Flash News

News


19/09/2023 203

പഴയ പാർലമെന്റ് മന്ദിരം ഇനി മുതൽ'സംവിധാൻ സദൻ ' ; പ്രധാനമന്ത്രി

ഇരുസഭകളും പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് മാറിയതിന് ശേഷം പഴയ മന്ദിരത്തിന് 'സംവിധാന്‍ സദന്‍' എന്ന് പേരിടാന്‍ നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 75 വര്‍ഷമായി പാര്‍ലമെന്റ് സമ്മേളനങ്ങള്‍ നടക്കുന്ന കെട്ടിടത്തിന്റെ മാന്യത പഴയ കെട്ടിടമെന്നു പറഞ്ഞ് വെറുതെ താഴ്ത്തരുത്. കെട്ടിടത്തെ 'സംവിധാന്‍ സദന്‍' എന്ന് വിശേഷിപ്പിക്കുന്നത് പാര്‍ലമെന്റില്‍ ചരിത്രം സൃഷ്ടിച്ച നേതാക്കള്‍ക്കുള്ള ആദരവായിരിക്കും. ഭാവി തലമുറകള്‍ക്ക് ഈ സമ്മാനം നല്‍കാനുള്ള അവസരം നാം കൈവിടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന് മുന്നോടിയായി പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ചാണ് പുതിയമന്ദിരത്തിലേക്ക് മാറിയത്. മോദിയുടെ പ്രസംഗം കഴിഞ്ഞയുടനെ പ്രധാനമന്ത്രിയും എല്ലാ എംപിമാരും പഴയ കെട്ടിടത്തില്‍ നിന്ന് പുതിയ കെട്ടിടത്തിലേക്ക് നടന്നു. എല്ലാ എംപിമാര്‍ക്കും ഭരണഘടനയുടെ പകര്‍പ്പ്, പാര്‍ലമെന്റുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, ഒരു നാണയം, ഒരു സ്റ്റാമ്പ് എന്നിവ അടങ്ങിയ ബാഗ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന ദിവസം ലഭിച്ചു.

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് മാറിയതിനൊപ്പം ഇരുസഭകളിലെയും ജീവനക്കാര്‍ക്കുള്ള യൂണിഫോമിലും മാറ്റങ്ങള്‍ കൊണ്ടുവരും. ഇവരില്‍ ചേംബര്‍ അറ്റന്‍ഡന്റുകള്‍, ഓഫീസര്‍മാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, ഡ്രൈവര്‍മാര്‍, മാര്‍ഷലുകള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രത്യേക സെഷനില്‍ പുതിയ യൂണിഫോമിലെത്തും. 

 

മുത്തലാഖ്, ആര്‍ട്ടിക്കിൾ 370..; പഴയ പാര്‍ലമെന്റില്‍ മോദി

 

പ്രത്യേക സമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ പഴയ കെട്ടിടത്തില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീരിന്റെ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യല്‍, മുത്തലാഖ് തുടങ്ങിയ വിഷയങ്ങള്‍ മോദി പരാമര്‍ശിച്ചു. ഈ കെട്ടിടവും സെന്‍ട്രല്‍ ഹാളും നമ്മുടെ വികാരങ്ങള്‍ നിറഞ്ഞതാണ്. അത് നാം ഓരോരുത്തരേയും വികാരഭരിതരാക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.1952 ന് ശേഷം, ഏകദേശം 41 ലോക രാഷ്ട്രത്തലവന്മാര്‍ ഈ സെന്‍ട്രല്‍ ഹാളില്‍ എംപിമാരെ അഭിസംബോധന ചെയ്തിട്ടുണ്ട്. നമ്മുടെ എല്ലാ രാഷ്ട്രപതിമാരും 86 തവണ ഇവിടെ അഭിസംബോധന ചെയ്തിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. 

പാര്‍ലമെന്റ് ട്രാന്‍സ്ജെന്‍ഡറിന് നീതി

കഴിഞ്ഞ വര്‍ഷങ്ങളില്‍ പാര്‍ലമെന്റ് ട്രാന്‍സ്ജെന്‍ഡേഴ്‌സിന് നീതി ലഭ്യമാക്കുന്ന നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിലൂടെ, ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ജോലി, വിദ്യാഭ്യാസം, ആരോഗ്യം, മറ്റ് സൗകര്യങ്ങള്‍ എന്നിവ യോജിപ്പോടും അന്തസ്സോടെയും കൂടി നല്‍കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഈ പാര്‍ലമെന്റ് കാരണമാണ് മുസ്ലീം അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും നീതി ലഭിച്ചത്. മുത്തലാഖിനെ എതിര്‍ക്കുന്ന നിയമം ഇവിടെ നിന്നാണ് ഏകകണ്ഠമായി പാസാക്കിയതെന്നും മോദി ഓര്‍ത്തെടുത്തു.

