News
05/10/2023 192
നഴ്സിംഗ് കോളേജ് പ്രിൻസിപ്പാളും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ വാക്പോര് രൂക്ഷം
സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജില്‍ പ്രിന്‍സിപ്പാളും, എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ പൊരിഞ്ഞ വാക്കേറ്റം. നഴ്‌സിംഗ് കോളേജിലെ വനിതാ ഹോസ്റ്റളില്‍ ക്യാമറയും, സുരക്ഷയും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരും പ്രിന്‍സിപ്പാളും തമ്മിലാണ് തര്‍ക്കമുണ്ടായത്. എന്നാല്‍ പ്രിന്‍സിപ്പാള്‍ ഇവരോട് മോശമായി പെരുമാറുന്നതാണ് വീഡിയോയില്‍ ഉള്ളത്. പൊണ്ണത്തടിയന്മാര്‍ വന്ന് എന്നെ ആക്രമിക്കാന്‍ നോക്കുന്നു, അടിച്ച് നിന്റെയെല്ലാം ഷേപ്പ് മാറ്റുമെന്നും പ്രിന്‍സിപ്പാള്‍ വീഡിയോയില്‍ പറയുന്നത് കാണാം. ചില അലവലാതികള്‍ കയറി വന്ന് എന്നെ പറ്റി സംസാരിക്കാന്‍ ഞാന്‍ സമ്മതിക്കില്ല. ഞാനെന്ന വ്യക്തി കഴിഞ്ഞിട്ടേയുള്ളൂ ബാക്കി. എന്റെയടുത്ത് കളിക്കരുത്. ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലിരിക്കുന്നു എന്നും പറഞ്ഞ് നിന്റെയൊക്കെ വായിലുള്ളത് കേള്‍ക്കേണ്ട കാര്യം എനിക്കില്ലെന്നും പ്രിന്‍സിപ്പാള്‍ പറയുന്നുണ്ട്. നിങ്ങളെ ഇവിടെ ഇരുത്തില്ല എന്ന് എസ്എഫ്‌ഐ നേതാക്കളും വീഡിയോയില്‍ പറയുന്നുണ്ട്. നിങ്ങള്‍ ചെയ്യാനുള്ളതെല്ലാം ചെയ്യൂ എന്ന് എസ്എഫ്‌ഐ നേതാക്കളും പറയുന്നുണ്ട്. ഇവിടെ ഇത്രത്തോളം പ്രശ്‌നം വഷളാക്കിയത് നിങ്ങള്‍ തന്നെയാണെന്നും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. നിങ്ങള്‍ വിരട്ടി വിട്ടാല്‍ ഞങ്ങള്‍ പോകുമെന്നാണോ കരുതിയതെന്നും ഇവര്‍ ചോദിക്കുന്നുണ്ട്. ഇവിടെ വന്ന് ബഹളം വെച്ചിട്ട് ഒരു കാര്യവുമില്ലെന്നും, ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും പ്രിന്‍സിപ്പാള്‍ ഇതിന് മറുപടിയായി പറയുന്നുണ്ട്. പ്രിന്‍സിപ്പാളിന്റെ ഒപ്പം വാങ്ങിയിട്ടേ പോകൂ എന്ന് പ്രവര്‍ത്തകര്‍ ഇതിന് മറുപടി നല്‍കുന്നുണ്ട്. അതേസമയം എന്റെ ക്യാമ്പസില്‍ ക്യാമറയുണ്ടോ എന്ന് നോക്കാന്‍ നീ ആരാണെടാ എന്നെല്ലാം പ്രിന്‍സിപ്പാള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരോട് ചോദിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് വാക്കേറ്റം ശക്തമാകുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്നാണ് നിങ്ങള്‍ ഇവിടെ ഇരിക്കൂല എന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മറുപടി നല്‍കുന്നത്. നിങ്ങളുടെ ഈ സ്വഭാവം വീട്ടില്‍ വെച്ചിട്ട് വന്നാല്‍ മതിയെന്നും ഇവര്‍ പറയുന്നുണ്ട്. കുറേ പേര്‍ ചേര്‍ന്ന് തന്നെ ആക്രമിക്കാന്‍ നോക്കുമ്പോള്‍ എനിക്ക് എന്നെ സംരക്ഷിച്ചേ മതിയാവൂ എന്ന് പ്രിന്‍സിപ്പാള്‍ പറയുന്നു. ഇവിടത്തെ പ്രിന്‍സിപ്പാളല്ലേ, ഇവരുടെ കാര്യം നിങ്ങളല്ലേ നോക്കേണ്ടത് എന്നായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിനോട് ചോദിച്ചത്. പ്രിന്‍സിപ്പാള്‍ വളരെ മോശം രീതിയിലാണ് പ്രതികരിച്ചതെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. അലവലാതികളെന്ന് വിളിച്ചു, അടിച്ച് നിന്റെ ഷേപ്പ് മാറ്റുമെന്നും നഴ്‌സിംഗ് കോളേജിലെ പ്രിന്‍സിപ്പാള്‍ പറഞ്ഞതായി പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. നഴ്‌സിംഗ് കോളേജിലെ വനിതാ ഹോസ്റ്റലില്‍ സുരക്ഷയ്ക്കായി സെക്യൂരിറ്റിയും സിസിടിവിയും വേണമെന്ന ആവശ്യവുമായിട്ടാണ് പ്രിന്‍സിപ്പാളിനെ സമീപിച്ചതെന്ന് ഇവര്‍ പറയുന്നു. നിഷേധാത്മക സമീപനമാണ് പ്രിന്‍സിപ്പാള്‍ സ്വീകരിച്ചത്. വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ചെന്നും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം വിദ്യാര്‍ത്ഥികളാണ് പ്രകോപനം ഉണ്ടാക്കിയതെന്ന് കോളേജ് അധികൃതര്‍ ആരോപിച്ചു.