Flash News

News


04/10/2023 183

വാൽപ്പാറ കൊലപാതകക്കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം

കൊച്ചിയില്‍ പതിനേഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. കേസില്‍ മരട് സ്വദേശി സഫര്‍ ഷാ വിവിധ വകുപ്പുകളിലായി രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. ഇയാൾ കുറ്റക്കാരനാണെന്ന് എറണാകുളം പോക്‌സോ കോടതി വിധിച്ചിരുന്നു. പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, പീഡനം, തെളിവ് നശിപ്പിക്കല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുക എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. കൊലപാതകത്തിനും പോക്‌സോ നിയമപ്രകാരവുമാണ് ശിക്ഷ. 

2020 ജനുവരി മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി കൊല്ലപ്പെടുമ്പോള്‍ നാലര മാസം ഗര്‍ഭിണിയായിരുന്നു. സ്‌കൂളിലേക്ക് പോകും വഴി പെണ്‍കുട്ടിയെ പ്രതി വാഹനത്തില്‍ കയറ്റി മലക്കപ്പാറയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടി സൗഹൃദത്തില്‍ നിന്ന് പിന്മാറിയതില്‍ തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞായിരുന്നു വാഹനത്തില്‍ കയറ്റിയത്. എന്നാല്‍ യാത്രാമധ്യേ കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തി. പിന്നീട് മൃതദേഹം കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ തേയിലത്തോട്ടത്തില്‍ ഉപേക്ഷിച്ചു. സ്‌കൂള്‍ യൂണിഫോമിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം.  

അതേസമയം സ്‌കൂളിലേക്ക് പോയ മകള്‍ മടങ്ങി വരാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കൊച്ചി സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കി. സഫര്‍ഷായുടെ പേര് വെളിപ്പെടുത്തിയായിരുന്നു പരാതി. ഇയാള്‍ കുട്ടിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തിയെന്നും പിന്തുടര്‍ന്ന് ഉപദ്രവിച്ചിരുന്നതായും പിതാവ് പൊലീസില്‍ മൊഴി നല്‍കി. ഇതിനിടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ തമിഴ്‌നാട് പൊലീസുമായി ചേര്‍ന്ന് പ്രതിക്കായി കൊച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്നാണ് വാല്‍പ്പാറയ്ക്കു സമീപം വെച്ച് കാര്‍ തടഞ്ഞ് സഫര്‍ഷായെ പൊലീസ് അറസ്റ്റുചെയ്തത്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് മോഷ്ടിച്ച വാഹനത്തിലാണ് ഇയാള്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്.