Flash News

News


12/02/2024 656

മസാലബോണ്ട് കേസ്; ഹർജി നാളെ പരിഗണിക്കും

 മസാലബോണ്ട് കേസിൽ  നാളെ ഇഡിക്കു മുന്നിൽ ഹാജരാകണോ വേണ്ടയോ എന്ന് തോമസ് ഐസക്കിന്  തീരുമാനിക്കാമെന്ന് ഹൈക്കോടതി. നാളെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് തോമസ് ഐസക്കിൻറെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടിയുടെ പ്രതികരണം. ഹർജി നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കും. താൻ കിഫ്ബി വൈസ് ചെയർമാൻ മാത്രമെന്ന് തോമസ് ഐസക്ക് കോടതിയിൽ വ്യക്തമാക്കി. വേറെ ആരെയും ഇഡി സമൻസ് (ED Notice) നൽകി വിളിച്ചുവരുത്തുന്നതായി തോന്നുന്നില്ല എന്തിനാണ് ഈ പുതിയ സമൻസ് എന്നതു വ്യക്തം അല്ലെന്നും തോമസ് ഐസക് വ്യക്തമാക്കി. തോമസ് ഐസക്കിനായി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത ഹാജരായി. 

മസാല ബോണ്ട് കേസിൽ ഇഡി നടപടിക്കെതിരെ മന്ത്രി തോമസ് ഐസകും കിഫ്ബി സിഇഒ കെ എം എബ്രഹാമുമമാണ് ഹൈക്കോടതിയെ സമീപിച്ചത്. നിയമവിരുദ്ധവും ഏകപക്ഷീയവുമായ സമൻസ് അയച്ച് ഇഡി വേട്ടയാടുകയാണെന്നും സിംഗിൾ ബെഞ്ച് നേരത്തെ ഇറക്കിയ ഉത്തരവിന് വിരുദ്ധമാണ് സമൻസ് എന്നുമാണ് ഇരുവരുടെയും വാദം. എന്നാൽ ആവശ്യപ്പെട്ട വിവരങ്ങൾ കിഫ്ബി നൽകുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് ഇഡി കോടതിയെ അറിയിച്ചിട്ടുള്ളത്.

കിഫ്ബി മസാലബോണ്ട് കേസിലെ ഇഡി സമൻസിൽ ചോദ്യങ്ങളുമായി ഹൈക്കോടതി രം​ഗത്തെത്തിയിരുന്നു. ഇഡി സമൻസിനെ എല്ലാവരും  ഭയക്കുന്നതെന്തിനെന്ന് കോടതി ചോദിച്ചിരുന്നു. പ്രാഥമിക വിവര ശേഖരണത്തിനാണ് രേഖകൾ ആവശ്യപ്പെട്ടത്. അതിനോട് പ്രതികരിക്കുകയല്ലെ വേണ്ടതെന്നും കോടതി ചോദിച്ചു. അന്വേഷണത്തിൽ കോടതി ഇടപെടില്ലെന്നും ഹൈക്കോടതി ആവർത്തിച്ചു. ഇ.ഡി സമൻസിന് കിഫ്ബി മറുപടി നൽകണമെന്നും കോടതി വ്യക്തമാക്കി. മസാലബോണ്ട് കേസിൽ ഇഡി സമൻസ് ചോദ്യം ചെയ്ത് കിഫ്ബി സിഇഒ കെഎം എബ്രഹാം നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.