്കല്‍ വിദ്യാര്‍ഥിക്ക് നിപയില്ല

 

തിരുവനന്തപുരത്ത് നിപ ഭീതിയൊഴിഞ്ഞു. മെഡിക്കല്‍ കോളേജില്‍ പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് നിപയില്ലെന്ന് പരിശോധനാഫലം. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയട്ടില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുവന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന ആദ്യ നിപ പരിശോധനയായിരുന്നു ഇത്. നിപ സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയത്. വവ്വാല്‍ കടിച്ച പഴം കഴിച്ചതായി സംശയിക്കുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞതോടെയാണ് പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ നിരീക്ഷണത്തിലാക്കിയത്. 

ഇതിനിടെ മറ്റൊരു ആശ്വാസവാര്‍ത്ത കൂടി പുറത്തുവന്നു. കോഴിക്കോട് ആശുപത്രിയില്‍ നിപ ബാധിച്ചു ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായാണ് വിവരം. രോഗിയുടെ പനി മാറിയെന്നും അണുബാധ കുറഞ്ഞെന്നുമാണ് വിവരം. അതേസമയം ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന 9 വയസ്സുകാരന്റെ നിലയില്‍ ഇതുവരെയും മാറ്റമുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ഒരു ആരോഗ്യപ്രവര്‍ത്തകന് കൂടി നിപ സ്ഥിരീകരിച്ചിരുന്നു. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് വൈറസ് സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് നിലവില്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് വിവരം. ആദ്യം മരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പെട്ടയാളാണ് ഒടുവിലായി നിപ സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്‍. ഇതോടെ ജില്ലയിലെ ആക്റ്റീവ് കേസുകള്‍ 3 ആയി.