Flash News

News


26/09/2023 185

ഇന്ത്യക്കാർക്ക് പ്രിയപ്പെട്ട രണ്ടാമത്തെ രാജ്യം ;കാനഡ

ഇന്ത്യയും കാനഡയും തമ്മില്‍ സംഘര്‍ഷം തുടരുന്നതിനിടെ കനേഡിയന്‍ പൗരത്വം എടുത്ത ഇന്ത്യക്കാരുടെ കണക്ക് പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം. 2018 ജനുവരി മുതല്‍ 2023 ജൂണ്‍ വരെ 1.6 ലക്ഷം ഇന്ത്യക്കാര്‍ കനേഡിയന്‍ പൗരത്വം എടുത്തു. ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ ആകെ എണ്ണത്തിന്റെ 20% ആണിത്. ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട രണ്ടാമത്തെ രാജ്യമായി കാനഡ മാറിയെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചത് അമേരിക്കയിലേക്ക് കുടിയേറാനാണ്. ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തും ബ്രിട്ടന്‍ നാലാം സ്ഥാനത്തുമാണ്. 2018 ജനുവരിക്കും 2023 ജൂണിനുമിടയില്‍ ഏകദേശം 8.4 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് 114 വ്യത്യസ്ത രാജ്യങ്ങളുടെ പൗരത്വം സ്വീകരിച്ചു.

ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച 58% ഇന്ത്യക്കാരും കാനഡയിലേക്കും അമേരിക്കയിലേക്കുമാണ് പോയത്. ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്ന പ്രവണത ഓരോ വര്‍ഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. എന്നാല്‍ 2020-ലെ കോവിഡ് മഹാമാരി കാരണം പൗരത്വം ഉപേക്ഷിക്കുന്ന നിരക്ക് കുറഞ്ഞു. 2018ല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം 1.3 ലക്ഷമായിരുന്നു. 2022ല്‍ അത് 2.2 ലക്ഷമായി ഉയര്‍ന്നു. 2023 ജൂണ്‍ വരെ ഏകദേശം 87,000 ഇന്ത്യക്കാര്‍ വിദേശ പൗരത്വം തിരഞ്ഞെടുത്തിട്ടുണ്ട്. 

ഇംഗ്ലീഷ് ഭാഷയ്ക്ക് ആധിപത്യമുള്ള രാജ്യങ്ങളിലേക്ക് പോകാനാണ് പല ഇന്ത്യക്കാരും ഇഷ്ടപ്പെടുന്നതെന്ന് ഇമിഗ്രേഷന്‍ വിദഗ്ധന്‍ വിക്രം ഷ്രോഫ് പറയുന്നു. ഉയര്‍ന്ന ജീവിതനിലവാരം, കുട്ടികളുടെ വിദ്യാഭ്യാസം, തൊഴിലവസരങ്ങള്‍, നല്ല ആരോഗ്യ സൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധി കാരണങ്ങളുണ്ട് കുടിയേറ്റത്തിന് പിന്നില്‍. ഇത് കൂടാതെ കാനഡയും ഓസ്ട്രേലിയയും താമസവും പൗരത്വവും നേടുന്നതിനുള്ള നിയമങ്ങള്‍ ലഘൂകരിച്ച് വിദേശികളെ തങ്ങളുടെ രാജ്യങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ നീക്കവും നടത്തുന്നുണ്ട്. 

പ്രവാസികളെ പരമാവധി പ്രയോജനപ്പെടുത്താന്‍ തന്റെ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. സമ്പന്നരും സ്വാധീനമുള്ളവരുമായ കുടിയേറ്റക്കാര്‍ ഇന്ത്യയ്ക്ക് പ്രയോജനകരമാണ്. പ്രവാസി ശൃംഖലയെ പൂര്‍ണമായി പ്രയോജനപ്പെടുത്തുകയും അതിന്റെ പ്രശസ്തി രാജ്യത്തിന് വേണ്ടി ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാടെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇന്ത്യന്‍ വംശജരായ കാനഡക്കാരുടെ പ്രശ്‌നങ്ങള്‍

ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇന്ത്യയും കാനഡയും തമ്മില്‍ തര്‍ക്കം ആരംഭിച്ചത്. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കനേഡിയന്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഈ ആരോപണത്തെ അസംബന്ധമെന്ന് വിശേഷിപ്പിച്ച് ഇന്ത്യ തള്ളിക്കളഞ്ഞു.

എന്നാല്‍ ഇതിന് പിന്നാലെ കാനഡയില്‍ ഇന്ത്യന്‍ വംശജരായ ഹിന്ദുക്കള്‍ക്ക് ഒട്ടേറെ പ്രശ്‌നങ്ങളുണ്ടായി. ഇവര്‍ കാനഡ വിടണമെന്ന് പറഞ്ഞ്  ഭീഷണിപ്പെടുത്തുന്ന ഖാലിസ്ഥാന്‍ അനുകൂലികളുടെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതിനിടെയാണ്  ഇന്ത്യയും കാനഡയുമായുള്ള വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.