Flash News

News


26/09/2023 171

ബിജെപിയെയും അണ്ണാ ഡിഎംകെയെയും പരിഹസിച്ച് ഉദയനിധി സ്റാൻലിൻ

തമിഴ്നാട്ടില്‍ എഐഎഡിഎംകെയും ബിജെപിയും സഖ്യം അവസാനിപ്പിച്ചതിന് പിന്നാലെ പരിഹാസവുമായി മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. ഒരാള്‍ കൊള്ളക്കാരനും മറ്റൊരാള്‍ കള്ളനുമാണെന്ന് ഉദയനിധി പറഞ്ഞു. അതിനാല്‍ രണ്ട് പാര്‍ട്ടികളും വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒന്നിച്ച് വരും. എഐഎഡിഎംകെ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചെങ്കിലും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എഐഎഡിഎംകെ-ബിജെപി സഖ്യം അവസാനിച്ചതായി കെപി മുനുസാമി പ്രഖ്യാപിച്ചിരുന്നു. എഐഎഡിഎംകെ ബിജെപിയുമായി സഖ്യമുണ്ടാക്കിയാലും ഇല്ലെങ്കിലും ഡിഎംകെയാണ് ഇനി വിജയിക്കാന്‍ പോകുന്നത്. നിങ്ങള്‍ക്ക് ജനങ്ങളെ കബളിപ്പിക്കാനാവില്ല. നിങ്ങളുടെ സ്വന്തം എഐഎഡിഎംകെ പ്രവര്‍ത്തകര്‍ പോലും ഇത് വിശ്വസിക്കില്ല. നിങ്ങളുടെ മുന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ഇ.ഡി കേസുകള്‍ നിലനില്‍ക്കുന്നതിനാലാണിത്,' ഉദയനിധി പറഞ്ഞു. കൃഷ്ണഗിരി ജില്ലയില്‍ ഡിഎംകെ യുവജന വിഭാഗം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അ്‌ദ്ദേഹം. 

'ഇത് ആദ്യമായിട്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. എഐഎഡിഎംകെയും ബിജെപിയും വഴക്ക് അഭിനയിച്ചേക്കാം. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്ത് അവര്‍ വീണ്ടും ഒന്നിക്കും. കാരണം ഒരാള്‍ കൊള്ളക്കാരനും മറ്റേയാള്‍ കള്ളനുമാണ്,' അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച തമിഴ്നാട്ടിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിന് ശേഷമാണ് ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യവുമായുള്ള (എന്‍ഡിഎ) ബന്ധം എഐഎഡിഎംകെ അവസാനിപ്പിച്ചത്. എഐഎഡിഎംകെയുടെ മുന്‍ നേതാക്കളെ കുറിച്ച് ബിജെപി അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു തീരുമാനം. ബിജെപിയുടെ തമിഴ്നാട് അധ്യക്ഷന്‍ കെ അണ്ണാമലൈയുടേത് ആക്രമണാത്മക രാഷ്ട്രീയമാണെന്ന് മുതിര്‍ന്ന എഐഎഡിഎംകെ നേതാക്കള്‍ ഡല്‍ഹിയില്‍ വെച്ച് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് നിലനില്‍ക്കുന്ന സ്ഥിതിഗതികളും നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചു. ഇതിന് പിന്നാലെയാണ് എന്‍ഡിഎ സഖ്യത്തില്‍ നിന്ന് എഐഎഡിഎംകെ പിന്‍മാറിയത്. 

കൂടാതെ ദ്രാവിഡ നേതാവ് സിഎന്‍ അണ്ണാദുരൈയെക്കുറിച്ച് അണ്ണാമലൈ നടത്തിയ പരാമര്‍ശം വലിയ അമര്‍ഷത്തിന് കാരണമായിരുന്നു. സംഭവത്തില്‍ മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ അദ്ദേഹത്തെ പദവിയില്‍ നിന്ന് മാറ്റണമെന്നും എഐഎഡിഎംകെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങളില്‍ മാപ്പ് പറയാന്‍ അണ്ണാമലൈ വിസമ്മതിക്കുകയും തന്റെ പാര്‍ട്ടിയും എഐഎഡിഎംകെയും തമ്മില്‍ പ്രശ്നമില്ലെന്നും നിലപാടെടുത്തിരുന്നു. താന്‍ അണ്ണാദുരൈയെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നും 1956ലെ ഒരു സംഭവം വിവരിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു.

എന്‍ഡിഎയില്‍ നിന്ന് വേര്‍പിരിയാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ എഐഎഡിഎംകെയോട് ആവശ്യപ്പെടില്ലെന്നും അണ്ണാമലൈയെ ശക്തമായി പിന്തുണയ്ക്കുന്നുവെന്നുമാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പുതിയ മുന്നണി രൂപീകരിക്കുമെന്ന് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ അറിയിച്ചിട്ടുണ്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2021ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലും എഐഎഡിഎംകെ ബിജെപിയുമായി സഖ്യമുണ്ടാക്കിയിരുന്നു.