Flash News

Entertainment


13/09/2023 252

ദുബായ് ജീവിതത്തെക്കുറിച്ചു മീരാനന്ദൻ

Meera Nandan: മലയാളികൾക്ക് സുപരിചിതയായ നടിയാണ് മീര നന്ദൻ. മിനി സ്‌ക്രീനിൽ അവതാരകയായി എത്തിയ മീര 'മുല്ല' എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിൽ എത്തുകയായിരുന്നു. ഗായിക കൂടിയായാ താരം ഇപ്പോൾ അഭിനയത്തിൽ നിന്നെല്ലാം വിട്ടു നിൽക്കുകയാണ്. നിലവിൽ ദുബായിൽ റേഡിയോ ജോക്കിയാണ് മീര. ഇപ്പോഴിതാ ദുബായ് ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം. 

ദുബായ് ജീവിതത്തിലെ ആദ്യത്തെ ആറ് മാസമാണ് തന്നെ ജീവിതം എന്താണെന്ന് പഠിപ്പിച്ചതെന്ന് മീര പറയുന്നു. ശമ്പളമില്ലാതെ ജീവിച്ചപ്പോൾ നാട്ടിലേക്ക് വരുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. അങ്ങനെ ഇട്ടിട്ട് പോയാൽ ശരിയാവില്ലല്ലോ എന്നോർത്ത് പൊരുതുകയായിരുന്നു' മീര നന്ദൻ പറയുന്നു. 

'ഞാൻ ദുബായിലേക്ക് മൂവ് ചെയ്തത് മൈലഞ്ചി മൊഞ്ചുള്ള വീടിന്റെ ഷൂട്ട് പൂർത്തിയാക്കിയ അന്ന് വൈകിട്ടാണ്. അമ്മ എനിക്കൊപ്പം ദുബായിലേക്കും വന്നിരുന്നു. മറ്റൊരു കൺട്രിയിലേക്ക് റീ ലൊക്കേറ്റ് ചെയ്തിട്ടും എനിക്ക് ഒന്നിനെ കുറിച്ചും അറിവില്ലായിരുന്നു. കാരണം എനിക്ക് എല്ലാം ചെയ്ത് തരാൻ അമ്മയുണ്ടായിരുന്നു. ഫിനാഷ്യൽ മാനേജ്‌മെന്റിനെ കുറിച്ച് സീറോ നോളജായിരുന്നു. കാരണം അച്ഛനും അമ്മയുമാണ് അതെല്ലാം ചെയ്തിരുന്നത്. 

അമ്മ എനിക്കൊപ്പം ഒരു മാസത്തോളം ദുബായിലുണ്ടായിരുന്നു. എനിക്ക് വീടൊക്കെ സെറ്റ് ചെയ്ത് തരാനാണ് അമ്മ അവിടെ നിന്നത്. ആ സമയത്ത് മോണിങ് ഷോയാണ് ചെയ്തിരുന്നത്. ഭക്ഷണം അടക്കമുള്ള മറ്റുള്ള കാര്യങ്ങൾ നോക്കാൻ അമ്മയുണ്ടായിരുന്നകൊണ്ട് ഒന്നിനെ കുറിച്ചും വേവലാതി പെടേണ്ടി വന്നില്ല. പിന്നീട് അമ്മ നാട്ടിലേക്ക് തിരികെപോയി. അതിനുശേഷം ജീവിതം എന്താണെന്ന് ഞാൻ പഠിക്കാൻ തുടങ്ങി. 

ആറ് മാസം വലിയ ബുദ്ധിമുട്ടായിരുന്നു. അമ്മ പോയശേഷം എനിക്ക് ആരാണുള്ളത് എന്ന തോന്നലായി. പലപ്പോഴും നാട്ടിലേക്ക് തിരികെ വരുന്നതിനെ കുറിച്ച് ചിന്തിച്ചു. ആ സമയത്ത് ശമ്പളം ഉണ്ടായിരുന്നില്ല. തിരികെ നാട്ടിലേക്ക് വന്നാൽ നാണക്കേടാകുമെന്നത് കൊണ്ട് അതിനും പറ്റാതെയായി. പലപ്പോഴും ഭക്ഷണം പോലും ഒഴിവാക്കിയിട്ടുണ്ട്. പിന്നീട് സഹപ്രവർത്തകരും സുഹൃത്തുക്കളുമാണ് ഇതെല്ലാം മനസിലാക്കി ഒപ്പം നിന്നത്.

എന്റെ ഉള്ളിൽ എന്നും ഉള്ളത് പാട്ടാണെന്ന് തോന്നുന്നു. പാട്ട് നിർത്തരുത് ട്ടോ, പാടണേയെന്നാണ് എല്ലാവരും പറയാറുള്ളത്. എല്ലാവർക്കും കിട്ടുന്ന കഴിവല്ലല്ലോ ഇത്. പണ്ടുമുതലേ ഞാൻ പാടിക്കൊണ്ടിരുന്ന ആളാണ്. സ്‌കൂൾ കാലത്ത് പങ്കെടുക്കുന്ന മത്സരങ്ങളിലെല്ലാം എനിക്ക് സമ്മാനം കിട്ടുമായിരുന്നു. അന്ന് പാട്ടിനായി ഞാൻ ഒരുപാട് സമയം ചെലവഴിക്കുമായിരുന്നു. പാട്ടിൽ എന്തെങ്കിലുമാവണമെന്നുള്ളത് അമ്മയുടെ സ്വപ്നമായിരുന്നു. 

പ്ലേ ബാക്ക് സിംഗിംഗിൽ എനിക്കധികം അവസരം കിട്ടിയിട്ടില്ല. പൊതുവെ ഞാൻ ഒരു മടിച്ചിയാണ്. നേരത്തെ കാണിച്ചിരുന്ന ഡെഡിക്കേഷൻ ഇപ്പോൾ കാണിച്ചിരുന്നെങ്കിൽ ഞാൻ എവിടെയെങ്കിലും എത്തിയേനെ. അഭിനയിച്ചിരുന്ന സമയത്ത് റേഡിയോ അഭിമുഖങ്ങൾ നൽകാറുണ്ടായിരുന്നു. അവിടെ നടക്കുന്ന കാര്യങ്ങളെല്ലാം ഞാൻ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ടായിരുന്നു. 

മുൻപൊരിക്കൽ ഒരു റേഡിയോ അവാർഡിന് പോയിരുന്നു. അന്ന് ചീഫ് ഗസ്റ്റായി വന്നത് കരീന കപൂറായിരുന്നു. അന്ന് കരീനയ്ക്ക് കിട്ടിയതിലും കൂടുതൽ കൈയ്യടി അവിടത്തെ ബെസ്റ്റ് ആർ ജെയ്ക്ക് ലഭിച്ചിരുന്നു. ഇത് കൊള്ളാലോ പരിപാടിയെന്ന് അന്നേരം എനിക്ക് തോന്നി. യുഎഇയിലെ ആളുകൾ അത്രയും അറ്റാച്ച്ഡാണ് റേഡിയോയുമായി' മീര പറഞ്ഞു.