News
15/09/2023 207
ഇന്ന് അന്താരാഷ്ട്ര ജനാധിപത്യദിനം 2023
2007 സെപ്റ്റംബർ 15 മുതലാണ് ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി ‘International Day of Democracy’ (അന്താരാഷ്ട്ര ജനാധിപത്യ ദിനം) എന്ന ജനാധിപത്യ മൂല്യങ്ങൾക്കായുള്ള ഒരു പ്രത്യേക ദിനത്തിന് രൂപം നൽകുന്നത്. ജനങ്ങളാൽ കെട്ടിപ്പടുത്ത രാഷ്ട്ര ഭരണ സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും, ജനാധിപത്യത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള അവബോധം ലോകമെമ്പാടുമുള്ള പൊതുജനങ്ങൾക്ക് പകർന്നു കൊടുക്കുക എന്നതുമാണ് ഈ ദിനത്തിന്റെ പ്രസക്തി. സ്വേച്ഛാധിപത്യത്തിൽ നിന്നും ജനങ്ങളുടെ പങ്കാളിത്വത്തിലേക്കുള്ള ഒരു ഭരണപ്രക്രിയയ്ക്ക് ലോകം നല്കുന്ന പ്രാധാന്യത്തെ ഈ ദിനം ഓർമ്മപ്പെടുത്തുന്നു.
ഭരണ കർത്താക്കളുടെ ഇഷ്ടം എന്നത് പൊതുജന പങ്കാളിത്തത്തോട് കൂടി ചേർന്ന് നിൽക്കുന്നതായിരിക്കണം, അങ്ങിനെയെങ്കിൽ മാത്രമേ ഒരു രാഷ്ട്രത്തിന് ശരിയായ വിധം തീരുമാനങ്ങൾ എടുക്കാൻ കഴിയൂ. ഒരു ജനാധിപത്യം എന്തായിരിക്കണം, എങ്ങനെയായിരിക്കണം, അതിന്റെ മൂല്യമെന്ത് തുടങ്ങിയ ചർച്ചകൾക്ക് വേദിയാകുവാൻ കൂടി ഈ ദിനം ഉപകരിക്കുന്നു. ഭരണം എന്നത് അധികാരം പോലെ, ചുമതല കൂടിയാണെന്ന് ഓരോ ഭരണാധികാരികളും ഓര്‍ക്കണം.
അന്താരാഷ്ട്ര ജനാധിപത്യ ദിനം
സെപ്റ്റംബർ 15 അന്താരാഷ്ട്ര ജനാധിപത്യ ദിനമായി ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരം ലോകമെങ്ങും ആചരിക്കുന്നു. (ആർട്ടിക്കിൾ 21.3). ഓരോ വർഷവും ഒരോ വിഷയങ്ങൾ പ്രമേയമാകാറുണ്ട്.
ജനാധിപത്യം
ജനങ്ങൾ എന്നർത്ഥമുള്ള ഡെമോസ്(Demos), ഭരണം എന്നർത്ഥമുള്ള ക്രറ്റോസ്(kratos) എന്നീ പദങ്ങൾ ചേർന്ന് ഗ്രീക്കുഭാഷയിൽ ഡെമോക്രാറ്റിയ(Demokratia) എന്ന സമസ്തപദമുണ്ടായി. ഈ വാക്ക് ആദ്യമായി പ്രയോഗിച്ചത് ബി.സി. 5-ആം നൂറ്റാണ്ടിലെ ഗ്രീക്ക് ചരിത്രകാരനായ ഹെറഡോട്ടസ് ആയിരുന്നു. ഇത് ഇംഗ്ലീഷിൽ ഡെമോക്രസിയായി(Democracy). ഡെമൊക്രസിയുടെ മലയാള തർജ്ജമയാണു ജനാധിപത്യം. ജനങ്ങൾക്കുവേണ്ടി ജനങ്ങൾ, ജനങ്ങളെ ഭരിക്കുന്നതാണു ജനാധിപത്യമെന്ന് എബ്രഹാം ലിങ്കന്റെ വാക്കുകളിൽ കാണാം.