News
04/10/2023 177
കരുവന്നൂർ ബാങ്ക് തട്ടിപ്പ്;ഹൈക്കോടതിയുടെ പുതിയ ഉത്തരവ് പുറത്തിറക്കി
കരുവന്നൂര്‍ ബാങ്കില്‍ നിന്നും ആധാരം തിരികെ ലഭിക്കാന്‍ ഇ.ഡിക്ക് ബാങ്ക് അപേക്ഷ നല്‍കണമെന്ന് ഹൈക്കോടതി. അപേക്ഷയില്‍ മൂന്നാഴ്ചയ്ക്കകം ഇ.ഡി തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വായ്പ തിരിച്ചടവ് പൂര്‍ത്തിയായിട്ടും കരുവന്നൂര്‍ ബാങ്കില്‍ നിന്നും ആധാരം തിരികെ ലഭിച്ചില്ലെന്ന ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. തൃശ്ശൂര്‍ ചെമ്മണ്ട സ്വദേശി ഫ്രാന്‍സിസ് ആണ് ഹര്‍ജി നല്‍കിയത്. നേരത്തെ ബാങ്ക് അപേക്ഷ നല്‍കിയാല്‍ തിരിച്ചടവ് പൂര്‍ത്തിയായവരുടെ ആധാരം തിരികെ നല്‍ക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഇ.ഡി അറിയിച്ചിരുന്നു.
നേരത്തെ കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് സഹകരണ മന്ത്രി വി.എന്‍ വാസവന്‍ ഉറപ്പ് നൽകിയിരുന്നു. 12 കോടി നിക്ഷേപം തട്ടിപ്പ് നടന്ന കരുവന്നൂര്‍ ബാങ്കിന് നല്‍കും. ക്രമക്കേട് കാണിച്ചവരില്‍ നിന്ന് പണം തിരികെ പിടിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 73 കോടി രൂപ നിക്ഷേപകര്‍ക്ക് തിരികെ നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും മന്ത്രി പറഞ്ഞു.
നിക്ഷേപകര്‍ക്ക് എത്രയും പെട്ടെന്നു പണം തിരികെ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. കേരളബാങ്കില്‍ നിന്ന് കിട്ടാനുള്ള പന്ത്രണ്ട് കോടിയുടെ നിക്ഷേപം കരുവന്നൂര്‍ ബാങ്കിന് നല്‍കും. കല്യാണം, ചികിത്സ തുടങ്ങി ആവശ്യങ്ങള്‍ പ്രത്യേകം പരിഗണിക്കും. 50,000 രൂപ വരെയുള്ള നിക്ഷേപങ്ങള്‍ നവംബറിനുള്ളില്‍ നല്‍കും.
2011 മുതല്‍ കരുവന്നൂരില്‍ ക്രമക്കേട് നടന്നിട്ടുണ്ട്. 2019ലാണ് ആദ്യ പരാതി ലഭിച്ചത്. ഇതിനോടകം ക്രമക്കേട് സംബന്ധിച്ച് പതിനെട്ട് എഫ്ഐആറുകളെടുത്തു. സഹകരണ ബാങ്കുകളില്‍ ആഴ്ച തോറും ഓഡിറ്റ് നടത്തും. ക്രമക്കേടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി ബാങ്കിന്റെ ഓഡിറ്റ് പ്രവര്‍ത്തനങ്ങളെ ബാധിച്ചു. ഇഡി ഇടപെടല്‍ കാരണം ഇടപാടുകള്‍ മരവിപ്പിച്ചു. ഇഡി നടപടികള്‍ ബാങ്കിന്റെ തിരിച്ചുവരവിനെ കാര്യമായി ബാധിച്ചു. ഇഡി കള്ളപ്പണം പിടിക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ ഈ അന്വേഷണങ്ങള്‍ വളഞ്ഞ വഴിയിലൂടെ ആകരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കരുവന്നൂരിലെ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാന്‍ കഴിയും. നിലവിലെ പ്രഖ്യാപനങ്ങള്‍ക്ക് ആര്‍ബിഐ ചട്ടങ്ങള്‍ തടസമല്ല. നമുക്ക് കിട്ടേണ്ട പൈസ നഷ്ടപ്പെടുത്തുന്നതില്‍ ഇഡി കാരണമായി. അതു തിരിച്ചുപിടിക്കാന്‍ ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. 506.61 കോടി രൂപയാണ് ബാങ്കില്‍ പിരിച്ചു കിട്ടാനുള്ളത്. സ്ഥിരനിക്ഷേപം ഉള്‍പ്പെടെ 282.6 കോടി രൂപയാണ് ബാങ്കിനു കൊടുത്തു തീര്‍ക്കാനുള്ളത്. ഇതിനു പുറമേ ബാങ്കിനു നല്ല ആസ്തിയുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതിനിടെ കേസിൽ മുൻ പോലീസ് ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തു. റിട്ട എസ്പി ആന്റണി, ഇരിങ്ങാലക്കുട മുൻ ഡിവൈഎഎസ്പി ഫെയ്മസ് വർഗീസ് എന്നിവരാണ് ഇഡി ഓഫീസിൽ ഹാജരായത്. കേസിലെ മുഖ്യപ്രതി സതീഷ് കുമാറും ഇടനിലക്കാരൻ കിരണും തമ്മിൽ ചില സാമ്പത്തിക തർക്കമുണ്ടായിരുന്നു. ഇതിന് ഇടനില നിന്നത് മുൻ ഡിവൈഎഎസ്പി ഫെയ്മസ് വർഗീസായിരുന്നു. മുൻ എസ്പി ആന്റണിക്ക് സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും വിളിപ്പിച്ചത്.
