Flash News

News


03/10/2023 169

കഴക്കൂട്ടത്ത് വീട്ടമ്മയെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം;കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് വീട്ടമ്മയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. പള്ളിപ്പുറം മുഴിതിരിയാവട്ടം പണ്ടുവിളാകം വീട്ടില്‍ ജയന്തിയെ (70) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു ജയന്തി. ഒരു വീട്ടിൽ ഒറ്റയ്ക്കായിരുന്നു ഇവർ താമസിച്ചിരുന്നത്. അതേസമയം മരണം നടന്ന് അഞ്ചു ദിവസമായിട്ടു പോലും അയൽവാസികളാരും ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ഇവർക്ക് അയൽവാസികളുമായോ മറ്റു നാട്ടുകാരുമായോ യാതൊരു ബന്ധങ്ങളും  ഇല്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

ജയന്തിക്ക് രണ്ടു മക്കളാണ്. മകൻ വിദേശത്ത് ജോലി ചെയ്യുന്നു. തിരുമലയില്‍ കുടുംബമായി താമസിക്കുന്ന മകന്‍ രണ്ടാഴ്ച മുമ്പ് വിദേശത്ത് നിന്ന് എത്തിയിരുന്നു. മകളും മകളുടെ ഭർത്താവും ഡോക്ടർമാരാണ്. തൃശ്ശൂരിലാണ് ഇവർ ജോലി ചെയ്യുന്നത്. മക്കളുമായി ഫോണിൽ സംസാരിക്കും എന്നല്ലാതെ വലിയ രീതിയിലുള്ള അടുപ്പമൊന്നും ജയന്തി പുലർത്തിയിരുന്നില്ല എന്നാണ് നാട്ടുകാരും പറയുന്നത്. ഏതു സമയവും സ്വന്തം വീടിൻ്റെ ഗേറ്റ് ഇവർ അകത്തുനിന്നും പൂട്ടിയിരിക്കും. അതുകൊണ്ടുതന്നെ മറ്റാരും അങ്ങോട്ട് കടന്നു ചെല്ലാറില്ലെന്ന് പൊലീസ് പറയുന്നു. 

കഴിഞ്ഞമാസം മുപ്പതാം തീയതി ജയന്തിയുടെ മകൾ ജയന്തിയെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. രണ്ടുദിവസം കഴിഞ്ഞിട്ടും അമ്മ തിരിച്ചു വിളിക്കുകയോ ഫോൺ ഓൺ ആവുകയോ ചെയ്തില്ല. ഇതിനെത്തുടർന്നുള്ള ആശങ്ക മൂലമാണ് മകൾ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയത്. വീട്ടിലെത്തിയപ്പോൾ വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു കാണപ്പെട്ടത്. അതേസമയം വീടിന് പുറത്തെ ലൈറ്റുകൾ കത്തി കിടക്കുകയായിരുന്നു. പുറത്തുനിന്ന് പലതവണ വിളിച്ചിട്ടും വിളി കേൾക്കുകയോ അകത്തു മറ്റു ശബ്ദങ്ങൾ കേൾക്കുകയോ ചെയ്തില്ല. ഇതോടെ മകൾ മംഗലപുരം പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. 

പൊലീസ് സ്ഥലത്തെത്തി മകളുമായി സംസാരിച്ചു. മകളുടെ സമ്മതത്തോടെ തന്നെ വീട് കുത്തിത്തുടർന്ന് അകത്ത് പരിശോധന നടത്തുകയായിരുന്നു. അപ്പോഴാണ് കിടപ്പുമുറിയിൽ മൃതദേഹം കണ്ടത്. മൃതദേഹം മുഴുവൻ അഴുകിയ നിലയിലായിരുന്നു കാണപ്പെട്ടത്. ജയന്തി മരണപ്പെട്ടിട്ട് അഞ്ചുദിവസത്തിൽ കൂടുതലായി എന്നാണ് നിഗമനം. അതേസമയം മരണകാരണം സംബന്ധിച്ച വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല. മരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് മംഗലപുരം പൊലീസ് അറിയിച്ചു. നാട്ടുകാരുമായി വലിയ ബന്ധം പുലർത്താത്തത് കൊണ്ട് ജയന്തിയുടെ അസാന്നിധ്യം ആരും ശ്രദ്ധിച്ചതുമില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.