News
03/10/2023 172
തലസ്ഥാനത്ത് ശക്തമായ മഴ;മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
കേരളത്തിൽ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. തീവ്ര മഴകണക്കിലെടുത്ത് ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലയില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്ക് പടിഞ്ഞാറന്‍ ഝാര്‍ഖണ്ഡിനും അതിനോട് ചേര്‍ന്ന വടക്കന്‍ ഛത്തിസ്ഗഡിനും മുകളില്‍ ന്യൂനമര്‍ദവും മധ്യ മഹാരാഷ്ട്രയ്ക്ക് മുകളില്‍ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. ഈ സാഹചര്യത്തില്‍ അടുത്ത അഞ്ച് ദിവസം മിതമായ/ ഇടത്തരം മഴ/ ഇടി/മിന്നല്‍ എന്നിവ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരത്ത് നെയ്യാര്‍ നദിയിലെ അരുവിപ്പുറം സ്റ്റേഷനില്‍ നിലവിലെ ജലനിരപ്പ് അപകടനിരപ്പിനേക്കാള്‍ കൂടുതലായതിനാല്‍ അവിടെ ഓറഞ്ച് അലര്‍ട്ടും, കരമന നദിയിലെ വെള്ളൈകടവ് സ്റ്റേഷന്‍, അച്ചന്‍കോവില്‍ നദിയിലെ തുമ്പമണ്‍ സ്റ്റേഷന്‍, മണിമല നദിയിലെ കല്ലൂപ്പാറ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും കേന്ദ്ര ജല കമ്മീഷന്‍ പ്രഖ്യാപിച്ചു. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് മുന്നറിയിപ്പില്‍ പറയുന്നു.