News
11/10/2023 170
ദിലീപിന് ഇന്ന് നിർണ്ണായക ദിനം
നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിലുറച്ച് ക്രൈംബ്രാഞ്ച്. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആക്ഷേപം.
ദിലീപിന്റെ ജാമ്യത്തിനൊപ്പം എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിയും റദ്ദാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. പ്രൊസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ക്ക് ആധികാരികതയില്ല എന്നായിരുന്നു വിചാരണ കോടതിയുടെ വിധി.
ക്രൈംബ്രാഞ്ചിന്റെ അപേക്ഷയില്‍ തെളിവുകള്‍ പരിശോധിക്കാതെയാണ് വിചാരണ കോടതി തീരുമാനമെടുത്തത്. കേസിലെ നിര്‍ണായക ശബ്ദ സന്ദേശങ്ങള്‍ കോടതി പരിഗണിച്ചില്ല. ഹര്‍ജി തള്ളിയ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധി നിയമ വിരുദ്ധമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ 8 മാസം കൂടി സമയം അനുവദിച്ച് സുപ്രീംകോടതി. വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. വിചാരണ പൂര്‍ത്തിയാക്കാന്‍ 2024 മാര്‍ച്ച് 31 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. അതേസമയം വിചാരണ കഴിവതും വേഗം പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കരുതെന്ന ദിലീപിന്റെ വാദം തള്ളിയാണ് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. നേരത്തെ ജൂലായ് 31 ന് ഉള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാന്‍ മാത്രം മൂന്ന് മാസം വേണമെന്ന് വിചാരണക്കോടതി ജഡ്ജി ചൂണ്ടിക്കാട്ടി. കേസില്‍ ഇനി ആറ് സാക്ഷികളുടെ വിസ്താരം ബാക്കിയുണ്ട്. ഇത് ഉള്‍പ്പെടെ വ്യക്തമാക്കിയാണ് വിചാരണക്കോടതി ജഡ്ജി സാവകാശം തേടിയത്. ഇതിനിടെ വിചാരണ നടപടികള്‍ക്ക് സമയം നീട്ടിച്ചോദിച്ച ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ ദിലീപിന്റെ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
അതേസമയം ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന വീഴ്ചമൂലമാണ് വിചാരണ വൈകുന്നതെന്നാണ് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചത്. ദീലീപിന്റെ അഭിഭാഷകര്‍ സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ വിസ്താരം നീട്ടിക്കൊണ്ടു പോകുന്നുവെന്നും സംസ്ഥാനം കോടതിയില്‍ പറഞ്ഞു. ഇരുപത്തിമൂന്ന് ദിവസമായി എതിര്‍ വിഭാഗം ക്രോസ് എക്‌സാമിനേഷന്‍ നടത്തുകയാണെന്നും സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ വ്യക്തമാക്കി.
അതേസമയം മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ കൂടൂതല്‍ നടപടികളിലേക്ക് ഹൈക്കോടതി കടന്നു. കീഴ്‌ക്കോടതികളിലെ രേഖകള്‍ കോടതി പരിശോധിക്കും. കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമുള്ള രേഖകളാണ് കീഴ്ക്കോടതികളില്‍ നിന്ന് വിളിച്ചുവരുത്തി പരിശോധിക്കുക. മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ നടപടിക്രമം പാലിച്ചോ എന്നാണ് ഹൈക്കോടതി അന്വേഷിക്കുന്നത്.