News
26/09/2023 196
കനേഡിയൻ പ്രധാനമന്ത്രിക്കെതിരെ കടുത്തവിമർശനവുമായി ശ്രീലങ്കൻ വിദേശകാര്യമന്ത്രി
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി അലി സബ്രി. ഒരു തെളിവും കൂടാതെ ട്രൂഡോ ചില അതിരുകടന്ന ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. അദ്ദേഹത്തില്‍ നിന്ന് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ വരുന്നതില്‍ അത്ഭുതപ്പെടുന്നില്ല. ചില ഭീകരര്‍ കാനഡയില്‍ സുരക്ഷിത താവളം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് അലി സബ്രിയുടെ പ്രസ്താവന.
'ശ്രീലങ്കയ്ക്ക് അവര്‍ ചെയ്തതും അതേ കാര്യമാണ്. ശ്രീലങ്കയില്‍ വംശഹത്യ നടന്നുവെന്ന ഭീകരമായ നുണ പ്രചരിപ്പിച്ചു. നമ്മുടെ രാജ്യത്ത് വംശഹത്യ നടന്നിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ അദ്ദേഹം പോയി രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുമായി ബന്ധമുണ്ടായിരുന്ന ഒരാള്‍ക്ക് ഉജ്ജ്വലമായ സ്വീകരണം നല്‍കിയത് കണ്ടുവെന്നും അലി പറഞ്ഞു. ഒരു നാസി ഡിവിഷനിലെ വിമുക്തഭടനെ ട്രൂഡോ ആദരിച്ചതിന് പിന്നാലെയുണ്ടായ സമീപകാല വിവാദത്തെക്കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.
ഖാലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണങ്ങളാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര വിള്ളലിന് കാരണമായത് . 2020-ല്‍ ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച നിജ്ജാര്‍ ജൂണ്‍ 18-ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ വെച്ചാണ് കൊല്ലപ്പെട്ടത്.
പിന്നാലെ ട്രൂഡോയുടെ ആരോപണങ്ങള്‍ അസംബന്ധമാണെന്ന് വിശേഷിപ്പിച്ച് ഇന്ത്യ തള്ളിക്കളഞ്ഞു. ഇതിന് മറുപടിയായി ഒരു ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. ഇതോടെ ഒരു മുതിര്‍ന്ന കനേഡിയന്‍ നയതന്ത്രജ്ഞനെ പുറത്താക്കി ഇന്ത്യ തിരിച്ചടിച്ചു. ഈ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ കനേഡിയന്‍ സര്‍ക്കാര്‍ ഇന്ത്യയിലുള്ള തങ്ങളുടെ പൗരന്മാര്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇതോടെ കാനഡയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇന്ത്യ സമാനമായ നിര്‍ദ്ദേശം നല്‍കി. വര്‍ദ്ധിച്ചുവരുന്ന നയതന്ത്ര പോരിന് മറുപടിയായി ഇന്ത്യ വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.