Flash News

News


24/05/2024 139

അവയവക്കടത്ത് കേസ്;ചോദ്യം ചെയ്യൽ തുടരുന്നു

അവയവ കടത്ത് കേസിലെ പ്രതി സബിത്ത് നാസറിന്‍റെ ചോദ്യം ചെയ്യല്‍ കൊച്ചിയില്‍ തുടരുന്നു. ആലുവ റൂറൽ എസ് പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നത്. സബിത്തിന്‍റെ ഫോൺ വിളിയുടെ വിവരങ്ങള്‍ ഇതിനകം തന്നെ പൊലീസ് മനസിലാക്കിയിട്ടുണ്ട്. ഇവരെ കണ്ടെത്തി കേസില്‍ ഇരകളായവരേയും അവയവം സ്വീകരിച്ചവരേയും തിരിച്ചറിയാനാണ് പൊലീസ് ശ്രമിക്കുന്നത്. ചോദ്യം ചെയ്യുന്നതിനായി 13 ദിവസത്തേക്കാണ് സബിത്ത് നാസറിനെ കോടതി പൊലീസിന് വിട്ടു കൊടുത്തിട്ടുള്ളത്. രാജ്യാന്തര അവയവ കടത്ത് കേസിലെ മുഖ്യ പ്രതി സബിത്ത് നാസർ ഇടനിലക്കാരൻ അല്ല കേസിലെ മുഖ്യസൂത്രധാരന്മാരിൽ ഒരാളാണെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. ഹൈദരാബാദ്, ബെംഗളൂരു നഗരങ്ങൾക്ക് പുറമെ ദില്ലിയിൽ നിന്നും ഇയാൾ ഇറാനിലേക്ക് അവയവ കച്ചവടത്തിനായി ആളുകളെ എത്തിച്ചു. ഇക്കാര്യത്തിനായി ഇയാൾ നടത്തിയ സാമ്പത്തിക ഇടപാടുകളെ തെളിവുകളും മൊബൈൽ ഫോണിൽ നിന്ന് കിട്ടി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. രണ്ടാം ദിവസവും പൊലീസ് കസ്റ്റഡിയിൽ തുടരുന്ന സാബിത്ത് നാസറിനെ ആലുവ റൂറൽ എസ് പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സബിത് നാസർ ഇരയാക്കിയ പാലക്കാട് സ്വദേശി ഷെമീറിനായുള്ള അന്വേഷണത്തിൽ ആണ് പോലീസ്. ഇയാളെ കണ്ടെത്തി പരാതിയിൽ തുടർ നടപടികൾ എടുക്കാനാണ് തീരുമാനം. അവയവ കടത്ത് നടത്തിയവരിൽ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കൾ ആണെന്ന് സബിത് നാസർ പൊലീസിനോട് സമ്മതിച്ചിരുന്നു. ഇതിനിടെ രാജ്യാന്തര അവയവ മാഫിയ സംഘങ്ങളുമായി പ്രതിക്കുള്ള ബന്ധത്തിൽ കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങി. അതേസമയം ആലുവ റൂറൽ എസ് പിയുടെ നേതൃത്വത്തിലുള്ള പത്തംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നും പ്രതി ദാതാക്കളെ ഇറാനിലെത്തിച്ചെന്ന് റിപ്പോർട്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയടക്കം ഇറാനിലെ ഫരീദിഖാൻ ആശുപത്രിയിൽ ശസ്ത്രക്രിയക്കെത്തിച്ച് സ്വീകർത്താവിൽ നിന്ന് പണം വാങ്ങിയെടുത്തു. അവയവക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയാണ് തൃശ്ശൂർ വലപ്പാട് സ്വദേശി സബിത്ത് നാസർ. രാജ്യാന്തര മാഫിയ സംഘങ്ങളുടെ പങ്ക് സംശയിക്കുന്ന കേസിൽ കേന്ദ്ര ഏജൻസികളും പ്രാഥമിക അന്വേഷണം തുടങ്ങി. ഇരകളെ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് വിദേശത്തേക്ക് കടത്തി വൃക്ക കച്ചവടം ആണ് സംഘം നടത്തിവന്നിരുന്നത്. ആദ്യം നെടുമ്പാശ്ശേരിയില്‍ നിന്ന് കുവൈത്തിലേക്കും അവിടെ നിന്ന് ഇറാനിലേക്കുമാണ് ആളുകളെ കൊണ്ടുപോയിരുന്നത്. ഇങ്ങനെ അവയവക്കടത്തിനായി ആളുകളെ കൊണ്ടുപോയി തിരികെ വരും വഴിയാണ് സബിത്ത് നാസര്‍ അറസ്റ്റിലായിരിക്കുന്നത്. അവയവ കടത്ത് നിരോധന നിയമപ്രകാരം ആണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര മാഫിയയുടെ ഭാഗമാണ് ഇയാളെന്നും പൊലീസ് അനുമാനിക്കുന്നു. അങ്ങനെയെങ്കില്‍ കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കുടുങ്ങുമെന്നാണ് സൂചന.