Flash News

News


27/09/2023 204

സൗഹൃദരാജ്യങ്ങളുമായി ഡബിൾ ഗെയിം കളിക്കുന്ന അമേരിക്ക

ഖാലിസ്ഥാന്‍ ഭീകരന്‍ നിജ്ജാര്‍ വിഷയത്തെ ചൊല്ലി കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതിനിടെയില്‍ ഡബിള്‍ ഗെയിം കളിക്കുകയാണ് അമേരിക്ക. ഇന്ത്യയുമായി മെച്ചപ്പെട്ട ബന്ധമുണ്ടെങ്കിലും അമേരിക്ക നടത്തുന്ന നീക്കങ്ങള്‍ ഒരേ സമയം ആശ്വാസവും ആശങ്കയും നല്‍കുന്നതാണ്. ഫൈവ് ഐസ് ഗ്രൂപ്പിലൂടെ നിജ്ജാറിനെക്കുറിച്ചുള്ള ആദ്യ രഹസ്യാന്വേഷണ വിവരം കാനഡയ്ക്ക് നല്‍കിയത് പോലും അമേരിക്കയാണ്. ഇത് ലഭിച്ച ശേഷമാണ് ജസ്റ്റിന്‍ ട്രൂഡോ കനേഡിയന്‍ പാര്‍ലമെന്റില്‍ ഇന്ത്യയ്ക്കെതിരെ പ്രസ്താവനകള്‍ നടത്തിയത്.

ഇതിനിടെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് ശേഷം അമേരിക്ക കാനഡയ്ക്ക് രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കിയിരുന്നുവെന്നും പിന്നാലെ നിജ്ജാറിനെ കൊലപ്പെടുത്താന്‍ ഇന്ത്യ ഗൂഢാലോചന നടത്തിയെന്ന് ട്രൂഡോ ആരോപിക്കുകയായിരുന്നുവെന്നും ഇതില്‍ പറയുന്നു. 

യുഎസ് അംബാസഡര്‍ പിഒകെ സന്ദര്‍ശിച്ചു

ഇന്ത്യയും കാനഡയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാനിലെ യുഎസ് അംബാസഡര്‍ ഡൊണാള്‍ഡ് ബ്ലോം പാക് അധീന കശ്മീര്‍ (PoK) സന്ദര്‍ശിച്ചു. ഇതും അമേരിക്കയുടെ ഡബിള്‍ ഗെയിമിന്റെ വലിയ ഉദാഹരണങ്ങളിലൊന്നാണ്. പിഒകെയിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാനിലേക്ക് ബ്ലോം രഹസ്യസന്ദര്‍ശനമാണ് നടത്തിയത്. പിന്നാലെ വിവരം പുറത്തറിയുകയും വലിയ വിവാദത്തിന് കാരണമാവുകയും ചെയ്തു. ഒടുവില്‍ സംഭവത്തില്‍ വിശദീകരണവുമായി ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ എറിക് ഗാര്‍സെറ്റി രംഗത്തെത്തി. ഒരു മീറ്റിംഗിനായി ഞങ്ങളുടെ ഒരു പ്രതിനിധിസംഘം കശ്മീരില്‍ പോയിരുന്നുവെന്നാണ് ജി 20 സമ്മേളനത്തില്‍ അദ്ദേഹം വാദിച്ചത്.

ഫ്രാന്‍സുമായി അമേരിക്കയുടെ ഡബിള്‍ ഗെയിം

സൗഹൃദ രാജ്യങ്ങളുമായി 'ഡബിള്‍ ഗെയിം' കളിക്കുന്നതില്‍ അമേരിക്കന്‍ ചരിത്രത്തിന് ഏറെ പഴക്കമുണ്ട്. അമേരിക്കയും ബ്രിട്ടനും ഓസ്ട്രേലിയയും ത്രിരാഷ്ട്ര സുരക്ഷാ പങ്കാളിത്തം രൂപീകരിച്ചതിന് ശേഷം ഓസ്ട്രേലിയയ്ക്ക് ആണവോര്‍ജ്ജ അന്തര്‍വാഹിനികള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത് ഇതിന്റെ സമീപകാല ഉദാഹരണമാണ്. ഈ കരാറിന് ശേഷം, ഫ്രാന്‍സ് അമേരിക്കയോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു, കാരണം അമേരിക്കയുമായും ബ്രിട്ടനുമായുള്ള കരാറിന് ശേഷം ഓസ്ട്രേലിയ ഫ്രാന്‍സുമായുള്ള ഡീസല്‍-ഇലക്ട്രിക് അന്തര്‍വാഹിനിയുടെ കരാര്‍ ലംഘിച്ചു.

കാനഡയും അമേരിക്കയുടെ ഇരയായി

ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്ന കാനഡയ്ക്ക് ഇതിനിടെ അമേരിക്ക വലിയ തിരിച്ചടി നല്‍കി. 2010 ല്‍, അമേരിക്കയും കാനഡയും തമ്മില്‍ എണ്ണ പൈപ്പ്‌ലൈന്‍ സംവിധാനം നിര്‍മ്മിക്കുന്നതിനുള്ള ഒരു കരാര്‍ ഒപ്പിട്ടിരുന്നു.കനേഡിയന്‍ എനര്‍ജി കമ്പനിയായ ടിസി എനര്‍ജി കോര്‍പ്പറേഷനാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്തത്. 2015-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കാരണം ഈ പദ്ധതി വൈകി.ഇതിനുശേഷം, ഡൊണാള്‍ഡ് തന്റെ ഭരണകാലത്ത് ഇത് പുനരാരംഭിക്കാന്‍ ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും വളരെ വൈകിപ്പോയി. ഇതോടെ കനേഡിയന്‍ കമ്പനിക്ക് പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. ജസ്റ്റിന്‍ ട്രൂഡോയും ജോ ബൈഡനോട് ഇക്കാര്യം ഉന്നയിച്ചിരുന്നു. പദ്ധതി റദ്ദാക്കിയതിന് പിന്നാലെ അമേരിക്കയുടേത് വഞ്ചനയാണെന്നാണ് കനേഡിയന്‍ മാധ്യമങ്ങള്‍ ആരോപിച്ചത്.

 

സമ്മര്‍ദം ചെലുത്തി വിയറ്റ്‌നാമില്‍ കരാര്‍

വിയറ്റ്‌നാം യുദ്ധകാലത്തും അമേരിക്കയുടെ ഡബിള്‍ ഗെയിം കണ്ടു. യുദ്ധത്തില്‍ അമേരിക്ക ആദ്യം ദക്ഷിണ വിയറ്റ്‌നാമിനെ പിന്തുണച്ചു. സാമ്പത്തിക സഹായത്തിനൊപ്പം സൈനിക സഹായവും നല്‍കി.എന്നാല്‍ യുദ്ധം പുരോഗമിക്കുമ്പോള്‍ അത് അമേരിക്കയെയും ബാധിക്കാന്‍ തുടങ്ങി.ഈ യുദ്ധത്തിനെതിരായ ആഭ്യന്തര എതിര്‍പ്പ് വര്‍ദ്ധിക്കാന്‍ തുടങ്ങി. പിന്നാലെ അമേരിക്ക  വടക്കന്‍ വിയറ്റ്‌നാമീസ് പ്രതിനിധികളുമായി പാരീസില്‍ ഒരു കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷം ധാരണയിലെത്തുകയും അത് അംഗീകരിക്കാന്‍ അമേരിക്ക ഇരുവിഭാഗങ്ങളിലും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു.