News
26/09/2023 186
ഇന്ത്യ-കാനഡ നയതന്ത്രതർക്കം സൈനികബന്ധത്തെ ബാധിക്കില്ലെന്ന് കനേഡിയൻ സൈനിക ഉദ്യോഗസ്ഥൻ
General Peter Scott on India-canada relation: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഉടലെടുത്ത ഇന്ത്യ- കാനഡ നയതന്ത്ര തർക്കം സൈനിക ബന്ധത്തെ ബാധിക്കില്ലെന്ന് കാനഡ ഡെപ്യൂട്ടി ആർമി ചീഫ് മേജർ ജനറൽ പീറ്റർ സ്കോട്ട്. ഇൻഡോ-പസഫിക് ആർമി ചീഫ്സ് കോൺഫറൻസിൽ (ഐപിഎസിസി) കനേഡിയൻ പ്രതിനിധി സംഘത്തെ നയിക്കുന്ന സൈനിക മേധാവിയാണ് സ്കോട്ട്. നിലവിൽ ഈ വിഷയം സൈനിക ബന്ധത്തെ ബാധിക്കില്ലെന്നും, എത്രയും വേഗം പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ രാഷ്ട്രത്തലത്തിൽ ഉണ്ടാകണമെന്നും അദ്ദേഹം വാർത്ത ഏജൻസിയായ പി ടി ഐയോട് പറഞ്ഞു.
"നിലവിൽ ഈ വിഷയം സൈനിക ബന്ധത്തെ ബാധിക്കില്ലെന്നാണ് ഞാൻ മനസിലാക്കുന്നത്. രാഷ്ട്രത്തലത്തിൽ എത്രയും വേഗം പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണം. കാനഡയിൽ നടന്നുകൊണ്ടിരിക്കുന്ന സ്വതന്ത്ര അന്വേഷണത്തിൽ ഇന്ത്യയുടെ സഹകരണം അഭ്യർത്ഥിച്ചുകൊണ്ട് ഒരു പ്രധാനമന്ത്രി ട്രൂഡോ പ്രസ്താവന നടത്തിയിട്ടുണ്ട്."- സ്കോട്ട് പറഞ്ഞു.
"ഞാൻ ഇന്നലെ രാത്രി നിങ്ങളുടെ കരസേനാ മേധാവിയുമായി (ആർമി ചീഫ് ജനറൽ മനോജ് പാണ്ഡെ) സംസാരിച്ചു. ഇത് ഒരു രാഷ്ട്രീയ പ്രശ്നമാണെന്നും സൈനിക ബന്ധത്തിൽ യാതൊരു ഇടപെടലും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സൈന്യങ്ങൾ എന്ന നിലയിൽ, കോൺഫറൻസിൽ പങ്കെടുക്കുന്ന മറ്റ് 30 രാജ്യങ്ങളുമായി സഹകരിക്കാനും ഒരുമിച്ച് പരിശീലനം നൽകാനും പരീക്ഷണങ്ങൾ നടത്താനും കഴിയുന്ന മേഖലകൾ കണ്ടെത്താനുള്ള അവസരങ്ങളാണ് ഞങ്ങൾ ചർച്ച ചെയ്യുന്നത്, അതുവഴി രാജ്യങ്ങളിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിന് സംഭാവന ചെയ്യാൻ നമുക്ക് സാധിക്കും." മേജർ ജനറൽ സ്കോട്ട് പറഞ്ഞു. കൂടാതെ ഇത്തരം ഫോറങ്ങളിലെ ചർച്ചകളിലൂടെ ഇന്തോ-പസഫിക് രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്താനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻഡോ-പസഫിക് മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനായി കരസേനാ മേധാവികളുടെ ദ്വിദിന കോൺക്ലേവിന് ഇന്ത്യൻ സൈന്യമാണ് ആതിഥേയത്വം വഹിക്കുന്നത്.
എല്ലാ രാഷ്ട്രങ്ങളുടെയും പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ബഹുമാനിക്കുന്നതിനാണ് ഇന്ത്യ ഊന്നൽ നൽകുന്നതെന്ന് കരസേനാ മേധാവി ജനറൽ പാണ്ഡെ സമ്മേളനത്തിൽ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.