ജമ്മു കശ്മീരിനെക്കുറിച്ചും പരാമര്‍ശം

ഇന്ന് ജമ്മു കശ്മീര്‍ സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിലേക്ക് നീങ്ങിയിരിക്കുകയാണ്. പുതിയ ആവേശത്തോടെയും ഉത്സാഹത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും അവിടെയുള്ള ജനങ്ങള്‍ മുന്നോട്ട് പോകാനുള്ള ഒരു അവസരവും പാഴാക്കാന്‍ ആഗ്രഹിക്കുന്നില്ല. ഈ സഭയില്‍, ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കാനും വിഘടനവാദത്തിനും തീവ്രവാദത്തിനും എതിരെ പോരാടാനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പ് ഞങ്ങള്‍ നടത്തി. എംപിമാര്‍ക്കും പാര്‍ലമെന്റിനും ഈ നടപടിയില്‍ വലിയ പങ്കുണ്ട്. ഈ സഭയില്‍ നിര്‍മ്മിച്ച ഭരണഘടന ജമ്മു കശ്മീരില്‍ നടപ്പാക്കിയെന്നും മോദി പറഞ്ഞു.

നാളിതുവരെ 4000-ത്തിലധികം നിയമങ്ങള്‍ ലോക്സഭയും രാജ്യസഭയും സംയുക്തമായി പാസാക്കിയിട്ടുണ്ട്. ഇത് കൂടാതെ സ്ത്രീധന നിരോധന നിയമം, തീവ്രവാദ വിരുദ്ധ നിയമം തുടങ്ങി നിരവധി സുപ്രധാന നിയമങ്ങള്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തിലും ഈ സെന്‍ട്രല്‍ ഹാളില്‍ തന്നെയും പാസാക്കിയിട്ടുണ്ട്. ഞാന്‍ ചെങ്കോട്ടയില്‍ നിന്ന് പറഞ്ഞിരുന്നു - ഇതാണ് സമയം, ഇതാണ് ശരിയായ സമയം എന്ന്. ഒന്നിന് പുറകെ ഒന്നായി നടന്ന സംഭവങ്ങള്‍ പരിശോധിച്ചാല്‍, ഇന്ന് ഇന്ത്യ ഒരു പുത്തന്‍ ബോധത്തോടെ ഉണര്‍ന്നു എന്നതിന് ഓരോ സംഭവങ്ങളും സാക്ഷിയാണ്.ഇന്ത്യ ഒരു പുതിയ ഊര്‍ജ്ജത്താല്‍ നിറഞ്ഞിരിക്കുന്നു. ഈ ബോധത്തിനും ഊര്‍ജ്ജത്തിനും കോടിക്കണക്കിന് ആളുകളുടെ സ്വപ്നങ്ങളെ ദൃഢനിശ്ചയമാക്കി മാറ്റാനും അവയെ യാഥാര്‍ത്ഥ്യമാക്കാനും കഴിയുമെന്നും മോദി സഭയില്‍ പറഞ്ഞു.

അമൃത്കാലിന്റെ 25 വര്‍ഷങ്ങളില്‍ ഇന്ത്യക്ക് വലിയൊരു ക്യാന്‍വാസില്‍ പ്രവര്‍ത്തിക്കേണ്ടിവരും. സ്വാശ്രയ ഇന്ത്യ എന്ന ലക്ഷ്യം നാം ആദ്യം നിറവേറ്റണം.ഇന്ത്യയിലെ യുവാക്കള്‍ ലോകത്തെ മുന്‍നിരയില്‍ നില്‍ക്കുന്നതായി കാണണം. ലോകത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനും ആവശ്യങ്ങള്‍ നിറവേറ്റി സ്വന്തം സ്ഥാനം ഉണ്ടാക്കാനും ഇന്ത്യക്ക് കഴിയും. പാര്‍ലമെന്റിന്റെ ഓരോ നിയമവും പാര്‍ലമെന്റിന്റെ ഓരോ ചര്‍ച്ചയും പാര്‍ലമെന്റിന്റെ ഓരോ സന്ദേശവും ഇന്ത്യയുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കണം. അത് നമ്മുടെ കടമയാണ്, ഉത്തരവാദിത്തമാണ്!ഇതാണ് നമ്മുടെ രാജ്യം നാം ഓരോരുത്തരില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഞങ്ങള്‍ അത് നിറവേറ്റുന്നുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.