News
29/09/2023 226
ഇന്ത്യയുമായി അടുത്തബന്ധം സ്ഥാപിക്കാൻ പ്രതിജ്ഞാബദ്ധമെന്നു കാനഡ
ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ കാനഡ പ്രതിജ്ഞാബദ്ധമാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യ വളരുന്ന സാമ്പത്തിക ശക്തിയാണ്. ഇന്തോ-പസഫിക് തന്ത്രം അവതരിപ്പിച്ചതുപോലെ, ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത് ഗൗരവതരമായ കാര്യമാണെന്നും ട്രൂഡോ പറഞ്ഞു. ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന ആരോപണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തിലാണ് പ്രസ്താവന.
'ഇന്ത്യ വളരുന്ന സാമ്പത്തിക ശക്തിയാണ്. കഴിഞ്ഞ വര്‍ഷം ഇന്തോ-പസഫിക് തന്ത്രം ഞങ്ങള്‍ അവതരിപ്പിച്ചതുപോലെ, ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത് വളരെ ഗൗരവതരമായ കാര്യമാണ്. അതേസമയം, വ്യക്തമായ നിയമവാഴ്ചയുള്ള രാജ്യം എന്ന നിലയില്‍ ഈ വിഷയത്തിന്റെ മുഴുവന്‍ വസ്തുതകളും ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇന്ത്യ കാനഡയുമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്, ''ട്രൂഡോ മോണ്‍ട്രിയലില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കാനഡയും അതിന്റെ സഖ്യകക്ഷികളും ഇന്ത്യയുമായി ക്രിയാത്മകമായും ഗൗരവത്തോടെയും ഇടപഴകുന്നത് വളരെ പ്രധാനമാണെന്ന് താന്‍ കരുതുന്നുവെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയില്‍ നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്കിനെക്കുറിച്ച് പരസ്യമായി ഉന്നയിച്ച ആരോപണങ്ങള്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഉന്നയിക്കുമെന്ന് യുഎസ് ഉറപ്പുനല്‍കിയതായും ട്രൂഡോ പറഞ്ഞു.
ട്രൂഡോ ഞെട്ടി
അതേസമയം, നിജ്ജാറിന്റെ മരണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് ആരോപിച്ച ട്രൂഡോയ്ക്ക് അമേരിക്കയില്‍ നിന്ന് വന്‍ തിരിച്ചടി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ കൂടിക്കാഴ്ചയെക്കുറിച്ച് അമേരിക്ക പുറത്തിറക്കിയ പ്രസ്താവനയില്‍ നിജ്ജാറിനെയും കാനഡയെയും കുറിച്ച് പരാമര്‍ശമില്ല. നേരത്തെ എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയില്‍ ബ്ലിങ്കെന്‍ നിജ്ജാറിന്റെ കൊലപാതകം ഉന്നയിക്കുമെന്ന് ട്രൂഡോ പറഞ്ഞിരുന്നു.
നിജ്ജാര്‍ കൊല്ലപ്പെട്ടത് ജൂണില്‍
ഈ വര്‍ഷം ജൂണില്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലാണ് ഖാലിസ്ഥാന്‍ ഭീകരന്‍ നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വെച്ചാണ് നിജ്ജാറിനു നേരെ ബൈക്കിലെത്തിയ അക്രമികള്‍ വെടിയുതിര്‍ത്തത്. അടുത്തിടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിജ്ജാറിന്റെ കൊലപാതകത്തിന് ഇന്ത്യന്‍ ഏജന്റുമാരെ കുറ്റപ്പെടുത്തിയതോടെയാണ് സംഭവം നയതന്ത്ര സംഘര്‍ഷത്തിലേക്ക് കടന്നത്. ഈ ആരോപണങ്ങള്‍ വ്യാജമാണെന്ന് ഇന്ത്യ പ്രതികരിച്ചു.