Flash News

News


11/10/2023 170

കാർത്യായനി അമ്മക്ക് വിട

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് കാർത്ത്യായനി അമ്മ അന്തരിച്ചു. 101 വയസായിരുന്നു. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ് കാർത്ത്യായനി അമ്മ. സംസ്ഥാന സാക്ഷരതാമിഷന്റെ അക്ഷരലക്ഷം പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കാർത്യായനിയമ്മയെ സർക്കാർ ആദരിച്ചിരുന്നു. 96ാമത്തെ വയസിലായിരുന്നു കാർത്യായനിയമ്മയുടെ ഒന്നാം റാങ്ക്. 

നാല്പതിനായിരം പേർ എഴുതിയ അക്ഷര ലക്ഷം പരീക്ഷയിൽ 98ശതമാനം മാർക്കുവാങ്ങിയാണ് കാർത്ത്യായനി അമ്മ ഒന്നാം റാങ്ക് നേടിയത്. 2018 ൽ നാരീശക്തി പുരസ്കാരം നേടിയിരുന്നു. നാലാം തരം തുല്യതാ ക്ലാസിൽ ചേർന്ന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാരീശക്തി പുരസ്കാരം കാർത്യായനിയമ്മയ്ക്ക് ലഭിക്കുന്നത്. 

ഇതിനു മുമ്പ് സ്‌കൂളിൽ പോയിട്ടില്ലാത്ത കാർത്ത്യായനിയമ്മയ്‌ക്ക് പത്താംക്ലാസ് പരീക്ഷ പാസാവണമെന്നായിരുന്നു ആഗ്രഹം. അക്ഷരലക്ഷം പരീക്ഷയിൽ വിജയിച്ചതിന് പുറകെ കമ്പ്യൂട്ടർ പഠിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കാർത്ത്യായനി അമ്മക്ക് വിദ്യാഭ്യാസമന്ത്രി ലാപ്ടോപ്പ് സമ്മാനിച്ചിരുന്നു. കഴിഞ്ഞ റിപ്പബ്ളിക് ദിന പരേഡിൽ നാരീശക്തി പുരസ്കാര ജേതാവായ കാർത്ത്യായനി അമ്മയുടെ ഫ്ലോട്ടും ഉൾപ്പെടുത്തിയിരുന്നു. കൂടാതെ 53 രാജ്യങ്ങൾ ഉൾപ്പെടുന്ന കോമൺവെൽത്ത് ലേണിങ്ങിന്റെ ഗുഡ് വിൽ അംബാസിഡറായി കാർത്യായനിയമ്മയെ തിരഞ്ഞെടുത്തിരുന്നു.

മക്കൾ അനുവദിച്ചാൽ തുടർന്ന് പഠിക്കണമെന്നായിരുന്നു കാർത്ത്യായനി അമ്മയുടെ ആ​ഗ്രഹം. ഏഴാം ക്ലാസ് തുല്യതാ പരീക്ഷക്ക് തയ്യാറെടുക്കവേയാണ് പക്ഷാഘാതം വന്ന് കിടപ്പിലായത്.