കഴിഞ്ഞ മാസം 29 ന് ഇരുവരെയും ചോദ്യം ചെയ്തിരുന്നു. പുതിയ വിവരങ്ങളിലെ വ്യക്തതയ്ക്കായാണ് വീണ്ടും നോട്ടീസ് നൽകി വിളിപ്പിച്ചതെന്നാണ് വിവരം. അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സ്വത്ത് വിവരങ്ങൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാവും തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എം കെ കണ്ണൻ ഇഡി നോട്ടീസ് നൽകി. വ്യാഴാഴ്ചയ്ക്കുള്ളിൽ കുടുംബത്തിന്റെയടക്കം സ്വത്ത് വിവരം ഹാജരാക്കണമെന്നാണ് നിർദ്ദേശം.
നേരത്തെ സിപിഎം സംസ്ഥാന സമിതി അംഗവും തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണനെ ഇഡി ചോദ്യം ചെയ്തിരുന്നു. എന്നാൽ കണ്ണൻ സഹകരിക്കാത്തതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ അവസാനിപ്പിക്കുകയായിരുന്നു. ഇഡിയുടെ ചോദ്യങ്ങൾക്ക് കണ്ണൻ ശരിയായി പ്രതികരിച്ചില്ലെന്നാണ് വിവരം. മൊഴികളിൽ നിരവധി പൊരുത്തക്കേടുകൾ ഉണ്ടെന്നും കൂടാതെ ചോദ്യം ചെയ്യലിനിടെ ശരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് കണ്ണൻ പറഞ്ഞതായും ഇഡി വ്യക്തമാക്കി. എന്നാൽ ഇഡിയുടെ ആരോപണങ്ങൾ എംകെ കണ്ണന്‍ നിഷേധിച്ചു. ശാരീരിക ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞിട്ടില്ല. പൂർണ്ണ ആരോഗ്യവാനാണ്, ദേഹാസ്വാസ്ഥ്യമില്ലെന്നും കണ്ണൻ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചോദ്യം ചെയ്യൽ സൗഹാർദ്ദപരമായിരുന്നു. ഇഡി എപ്പോൾ വിളിപ്പിച്ചാലും വരുമെന്നും കണ്ണൻ വ്യക്തമാക്കി.
കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള ബന്ധത്തിലും കണ്ണൻ നേതൃത്വം നൽകുന്ന ബാങ്കിൽ നടന്ന ദുരൂഹമായ ഇടപാടുകളിലുമാണ് ഇഡിയുടെ അന്വേഷണം. കണ്ണൻ പ്രസിഡന്റായി തുടരുന്ന തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ് കുമാർ മിക്ക ഇടപാടും നടത്തിയിട്ടുള്ളത്. തൃശ്ശൂര്‍ അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കില്‍ സതീഷ് കുമാര്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് ബന്ധുക്കളുടെയടക്കം പേരില്‍ ഈ ബാങ്കിലെടുത്ത നാല് അക്കൌണ്ടുകള്‍ വഴി സതീഷ് കള്ളപ്പണം വെളിപ്പിച്ചുവെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു.