Flash News

News


03/10/2023 170

സിപിഎം ആരോപണം തള്ളി സുരേഷ് ഗോപി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇ ഡി അന്വേഷണം തന്നെ സഹായിക്കാനാണ് എന്ന സി പി എം ആരോപണം തള്ളി സുരേഷ് ഗോപി. ഇ ഡി വരുന്നതിന് മുന്‍പ് തന്നെ താന്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട് എന്ന് സുരേഷ് ഗോപി പറഞ്ഞു. കമ്മ്യൂണിസത്തിന്റെ തിമിരം ബാധിച്ചവരാണ് ഇത്തരം ആരോപണമുന്നയിക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനിയും ആറ് മാസമില്ലേ എന്നും സുരേഷ് ഗോപി ചോദിച്ചു. ലോകത്തിന് വേണ്ടത് കമ്മ്യൂണിസമല്ല എന്നും സോഷ്യലിസമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ടിയാനന്‍മെന്‍ സ്‌ക്വയറിനെക്കുറിച്ചും യു എസ് എസ് ആറിനെ കുറിച്ചുമൊക്കെയാണോ പറയേണ്ടത് എന്നും അദ്ദേഹം ചോദിച്ചു. ബംഗാളില്‍ സംഭവിച്ചത് വൈകാതെ ഇവിടേയും സംഭവിച്ചോളും എന്നും അദ്ദേഹം പരിഹസിച്ചു.

മാവേലിക്കരയിലും മറ്റിടങ്ങളിലുമെല്ലാം സമരത്തിനൊപ്പം ചേര്‍ന്നിരുന്നു എന്നും കരുവന്നൂരില്‍ ഇടപെടുമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ സൂചന നല്‍കിയതാണ് എന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. താന്‍ പഴയ എസ് എഫ് ഐക്കാരനാണ് എന്നും അത് വിജയനും കോടിയേരിക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ സഖാവ് നായനാരാണ് എന്നും സുരേഷ് ഗോപി പറഞ്ഞു. എന്നാലിതൊന്നും ഗോവിന്ദനറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. പദയാത്രയ്ക്ക് ശരീരം പൂര്‍ണ്ണമായും വഴങ്ങിയിരുന്നില്ല എന്നും അതുമാത്രമാണ് ഉണ്ടായ അസ്വസ്ഥത എന്നും സുരേഷ് ഗോപി വ്യക്തമാക്കി. കൊട്ടിയൂരും കൊട്ടിയത്തും ഇതുപോലെ പദയാത്ര നടത്തിയിരുന്നു എന്നും അന്ന് തനിക്ക് രാഷ്ട്രീയ പിന്‍ബലമില്ല എന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. പാമ്പാടിയിലേക്ക് പോകുമെന്ന് പറഞ്ഞപ്പോള്‍ താന്‍ ചെല്ലുന്നതിന് മുന്‍പ് കാര്യങ്ങള്‍ പരിഹരിക്കമെന്ന് അറിയിച്ചിരുന്നതായും സുരേഷ് ഗോപി

സഹകരണ കൊള്ളയ്‌ക്കെതിരെ ഗാന്ധി ജയന്തി ദിനത്തിലായിരുന്നു സുരേഷ് ഗോപി പദയാത്ര നടത്തിയത്. ബി ജെ പി സംഘടിപ്പിച്ച പദയാത്ര കരുവന്നൂരില്‍ നിന്ന് തൃശൂരിലേക്കായിരുന്നു. സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ബി ജെ പി നേതാക്കളും പദയാത്രയില്‍ പങ്കെടുത്തിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപം തിരിച്ച് കിട്ടാതെ മരിച്ചവരുടെ ചിത്രങ്ങള്‍ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് പദയാത്ര തുടങ്ങിയത്