Flash News

News


24/05/2024 148

സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം

മദ്യനയത്തിൽ ഇളവ് ലഭിക്കാൻ ബാറുടമകൾ കോഴ നൽകണമെന്ന് കാണിച്ച് സംഘടനാ നേതാവിൻ്റെ ശബ്ദരേഖ പുറത്ത്. കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ വൈസ് പ്രസിഡൻ്റും ഇടുക്കി ജില്ലാ പ്രസിഡൻ്റുമായ അനിമോൻ്റെ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്. ബാറുടമകൾ രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നാണ് നിർദേശം. രണ്ട് ദിവസത്തിനുള്ളിൽ പണം നൽകണമെന്നാണ് പുറത്തുവന്ന സന്ദേശത്തിൽ നിർദേശിക്കുന്നത്. സംസ്ഥാന പ്രസിഡൻ്റിൻ്റെ നിർദേശം അനുസരിച്ചാണ് പണപ്പിരിവെന്നാണ് അനിമോൻ പറയുന്നത്. കൊച്ചി പാലാരിവട്ടത്ത് ഇന്നലെ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ എക്‌സിക്യൂട്ടീവ് യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇടുക്കിയുടെ ചുമതല കൂടിയുള്ള അനിമോൻ ഗ്രൂപ്പിൽ അയച്ചവാട്‌സ്ആപ്പ് ശബ്ദസന്ദേശം പുറത്ത് വരുന്നത്. യോഗ സ്ഥലത്ത് നിന്നാണ് ശബ്ദസന്ദേശമയക്കുന്നതെന്നും അനിമോൻ പറയുന്നുണ്ട്. ഇടുക്കിയിൽ നിന്നും സംഘടനയിൽ അംഗമായവരുടെ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ശബ്ദസന്ദേശമെത്തിയത്. പിന്നീട് സന്ദേശം ഡിലീറ്റ് ചെയ്തു. ഡ്രൈഡേ ഒഴിവാക്കാനും മറ്റ് ഇളവുകൾക്കും കൊടുക്കേണ്ടത് കൊടുക്കണമെന്ന് ശബ്ദസന്ദേശത്തിൽ പറയുന്നു. ഇത് കൊടുക്കാതെ ആരും സഹായിക്കില്ലെന്നും അനിമോൻ പറയുന്നു. സഹകരിച്ചില്ലേൽ നാശത്തിലേക്കാണ് പോകുന്നതെന്നും ഏകീകൃത രൂപത്തിൽ പണപിരിക്കണമെന്നും അനിമോൻ പറയുന്നുണ്ട്.