News
11/10/2023 236
കൂട്ടക്കുരുതിക്ക് കളമൊരുങ്ങുന്നു; ഗാസ്സയെ വളഞ്ഞ് മൂന്ന് ലക്ഷം ഇസ്രായേല്‍ സൈനികര്‍
ഗസ്സ അതിര്‍ത്തികളില്‍ മൂന്ന് ലക്ഷം സൈനികരെ വിന്യസിച്ചതായി ഇസ്രായേല്‍ സൈന്യം. കരയുദ്ധത്തിന് ഇസ്രായേല്‍ മുന്നൊരുക്കം നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വൻതോതിലുള്ള സൈനിക വിന്യാസം.
ഗസ്സയില്‍ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് ഫലസ്തീനികള്‍ മരിച്ചുവീഴുന്നതിനിടെയാണ് നേരിട്ടുള്ള കരയുദ്ധത്തിനും ഇസ്രായേല്‍ ഒരുങ്ങുന്നത്. ഗസ്സയെ വിജനദ്വീപാക്കി മാറ്റുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.വിവിധ സേനാവിഭാഗങ്ങളില്‍പെട്ട മൂന്ന് ലക്ഷം സൈനികരെ ഗസ്സ അതിര്‍ത്തിയില്‍ വിന്യസിച്ചതായി ഇസ്രായേല്‍ സൈനിക വക്താവ് ജൊനാഥൻ കോര്‍നികസ് എക്സില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറഞ്ഞു. ഇസ്രായേല്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച ദൗത്യം പ്രാവര്‍ത്തികമാക്കാൻ സൈന്യം സജ്ജമാണ്. ഇസ്രായേലിനെ ഇനി ഭീഷണിപ്പെടുത്താനോ പൗരന്മാരെ കൊലപ്പെടുത്താനോ സാധിക്കാത്ത വിധം ഹമാസിനെ ഞങ്ങള്‍ തകര്‍ക്കും -സൈനിക വക്താവ് പറഞ്ഞു. അതിനിടെ, ഇസ്രായേലിന് കൂടുതല്‍ ആയുധങ്ങളുമായി യു.എസില്‍ നിന്നുള്ള ആദ്യ വിമാനമെത്തി. ഇസ്രായേലിന് എല്ലാ പിന്തുണയും സഹായവും നല്‍കുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ ആവര്‍ത്തിച്ചതിന് പിന്നാലെയാണ് അത്യാധുനിക യുദ്ധോപകരണങ്ങളുമായി വിമാനം നെവാട്ടിം സൈനിക ബേസില്‍ ഇറങ്ങിയത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്തണി ബ്ലിങ്കൻ വ്യാഴാഴ്ച ഇസ്രായേല്‍ സന്ദര്‍ശിക്കും. ഇസ്രയേല്‍ സൈന്യം തുടരുന്ന വ്യോമാക്രമണത്തില്‍ ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 900 പിന്നിട്ടു. 4500ഓളം പേര്‍ക്ക് പരിക്കേറ്റു. യുദ്ധം തുടങ്ങി നാലാം ദിനം രാത്രിയും ഗസ്സക്ക് മേല്‍ ഇസ്രായേല്‍ സൈന്യം ബോംബ് വര്‍ഷിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യത്തിന്‍റെ ആക്രമണത്തില്‍ 21 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്രായേലില്‍ ഹമാസിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 2800ഓളം പേര്‍ക്ക് പരിക്കേറ്റു.
സമ്ബൂര്‍ണ ഉപരോധത്തിനുപിന്നാലെ ജീവിതം ദുസ്സഹമായ ഗസ്സയില്‍ വൈദ്യുതിയും വെള്ളവും മരുന്നുമില്ലാതെ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. ആശുപത്രികള്‍ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.