Flash News

Entertainment


04/10/2023 592

ജാവലിനിൽ ഇന്ത്യക്ക് അഭിമാന നേട്ടം

ഏഷ്യന്‍ ഗെയിംസില്‍ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. നീരജ് ചോപ്ര സ്വര്‍ണം ഉറപ്പിച്ചപ്പോള്‍ കിഷോര്‍ ജെന വെള്ളി സ്വന്തമാക്കി. സീസണിലെ തന്റെ ഏറ്റവും മികച്ച ത്രോയായ 88,88 മീറ്ററിലൂടെയാണ് നീരജ് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നിലനിര്‍ത്തിയത്. വനിതകളുടെ ജാവലിന്‍ സ്വര്‍ണമെഡല്‍ അന്നു റാണി നേടിയതിന് തൊട്ടുപിന്നാലെയാണ് പുരുഷവിഭാഗത്തിലെ ഇന്ത്യന്‍ വീരഗാഥ. 

പുരുഷന്മാരുടെ ജാവലിന്‍ ഫൈനലിന്റെ തുടക്കത്തില്‍ സാങ്കേതിക തകരാര്‍ മൂലം നീരജും കിഷോറും സമ്മര്‍ദ്ദത്തിലായിരുന്നു. സാങ്കേതിക കാരണങ്ങളാല്‍ നീരജിന്റെ ആദ്യ ത്രോ പിഴച്ചതോടെ മത്സരം വൈകി. കിഷോര്‍ ജെനയുടെ രണ്ടാമത്തെ ത്രോയ്ക്ക് തെറ്റായി ഫൗള്‍ വിളിക്കപ്പെട്ടു. എങ്കിലും തുടക്കത്തിലെ തിരിച്ചടികള്‍ മറികടന്ന് ഇരു താരങ്ങളും മെഡലുകള്‍ നേടി ഫിനിഷ് ചെയ്തു.  ജപ്പാന്റെ ഡീന്‍ ജെങ്കി റോഡറിക് 82.68 മീറ്റര്‍ എറിഞ്ഞ് വെങ്കലം നേടി.

പുരുഷവിഭാഗം ജാവലിന്‍ ഫൈനലില്‍ പാതിവഴിയില്‍ മുന്നിട്ടുനിന്നത് കിഷോറാണ്. തന്റെ മികച്ച വ്യക്തിഗത ദൂരമായ 87.54 മീറ്റര്‍ ഉയര്‍ത്തി ജെനയെ സമീപത്ത് നിന്ന് പ്രോത്സാഹിപ്പിക്കുകയായിരുന്നു നീരജ്. ജെന തന്റെ ഏറ്റവും മികച്ച വ്യക്തിഗത റെക്കോര്‍ഡ് കുറിക്കുന്നതിലുള്ള നീരജിന്റെ സന്തോഷം ഹൃദയസ്പര്‍ശിയായ നിമിഷമായിരുന്നു. ഈ വര്‍ഷമാദ്യം തന്റെ കന്നി ലോക ചാമ്പ്യന്‍ഷിപ്പില്‍  ശ്രദ്ധേയ പ്രകടനം നടത്തിയ കിഷോര്‍ ജെന ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ ഒളിമ്പിക്, ലോക ചാമ്പ്യന്‍ നീരജ് ചോപ്രയെ ഭയപ്പെടുത്തിയത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്.