News
03/10/2023 167
കരുവന്നൂരും കൊടകരയും തമ്മിൽ ബന്ധം??ശക്തമായ ആരോപണവുമായി അനിൽ അക്കര
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസും കൊടകര കുഴല്‍പ്പണക്കേസും തമ്മില്‍ ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ആരോപിച്ചു. കുഴല്‍പ്പണക്കേസിലെ പ്രതികള്‍ക്ക് ഒന്നരക്കോടി വായ്പ നല്‍കി. കൊടകര കുഴല്‍പ്പണക്കേസിലെ പ്രതികളുടെ ഫണ്ടിന്റെ സ്രോതസ്സ് കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കാണ്. ഈ ബാങ്ക് കേന്ദ്രീകരിച്ചു കൊണ്ട് വലിയ രീതിയിലുള്ള വായ്പ കൊള്ള നടന്നെന്നും അനില്‍ അക്കര പറഞ്ഞു. ഈ രണ്ട് കേസുകളും അട്ടിമറിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ശ്രമിക്കുകയാണ്. ഡിവൈഎഫ്ഐ മുന്‍ ജില്ലാ നേതാവിന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ ബാങ്കെന്നും അനില്‍ പറഞ്ഞു.
കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി സതീഷ് കുമാറാണ് കൊടകര കേസില്‍ ഇടപാട് നടത്തിയത്. പ്രതിയായ ദീപക് ശങ്കരന്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് ബിജെപി തന്നെ സമ്മതിച്ചിട്ടുള്ളതാണ്. കുട്ടനെല്ലൂര്‍ സഹകരണ ബാങ്കില്‍ നിന്ന് രഞ്ജിത്, മനോജ്, ദീപ്തി, മിനി, സജീവന്‍ എന്നീ അഞ്ച് പേരുടെ പേരിലാണ് ഒന്നേകാല്‍ കോടി തട്ടിയെടുത്തത്. ഇതില്‍ രഞ്ജിതും ദീപ്തിയും ദമ്പതിമാരാണ്. ദീപക് ശങ്കറിന്റെ സഹോദരിയാണ് ദീപ്തി. അന്തരിച്ച ഒരു കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയുടെയൂം മക്കളുടെയും പേരിലാണ് ഈ അഞ്ച് പേരും വ്യാജമായി വായ്പ എടുത്തിരിക്കുന്നത്.
കരുവന്നൂര്‍ കേസുമായി ബന്ധമുള്ള 14 ബാങ്കുകളില്‍ ഒന്നാണ് കുട്ടനെല്ലൂര്‍. ആരോപണ വിധേയനെ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പണം നഷ്ടപ്പെട്ടവര്‍ക്ക് പണം ലഭ്യമാക്കാനല്ല, ക്രൈംബ്രാഞ്ച് അന്വേഷണം ഇല്ലാതാക്കാനാണ്. പ്രതികളായ കിരണിന്റെയും ജില്‍സിന്റെയും ബാധ്യത ഏറ്റെടുത്ത് ഇടപാടുകാരുടെ പണം നല്‍കി കേസില്‍ സെറ്റില്‍ ചെയ്യാനാണ് നീക്കമെന്നും അനിൽ അക്കരെ ആരോപിച്ചു.
അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ പോലീസ് ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തിരുന്നു. റിട്ട എസ്പി ആന്റണി, ഇരിങ്ങാലക്കുട മുൻ ഡിവൈഎഎസ്പി ഫെയ്മസ് വർഗീസ് എന്നിവരാണ് ഇഡി ഓഫീസിൽ ഹാജരായത്. കേസിലെ മുഖ്യപ്രതി സതീഷ് കുമാറും ഇടനിലക്കാരൻ കിരണും തമ്മിൽ ചില സാമ്പത്തിക തർക്കമുണ്ടായിരുന്നു. ഇതിന് ഇടനില നിന്നത് മുൻ ഡിവൈഎഎസ്പി ഫെയ്മസ് വർഗീസായിരുന്നു. മുൻ എസ്പി ആന്റണിക്ക് സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും വിളിപ്പിച്ചത്.
കഴിഞ്ഞ മാസം 29 ന് ഇരുവരെയും ചോദ്യം ചെയ്തിരുന്നു. പുതിയ വിവരങ്ങളിലെ വ്യക്തതയ്ക്കായാണ് വീണ്ടും നോട്ടീസ് നൽകി വിളിപ്പിച്ചതെന്നാണ് വിവരം. അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സ്വത്ത് വിവരങ്ങൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാവും തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എം കെ കണ്ണൻ ഇഡി നോട്ടീസ് നൽകി. വ്യാഴാഴ്ചയ്ക്കുള്ളിൽ കുടുംബത്തിന്റെയടക്കം സ്വത്ത് വിവരം ഹാജരാക്കണമെന്നാണ് നിർദ്ദേശം.